Friday, April 30, 2010

നടക്കാത്ത (നടക്കരുതാത്ത) സ്വപ്നം..



(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'വായനക്കാര്‍ എഴുതുന്നു' എന്ന പംക്തിയില്‍ കെ.രാജഗോപാലന്‍, വടകര  എഴുതിയ കത്ത്..)

കെ.എം.ഷാജാഹാനുമായുള്ള അഭിമുഖം (88 :5)  കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ ഒരു ദശകത്തോളം ഉള്ള കാലഘട്ടത്തിലെ ശ്രദ്ധേയമായ സംഭവങ്ങളുടെ ഓര്‍മ പുതുക്കലായി.  ഷാജഹാന്‍ പറയുന്നതുപോലെ, പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസ്. നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ജനകീയ അടിത്തറ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു.  അന്നോളം ഒരു രാഷ്ട്രീയ നേതാവും ചെന്നിട്ടില്ലാത്ത കൈയേറ്റ ഭൂമികളിലേക്ക് പ്രായം മറന്നുകൊണ്ടുള്ള   സാഹസിക യാത്രകള്‍, പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ പോരാട്ടങ്ങള്‍, എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കെതിരെയും അതിന്റെ ക്രൂരതയ്ക്കിരയായ നിസ്സഹായരായ മനുഷ്യ ജീവികള്‍ക്ക് അനുകൂലമായും എടുത്ത നിലപാടുകള്‍, യു.ഡി.എഫിന്‍റെ കാലത്ത് സ്ഥിരമായി അരങ്ങേറിയ സ്ത്രീ പീഡനങ്ങള്‍ക്ക് എതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത യുദ്ധങ്ങള്‍, ഓണ്‍ലൈന്‍ ലോട്ടറി മാഫിയക്കെതിരെയുള്ള പട നീക്കങ്ങള്‍, ഇവയെല്ലാം തന്നെ സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ ഒരു പാര്‍ട്ടി നേതാവിന്റെ സാഹസികത്വത്തോളം എത്തിനില്‍ക്കുന്ന കര്‍മ പരിപാടികള്‍ തന്നെ ആയിരുന്നു.  എന്നാല്‍, നമ്മുടെ മാധ്യമങ്ങള്‍ പൊതുവേ, ഇക്കാലത്ത് വളര്‍ത്തി എടുത്ത രീതി ജനാധിപത്യ വ്യവസ്ഥ തങ്ങളില്‍ അര്‍പിച്ച മഹത്തായ കടമകള്‍ സത്യസന്ധമായി  നിര്‍വഹിക്കാന്‍ സ്വയം അനുവദിക്കുന്ന തരത്തിലുള്ളതല്ലായിരുന്നു എന്ന് വേദനയോടെ രേഖപ്പെടുത്തെണ്ടിയിരിക്കുന്നു.  സി.പി.ഐ.എമ്മിന്‍റെ സംഘടനാ വിഭാഗത്തിന് പല കാരണങ്ങളാല്‍ ഇടപെടാന്‍ പരിമിതിയുള്ള മേഖലകളിലേക്കാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന സ്ഥാനം ഉപയോഗിച്ച് നിയമ വിധേയമായിതന്നെ, വി.എസ്. കടന്നു കയറിയത്.  ആ അര്‍ത്ഥത്തില്‍ സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം അതിന്റെ സംഘടനാ വിഭാഗവും പരസ്പര പൂരകമായും അങ്ങേയറ്റം ഫലപ്രദമായും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട ആവേശകരമായ ഒരു കാലഘട്ടമായിരുന്നു അത്.  എന്നാല്‍ ഈ കാഴ്ചപ്പാടോടെ സ: വി.എസ്സിന്‍റെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള കര്‍തവ്യ നിര്‍വഹണത്തെ സ്വീകരിക്കുവാന്‍ നിര്‍ഭാഗ്യ വശാല്‍ നമ്മുടെ മാധ്യമങ്ങള്‍ പൊതുവേ തയ്യാറല്ലായിരുന്നു.  അവര്‍ അതിനെ 'വി.എസ്. - പാര്‍ട്ടി പോര്'  എന്നും 'പാര്‍ട്ടി സംഘടനയില്‍ നിന്ന് വി.എസ്. മാറി നിന്ന് പ്രവര്‍ത്തിക്കുന്നു' എന്നും 'പാര്‍ട്ടിയെ വിശ്വാസത്തില്‍ എടുക്കാതെ ആണ് വി.എസ്.പ്രവര്‍ത്തിച്ചത്' എന്നും അപഖ്യാതി പറയുക മാത്രമല്ല, വി.എസ്സിന്‍റെ ലക്‌ഷ്യം പാര്‍ട്ടി പിടിച്ചെടുക്കുകയാണ് എന്നുവരെയുള്ള അതി സാഹസിക നിരീക്ഷണങ്ങള്‍ നിരത്തി, തങ്ങളുടെ ശുദ്ധ ഗതിക്കാരായ വായനക്കാരെ രസിപ്പിക്കുകയും ചെയ്തു.

മറ്റേതു പാര്‍ട്ടിയെയും പോലെ സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അത് സ്വാഭാവികമാണ്.  അത് പോലെ, ഇടതുപക്ഷത് അണിനിരന്ന പാര്ട്ടികലായാലും ഓരോ പാര്‍ട്ടിയിലെയും നേതാക്കളായാലും എല്ലാ കാര്യങ്ങളിലും ഒരേ അളവിലും ഒരേ രീതിയിലും തന്നെയുള്ള അഭിപ്രായങ്ങള്‍ ഉണ്ടാവണമെന്നു നിര്‍ബന്ധം പിടിക്കുന്നതില്‍ അര്‍ഥം ഇല്ല.  ഇന്ത്യന്‍ സാഹചര്യങ്ങളിലെ അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍,  ആ പാര്‍ട്ടികളിലും കുറഞ്ഞ അളവിലാനെന്കിലും നിക്ഷിപ്ത താല്പര്യക്കാര്‍ ഉണ്ടാകും.  പക്ഷെ, സി.പി.ഐ.എം അനുവര്‍ത്തിച്ചു വരുന്ന ഉള്‍പാര്‍ട്ടി ജനാധിപത്യ ശൈലി, അത്തരം നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് അനുഗുണമാം വിധം വളക്കൂറുള്ള മണ്ണ് ഒരുക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിപ്പോരുന്നുണ്ട്.  

നാലാം ലോകത്തിനെതിരെ പാര്‍ട്ടിയിലും പുറത്തും വലിയ ചര്‍ച്ചകള്‍ നടന്നു.  അതിന്റെ അന്ത്യത്തില്‍, നാലാം ലോക പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചയാളെ, അയാള്‍ അഗാധ പണ്ഡിതന്‍ ആയിരുന്നിട്ടു കൂടി പാര്‍ട്ടി പുറത്താക്കി എന്നതല്ലേ, സത്യം?  ഓണ്‍ലൈന്‍ ലോട്ടറി സമ്പ്രദായത്തിനു എതിരെ വി.എസ് ശബ്ദം ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ അതിനെ വിമര്‍ശിച്ചത് തോമസ്‌ ഐസക് ആണെന്ന് ഷാജഹാന്‍ വെളിപ്പെടുത്തുന്നു.  ഇന്നിപ്പോള്‍ അവസ്ഥ എന്താണ്?  അതേ തോമസ്‌ ഐസക് തന്നെ ഓണ്‍ലൈന്‍ ലോട്ടറി ക്കെതിരെ ശക്തമായി  പട നയിക്കുന്നു.  പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ എന്‍ഡോ സള്‍ഫാനെതിരെ പട നയിച്ചുകൊണ്ട് അദ്ദേഹം ആ വിഷം ദുരിതം വിതച്ച സ്ഥലങ്ങളില്‍ എത്തിയപ്പോള്‍, പ്രാദേശിക സി.പി.ഐ.എം നേതൃത്വം സഹകരിച്ചിരുന്നില്ല എന്ന് ഷാജഹാന്‍ വെളിപ്പെടുത്തുന്നു.  ഇന്നിപ്പോള്‍ സ്ഥിതി എന്താണ്?  പര്ട്ടിയോന്നാകെ എന്‍ഡോ സള്‍ഫാന്‍ നിരോധനം ആവശ്യപ്പെടുകയാണ്.  യു.ഡി.എഫിന്‍റെ കൃഷി  മന്ത്രിയായിരുന്ന ഗൌരി അമ്മ എന്‍ഡോ സള്‍ഫാന്‍ പ്രയോഗത്തെ മറയില്ലാതെ ന്യായീകരിക്കുകയും അതിന്റെ ദുരിതം പേറിക്കൊണ്ടു ജീവച്ഛവമായി കഴിയുന്ന നിര്‍ഭാഗ്യവാന്മാരെ ഒന്ന് കാണുവാന്‍ പോലും കൂട്ടാക്കാതിരിക്കുകയും ചെയ്ത സ്ഥാനത്ത്, ഇടതു പക്ഷ സര്‍ക്കാരിന്‍റെ കര്‍മ പരിപാടിയില്‍ മുന്നിട്ടു നിന്നത്, എന്‍ഡോ സള്‍ഫാന്‍ നിരോധനവും ദുരിത ബാധിതര്‍ക്ക് സൌജന്യ ചികിത്സയും അവരെ ശുശ്രൂഷിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള മാനുഷിക സമീപനമല്ലേ?  

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസ്., സ്ത്രീ പീഡകരായ 'നരാധമാന്മാരെ കൈയാമം വെച്ച് നടത്തിക്കും' എന്ന് പ്രഖ്യാപിച്ചു എന്നും എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ആ നിലപാടില്‍ നിന്ന് പിറകോട്ടു പോയി എന്നും, അതിനു തെളിവായി 'ഏതെങ്കിലും സ്ത്രീ പീഡന കേസിന് തുമ്പുണ്ടായോ  ?''എന്നും അഭിമുഖത്തില്‍ ഷാജഹാന്‍ രോഷം കൊള്ളുന്നുണ്ട്.  ഇടതുപക്ഷ ഭരണത്തില്‍ ഇക്കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ കിളിരൂരോ കവിയൂരോ ആവര്‍ത്തിച്ചില്ല എന്ന വസ്തുതയല്ലേ അടിവര ഇടേണ്ടത്?  ഈ സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും നിശ്ചയദാ൪ഢൃ നിലപാടല്ലേ അതിനു കാരണം?  ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ കുറിച്ച് അറിവുള്ള ഒരാള്‍, കോടതിയില്‍ കിടക്കുന്ന സ്ത്രീ പീഡന കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് തുമ്പുന്ടാക്കുവാന്‍ ആയോ എന്ന് ചോദിക്കുന്നത് ബാലിശമല്ലേ?
പ്രതിപക്ഷ നേതാവെന്ന  നിലയില്‍ അന്നോളം ഒരു പ്രതിപക്ഷ നേതാവും പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത അതി സാഹസിക പ്രവര്‍ത്തനങ്ങളാണ് സ്വന്തം പ്രായം പോലും വകവെക്കാതെ വി.എസ്. നടത്തിയത്.  അതിനു അദേഹത്തെ സഹായിച്ചത് കേരളത്തിലെ ഏറ്റവും വലിയ ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവെന്ന പരിഗണനയുടെ ഫലമായി അദ്ദേഹത്തിന് ലഭിച്ച അഭൂതപൂര്‍വമായ ജനപിന്തുണയാണ്.  അതിന്റെ ഫലമായി ഒരു പക്ഷെ, കേരളത്തിലെ അന്നത്തെ ഏറ്റവും സ്വീകാര്യതയുള്ള ജന നേതാവായി അദ്ദേഹം ഉയരുകയും ചെയ്തു.  ആ സ്വീകാര്യത തിരിച്ചറിഞ്ഞത് കൊണ്ടാണ്, സി.പി.എമ്മിന്‍റെ ചരിത്രത്തില്‍ ഒരു പക്ഷെ, ആദ്യമായി, അതിന്റെ അത്യുന്നത നേതൃത്വം ഒരിക്കലെടുത്ത തീരുമാനം തിരുത്താനും, വി,എസ്സിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുവാനും തയ്യാറായത്.  സത്യത്തില്‍, അതുവഴി തെറ്റ് തിരുത്തല്‍ പ്രക്രിയയ്ക്ക് പാര്‍ട്ടിയുടെ പരമോന്നത നേതൃത്വം തന്നെ, ഒരു ദുരഭിമാനവും ഇല്ലാതെ മാതൃക കാണിക്കുകയായിരുന്നു.  പാര്‍ട്ടിയുടെ കീഴ് ഘടകങ്ങള്‍ക്കും ഇതൊരു പാഠം ആയി എടുക്കാവുന്നതാണ്.  
       തീര്‍ച്ചയായും, ഇടതു പക്ഷ ഭരണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ചില കല്ലുകടികള്‍ ഉണ്ടായിരുന്നു.  പിന്നീട് ലാവ്‌ലിന്‍ പ്രശ്നത്തില്‍ പരിണത പ്രജ്ഞനായ നേതാവായിരുന്നിട്ടും പകല്‍ പോലെ വ്യക്തമായ സത്യം സ്വീകരിക്കാന്‍ വി.എസ്. കൂട്ടാക്കാതെ, ദുശ്ശാഠൃങളുമായി നിന്നത്, താല്‍പര കക്ഷികള്‍ക്ക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ സൌകര്യമുണ്ടാക്കി ക്കൊടുത്തു.  ഒടുവില്‍ പാരല മെന്‍റ് സീറ്റ് വീതം വെപ്പിലും ചില പ്രശ്നങ്ങള്‍ ഉണ്ടായി.  ഇതെല്ലാം ജനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട് എന്ന സുപ്രധാന സന്ദേശം അവര്‍ വോട്ടെടുപ്പിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്തു.  ഇപ്പോള്‍, കേരളത്തിലെ ഇടതു പക്ഷ ഭരണ മുന്നണി, ജനങ്ങള്‍ പഠിപ്പിച്ചു കൊടുത്ത പാഠം ശരിക്കും ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതിന്‍റെ തെളിവുകളാണ് തുടര്‍ന്നുണ്ടായ ഒട്ടനവധി ജനോപകാരപ്രദമായ നടപടികള്‍ - ആദിവാസി ഭൂമി വിതരണം, ഇ.എം.എസ്. ഭാവന പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ്, സാമൂഹിക പെന്ഷനുകളുടെ വര്‍ധന, പൊതുവിതരണ മേഖലയിലെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം തടഞ്ഞു നിര്‍ത്താനുള്ള ഫലപ്രദമായ നടപടികള്‍, ഏറ്റവും ഒടുവില്‍, സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട അങ്ങേയറ്റം ജനക്ഷേമ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റ്.  കേരളത്തില്‍ ഇനി അത്താഴ പട്ടിണിക്കാര്‍  ഉണ്ടാവില്ല എന്ന് ഇടതുപക്ഷ സര്‍ക്കാര്‍ ഈ ബജറ്റിലൂടെ ഉറപ്പുവരുത്തിയിരിക്കുന്നു എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഇനി അഭിമാനത്തോടെ പറയാനാവും.  
          ജനവിരുദ്ധ ആഗോള വല്ക്കരനതിനുള്ള  യഥാര്‍ത്ഥ ബദല്‍ ജനപക്ഷ സോഷ്യലിസമാണ് എന്ന ബോധം ജനങ്ങളില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന  കാലമാണിത്..  ഇന്ത്യയില്‍ മാത്രമല്ല. അങ്ങ് യൂറോപ്പിലും, അമേരിക്കാ വന്കരയില്‍പോലും ആ ബദലിനായി ജനങ്ങള്‍ പ്രത്യാശയോടെ ഇന്ത്യയില്‍ ഉറ്റുനോക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും അതിനു നേതൃത്വം നല്‍കുന്ന സി.പി.ഐ.എമ്മിനെയും ആണ്.  ഒഞ്ചിയവും പാലക്കാടും തിരുവനന്തപുരവും ഒക്കെക്കണ്ട് സി.പി.എമ്മില്‍ പിളര്‍പ്പ് ആസന്നമായി എന്ന് സ്വപ്നം കാണുന്നവര്‍ ഈ യാഥാര്‍ത്യത്തെ മറയ്ക്കാനാണ് ശ്രമിയ്ക്കുന്നത്.  പാര്‍ട്ടിയ്ക്ക് വിപ്ലവം പോരാത്തതുകൊണ്ട് 'റവലൂ ഷനരി സി.പി.എം.'  ആണ്  ഒഞ്ചിയത്ത്   ഉണ്ടായത്.  എന്നിട്ട് എന്താണ് ഉണ്ടായതെന്നോ?  കഴിഞ്ഞ പാര്‍ ല മെന്‍റ് തെരഞ്ഞെടുപ്പില്‍ അവര്‍ നിര്‍ത്തിയ സ്ഥാനാ൪ത്ഥിയ്ക്ക് കിട്ടേണ്ട വോട്ടിന്റെ നല്ലൊരു പങ്ക്, കോണ്‍ഗ്രസ്‌ സ്ഥാനാ൪ത്ഥിയ്ക്ക് ലഭ്യമാക്കുകയായിരുന്നു.  അവര്‍ക്കൊപ്പം പോയ ശുദ്ധ ഗതിക്കാര്‍ 'തമ്മില്‍ ഭേദം കോണ്‍ഗ്രസ്‌ ആണ്'  എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.  അതാണ്‌ അവര്‍ നല്‍കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം.  കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ വെച്ച് ഇതേ സംഭവിക്കൂ..  വര്‍ഗഷത്രുവിന്റെ പാളയത്തില്‍ എത്തിച്ചേരുക എന്നത് മാത്രം.  ഇതറിയാവുന്ന, കേരളതില രാഷ്ട്രീയമായി ഏറെക്കുറെ ഉദ്ബുധരായ സാധാരണ ജനങ്ങള്‍ അവരുടെ ഏക പ്രത്യാശയായ സി.പി.എമ്മില്‍ ഒരു പിളര്‍പ്പ്,  ആരാഗ്രഹിച്ചാലും അനുവദിക്കുവാന്‍ പോകുന്നില്ല.  വി.എസ്സിന് ആ തിരിച്ചറിവുണ്ട്.  ഷാജഹാന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യം ആകാന്‍  പോകുന്നില്ല എന്ന് ചുരുക്കം.  

3 comments:

  1. Well Said Rajesh

    ReplyDelete
  2. സുഹൃത്തേ...ഈ കത്ത് ഞാന്‍ മാത്രുഭൂമിയിലുമ് ശ്രദ്ധിച്ചിരുന്നു, ഒന്ചിയത്ത് രൂപംകന്ട ബദലിന്റെ പേര്...''രേവോലുറേനരി സി.പി.ഐ.എമ്മ'' എന്നല്ല...മാര്ക്ഷിസ്ട രേവോലുറേനരി എന്നാണു..പാലക്കാട്ട് ജനകീയ വികസന സമിതിയും..ഇത്തരത്തില്‍ കാര്യം മനസ്സിലാക്കാതെ ആധികാരികതയുടെ ഇദ്ദേഹം പറഞ്ഞത് ശരിയായില്ല..പിന്നെ ഞാന്‍ വി.എസ്സിന്റെയോ പിനരായുടെയോ വക്താവ് അല്ല...അതിനാല്‍ തന്നെ അടുത്തലക്കം മാത്രുഭൂമിയില് വന്ന എന്‍.എം.പിയെര്സോനിന്റ്റ് ലേഖനം വായിക്കെനമെന്നഭ്യര്തിക്കുന്നു..

    ReplyDelete
  3. ഒഞ്ചിയത്ത് രൂപം കൊണ്ട 'സംഘടന' യുടെ പേര് 'മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി' എന്ന് മാത്രമാണ്.. അവരുടെ പോഷക സംഘടനകള്‍ പേരിന്‍റെ കൂടെ 'revolutionary ' എന്ന് ചേര്‍ക്കാറുണ്ട്.. ഉദാ: DYFI (revolutionary ). പിയെഴ്സന്‍ ന്റെ ലേഖനം വായിച്ചു.. അര്‍ദ്ധ സത്യങ്ങളും ഊഹങ്ങളും മനോരമ ലോജിക്കും മാത്രമുള്ള ഒരു സാധാരണ മാതൃഭൂമി ലേഖനം എന്ന് മാത്രം തോന്നി..

    ReplyDelete