Monday, February 9, 2009

CPI(M) : എന്റെ പക്ഷം കേള്‍ക്കുക..

"അതുകൊണ്ട് വി.എസ്സിനെ പുറത്താക്കുക" എന്ന തൊട്ടു മുന്‍പത്തെ പോസ്റ്റിനെ പറ്റിയുള്ള കാളിദാസന്റെ വിമര്‍ശനങ്ങളോട് എന്റെ പ്രതികരണം:
1. ഞാന്‍ ഒരു പാര്ട്ടി മെമ്പര്‍ അല്ല. എന്റെ കണ്ണ് മൂടി കെട്ടിയിട്ടും ഇല്ല.. മെമ്പര്‍ ആകുവാന്‍ ആഗ്രഹവും ഇല്ല.. കാരണം, ഒരു പാര്ട്ടി മെമ്പര്‍ ആകുമ്പോള്‍, ശരിയല്ല എന്ന് വ്യക്തിപരമായി തോന്നുന്ന ചില കാര്യങ്ങള്‍ (സംഘടനയുടെ ശരികള്‍) നമുക്കു ചെയ്യേണ്ടി വരും.. അത് എന്റെ മനസ്സു അനുവദിക്കില്ല.. അങ്ങനെ ചെയ്യേണ്ടി വരുന്നതു സംഘടനാപരമായി തെറ്റാണെന്ന് അഭിപ്രായമില്ല.. ഒരു സംഘടനയ്ക്ക് അങ്ങിനെയേ ചെയ്യാന്‍ കഴിയൂ.. പല വര്‍ഗ ബഹുജന സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.. എന്റെ സംഘടനാ ജീവിതം ആകെ ഒരു നിശിത വിമര്‍ശകന്റെ റോളിലാണ് ഞാന്‍ കഴിഞ്ഞു പോന്നിട്ടുള്ളത്.. പക്ഷെ, ഈ സംഘടനയാകെ കുഴപ്പമാണ്, ഈ സംഘടനയ്ക്ക് ജീവനില്ല, ഇതൊരു പിന്തിരിപ്പന്‍ സംഘടനയാണ്, ചിലര്‍ സംഘടനയെ നശിപ്പിക്കുവാനും മറ്റു ചിലര്‍ സംഘടനയെ രക്ഷിക്കുവാനും സംഘടിതമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു തുടങ്ങിയ 'മനോരമ' മോഡല്‍ വിമര്‍ശനങ്ങളെ അനുഭവത്തിന്റെ വെളിച്ചതില്‍ ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം തള്ളിക്കളയുന്നു..
2. സോവിയറ്റ് യൂണിയന്‍ വീണതിനു ശേഷം ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് വലിയൊരു പ്രതിസന്ധി വന്നു ഭവിച്ചിട്ടുണ്ട്. മാതൃകയെന്ന് കരുതിയ ഒരു ഘടന തകര്‍ന്നപ്പോള്‍ സ്വന്തം രാഷ്ട്രീയ പാത കണ്ടെത്താന്‍ വളരെയധികം ഊര്‍ജം അവര്ക്കു ചെലവഴിക്കേണ്ടി വന്നു.. പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച നിരാശയും ചില്ലറയല്ല.. പ്രത്യയ ശാസ്ത്ര നിലപാടുകളില്‍ സംഘടനാപരമായും വ്യക്തിപരമായും വന്നുപെട്ട വ്യതിചലനങ്ങള്‍ ചരിത്രത്തിന്റെ നൈരന്തര്യവുമായി ബന്ധപ്പെട്ടതാണ്.. ഇതിനൊപ്പം വന്നുപെട്ട ആഗോളവല്‍ക്കരണത്തിന്റെ കൊടും കാറ്റിനെയും ചേര്‍ത്തുവെച്ചു വായിക്കുക.. എല്ലാ വിധ പുരോഗമന പ്രത്യയ ശാസ്ത്രങ്ങളെയും നന്മകള്‍ നിറഞ്ഞ ജനതകളെയും സംഘടനകളെയും സമരം, സംഘര്‍ഷം, കലാപം തുടങ്ങിയ ആശയങ്ങളെയും ആഗോളവല്‍ക്കരണം ഏത് തരത്തില്‍ മാറ്റി തീര്ത്തു എന്നത് പഠിക്കേണ്ടത് തന്നെയാണ്.. ബൂര്‍ഷ്വാ ജനാധിപത്യ രീതിയില്‍ കൂടി ഒരു രാഷ്ട്രീയ പാത തെരഞ്ഞെടുത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ ചരിത്രപരമായ കൊടും കാലത്തെ അതിജീവിക്കുന്നതിനിടയില്‍ വലിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.. ഈ പരിക്കുകള്‍ സംഘടനാപരമായി തന്നെ പരിഹരിക്കാവുന്നതെ ഉള്ളൂ.. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്നതിനു വേണ്ടി സായാഹ്ന ധര്‍ണ നടത്തുന്ന DYFI രീതിയെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്.. അതുപോലെ പണിമുടക്ക്‌ എന്ന സമര രീതി ആഗോള വല്‍കൃത സാഹചര്യങ്ങളില്‍ എത്ര മാത്രം ലക്ഷ്യത്തില്‍ എത്തുന്നുണ്ട് എന്നും ചര്ച്ച ചെയ്തിട്ടുണ്ട്.. പക്ഷെ, സമര രംഗത്ത് നിലനില്‍ക്കുക എന്ന ചരിത്രപരവും പ്രത്യശാസ്ത്രപരവുമായ ബാധ്യതകള്‍ നിറവേറ്റുന്നതിനായി ഇവയെങ്കിലും ചെയ്യാതിരുന്നാല്‍ അതും വലിയ പാതകമാവും.. പുസ്തകങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ടു മാത്രം നിര്‍ധാരണം ചെയ്തെടുക്കാവുന്ന അവസ്ഥകളല്ല, ഇവയൊന്നും.. മറ്റൊന്ന്: AKG യും രണദിവെയും EMS ഉം കൃഷ്ണപിള്ളയും ഒന്നും നേരിട്ട ഒരു അവസ്ഥയല്ല, സുര്‍ജിത്തും കാരാട്ടും പിണറായിയും ബുദ്ധദേവും ഒന്നും നേരിടുന്നത്‌.. അധികാരത്തില്‍ ഇരിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ ഈ അവസ്ഥയെ നേരിടുന്നത്‌ ദുഷ്കരം തന്നെയാണ്.. കേരളത്തില്‍ പ്രത്യേകിച്ചും.. പഴയ കാലത്തു ശത്രു പ്രത്യക്ഷതിലാണ്... ഇന്നു ശത്രു എല്ലായിടത്തും, അരൂപിയായി, നമ്മള്‍ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും ഇടങ്ങളിലും നമ്മെ ആക്രമിച്ചുകൊണ്ടേ ഇരിക്കുന്നു... ഈ അവസ്ഥയില്‍ പാര്‍ട്ടി ഒരു പരിധി വരെ സഹതാപവും അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നു.. അതുകൊണ്ട് തന്നെ, ഒരിക്കലും തോന്നാത്ത തരത്തില്‍ ഒരു സ്നേഹം ഈ പാര്‍ട്ടിയോട് എനിക്ക് ഇപ്പോള്‍ തോന്നുന്നു.. (ഞാന്‍ ഒഞ്ചിയം നിവാസിയാണ്.. അവിടെ എല്ലാ കാലവും ഞാന്‍ കലഹിച്ചു കൊണ്ടിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ 'തെളിഞ്ഞ' മാര്‍ക്സിസ്റ്റുകള്‍ ആയി മാറിയിരിക്കുന്നു.. ഞാനോ, ഇങ്ങനെയും.. ഒഞ്ചിയം പ്രശ്നത്തില്‍ പത്രങ്ങള്‍ പറയുന്നതിനേക്കാള്‍ അപ്പുറത്ത് ചില അടിയൊഴുക്കുകള്‍ ഉണ്ട്.. പിന്നെയൊരിക്കല്‍ പറയാം)
3. വി.എസ്സിനെ പുറത്താക്കിയാല്‍ പാര്‍ട്ടി നന്നാകുമോ എന്ന് അനില്‍ ചോദിക്കുന്നു.. എതിരാളികളോട് നിന്നെതിര്‍ക്കുവാന്‍ എങ്ങിനെയെങ്കിലും ഉള്ള ഒരു പാര്‍ട്ടി മതിയോ എന്ന് കാളിദാസനും.. നിഷ്കളങ്കമെന്നു തോന്നിയേക്കാവുന്ന അപകടകരമായ ഒരു ചോദ്യമാണ് ഈ ചോദ്യം.. പാര്‍ട്ടിയ്ക്ക് ' നല്ലത്' എന്ന് പറയാവുന്ന ഒരു അവസ്ഥ സാധ്യമാനെന്നാണ് ആദ്യത്തെ മുന്‍‌വിധി.. ഇതു തെറ്റാണ്.. വ്യക്തികളുടെ ഒരു കൂട്ടായ്മ എന്ന നിലയില്‍ പാര്‍ട്ടിയ്ക്ക് തെറ്റുകള്‍ പറ്റുവാന്‍ സാധ്യത ഏറെയാണ്‌.. ഒരര്‍ത്ഥത്തില്‍ നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുന്ന മാതൃകാ വ്യക്തികള്‍ ചേര്ന്ന സംഘടന എന്നൊക്കെ പറയുന്നതു വെറുമൊരു ഗാന്ധിയന്‍ സ്വപ്നം മാത്രമാണ്.. പ്രായോഗികമായി പറഞ്ഞാല്‍, തെറ്റ് വരാതിരിക്കുവാന്‍ ശ്രമിക്കുന്ന, പറ്റിയ തെറ്റുകള്‍ സ്വയം വിമര്‍ശന പരമായി തിരുത്തുകയും കൂട്ടായി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ഒരു സംഘടന ആപേക്ഷികമായി ഏറെക്കുറെ സമൂഹത്തെ മുന്നോട്ടു നയിക്കും എന്ന് കരുതാം.. അപ്പോഴും ഈ സംഘടന ' നല്ലത്' ആകുന്നില്ല.. അപ്പോഴും പിന്തിരിപ്പന്‍ നയങ്ങളും പിന്തിരിപ്പന്‍ നേതാക്കളും ഒക്കെ ഈ സംഘടനയുടെ ഭാഗമായി ഉണ്ടാവാന്‍ സാധ്യതയുണ്ട്.. കാരണം, ചില തെറ്റുകള്‍ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ മാത്രം തിരുത്തപ്പെടാവുന്നതാണ് .. അതുകൊണ്ട്, 'നല്ല' സംഘടന എന്നാല്‍, നല്ലത് മാത്രം ചെയ്യുന്നതും 'നല്ല' ആള്‍ക്കാര്‍ ഉള്‍പ്പെടുന്നതും ആയ സംഘടന അല്ല, മറിച്ചു, സ്വാഭാവികമായി തെറ്റുകള്‍ വന്നുപെടാന്‍ സാധ്യതയുള്ള, എന്നാല്‍ തിരുത്താനുള്ള ഇച്ചാശക്തിയുള്ള ഒരു സംഘടനയാണ്.. അത് CPIM നു നഷ്ടപ്പെട്ടു എന്ന് കരുതുന്നത് സംഘടനയെ അറിയാത്തതുകൊണ്ടാണ്‌.. CPIM തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുക തന്നെ ചെയ്യും.. കോണ്ഗ്രസ്, മുസ്ലിം ലീഗ് എന്നിവ പോലെ ഒരു പാര്‍ട്ടി അല്ല ഇതെന്ന് കാളിദാസനു ബോധ്യപ്പെടുക തന്നെ ചെയ്യും..
4. കട്ടന്‍ ചായയും പരിപ്പുവടയും മുറി ബീഡിയും കാലൊടിഞ്ഞ ബെഞ്ചും മുഷിഞ്ഞ വസ്ത്രവുമൊക്കെ നല്ല ഗൃഹാതുരത്വം തരുന്ന വാക്കുകളാണ്.. ചിന്തിക്കുന്നവരെ ഇത്തരം ഗൃഹാതുരത്വത്തില്‍ കുടുക്കിയിടാന്‍ മാധ്യമങ്ങള്‍ കൊണ്ടു ശ്രമിച്ചത് വിജയിച്ചു എന്ന് തന്നെ വേണം കരുതാന്‍.. ഇതൊന്നു വായിച്ചുനോക്കൂ:

ഞങ്ങള്‍ പാര്‍ട്ടിയെ നന്നാക്കിതരാം..

5. ഇനി പാര്‍ട്ടി ഒരുപാടു സ്വത്തുക്കള്‍ ഉണ്ടാക്കിക്കൂട്ടുന്നു, നേതാക്കള്‍ മാനജര്‍മാരാവുന്നു, മുതലാളിമാരുമായി ചങ്ങാത്തമാവുന്നു, പാര്‍ക്ക് ഉണ്ടാക്കുന്നു, സൌധങ്ങള്‍ കെട്ടുന്നു.. എ.ഡി.ബി, വേള്‍ഡ് ബാങ്ക് : ഒരുപാടു തവണ പലരും വിശദീകരിച്ച കാര്യങ്ങള്‍ തന്നെ..
പാര്‍ട്ടി ഒരു ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഞാനും എതിര്‍ത്തതാണ്.. ബംഗാളില്‍ പോലും ഒരു ചാനല്‍ ഇല്ല, പിന്നെന്തിനാണ് ഇവിടെ? വലിയ ധന സമാഹരണം എങ്ങിനെ നടക്കും? ഇതൊക്കെ എനിക്കും തോന്നിയിരുന്നു.. എതിര്പ്പുള്ളതിനാല്‍ ഞാന്‍ ഷെയര്‍ എടുത്തില്ല.. പക്ഷെ, ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന മാധ്യമ പേക്കൂത്തുകള്‍ കാണുമ്പോള്‍, അതിന്റെ ഉള്ളറകള്‍ വെളിപ്പെടുമ്പോള്‍, പാര്‍ട്ടി അന്ന് എടുത്ത തീരുമാനം എത്രയോ ശരിയായിരുന്നു എന്ന് എനിക്ക് തോന്നുന്നു.. കൈരളി കണ്ണ് തുറന്നിരുന്നിട്ടു തന്നെ പച്ചക്കള്ളങ്ങളും fabricated വാര്‍ത്തകളും എത്രയാണ് വരുന്നതു!! ആ ചാനല്‍ ഇല്ലായിരുന്നെങ്കിലോ? ഇവരൊക്കെ എന്തൊക്കെ കാട്ടിക്കൂട്ടുമായിരുന്നു! കാരണം, ഇതു കേരളമാണ്.. ഭക്ഷണത്തിനൊപ്പം വാര്‍ത്തകളും ഭക്ഷിക്കുന്നവര്‍.. വാര്‍ത്തകള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവര്‍.. പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ വെറുപ്പ്‌ ഉല്പാദിപ്പിക്കുന്ന മാധ്യമ ഫാക്ടരികള്‍ക്ക് കൈരളി ഉള്ളതിനാല്‍ അല്പമൊക്കെ സംയമനം ഉണ്ട്..
6. VS മാത്രമല്ല, ഒരുപാടു പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍ ഉള്‍പെടെ അഴിമതിയ്ക്ക് എതിരെ പൊരുതുന്നുണ്ട്.. പക്ഷെ, അതൊന്നും താന്‍ പാര്‍ട്ടിയേക്കാള്‍ വലിയവനാണെന്ന് തോന്നിയിട്ടല്ല.. സംഘടന ഉണ്ടെങ്കിലേ പോരാട്ടങ്ങള്‍ക്ക് അര്ത്ഥം ഉണ്ടാവൂ. സംഘടനയെ സ്വന്തം അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന കാരണത്താല്‍ ബ്ലാക്ക്‌ മെയില്‍ ചെയ്യാം എന്ന ധാരണ എത്ര വലിയ നേതാവായാലും ഭൂഷണമല്ല.. സ്വന്തം ജീവിതകാലത്ത് തന്നെ സ്വപ്‌നങ്ങള്‍ ഒക്കെ നടക്കണം എന്ന് തോന്നുന്നയാള്‍ ചരിത്രമറിയാത്ത 'മന്ദബുദ്ധി' തന്നെയാണ്.. തനിക്ക് ശേഷവും ഇവിടെ സംഘടന, പോരാട്ടങ്ങള്‍, അഴിമതി, അഴിമതി വിരുദ്ധത എന്നിവയൊക്കെ ഉണ്ടാവും എന്ന ചരിത്രപരമായ വിനയം സംഘടനാപരമായി സൂക്ഷിക്കാന്‍ കഴിയാത്തവര്‍ അപ്പോള്‍ കമ്മ്യൂണിസ്റ്റ് എന്ന പേരിനു അര്‍ഹരല്ലാതായി തീരും.. VS നെ ചിലര്‍ ആള്ദൈവമായി കൊണ്ടുനടക്കുന്നതിനാലാണ് പിണറായിയെ മറ്റു ചിലര്‍ അതേ രീതിയില്‍ തന്നെ തിരിച്ചടിക്കായി ഉപയോഗിക്കുന്നത്.. ഇ.പി. ജയരാജന്‍ പ്രസംഗിച്ചത് ഒരു നാലഞ്ചു വാചകങ്ങള്‍ എങ്കിലും സംപ്രേഷണം ചെയ്യാനുള്ള മാന്യത ഒരു മാധ്യമവും കാണിച്ചില്ല.. വിമര്‍ശന വിധേയമായ ഈ ഒരൊറ്റ വാചകം മാതമാണ് കാവ്യയുടെ കല്ല്യാണം മിനുട്ടുകളോളം കാണിച്ച മാധ്യമങ്ങള്‍ കാണിച്ചത്.. ഇതില്‍ ഒരു അനീതിയുണ്ട്.. പിണറായി ആണ് പ്രസ്ഥാനം എന്നുള്ളത് ഒരാളും അംഗീകരിക്കില്ല.. പിന്നെ, എറിയാന്‍ ഏത് കല്ലും ഉപയോഗിക്കുന്നവര്‍ക്ക് മാധ്യമങ്ങള്‍ ഉദാരമായി കല്ലുകള്‍ സപ്ലൈ ചെയ്യുന്നു എന്നതിന്റെ തെളിവായെ ഞാന്‍ ഇതിനെ കാണുന്നുള്ളൂ..
7. ഒരു കമ്മ്യൂണിസ്റ്റ് രണ്ടു കത്തികള്‍ കരുതണമെന്നാണ്.. ഒരു കത്തി ശത്രുവിനെ എതിരിടാനുള്ളത്; മറ്റേതു പാര്‍ട്ടിക്കുള്ളിലെ തെറ്റുകളെ എതിര്‍ക്കുവാനുള്ളത്.. തിരിച്ചറിവുള്ള ഒരു കമ്മ്യൂണിസ്റ്റ് ഇങ്ങനെ ആയിരിക്കണം.. ഇതു അച്ചില്‍ ഉണ്ടാക്കിയ ഒരു മാതൃകയോന്നുമല്ല.. ചരിത്രപരമായ ഓരോ ഘട്ടങ്ങളിലും കത്തിയുടെ മൂര്‍ച്ച കൂടിയും കുറഞ്ഞുമിരിക്കും.. അതൊന്നും സംഘടനയെ നിഷേധിക്കുവാന്‍ കാരണമല്ല.. സംഘടന കാലത്തെ അതിജീവിക്കും.. കാരണം കാലത്തിനനുസരിച്ച് നവീകരിക്കുവാന്‍ സാധ്യതയുള്ള ഒരു പ്രത്യശാസ്ത്രവും സംഘടനയും ഇതു മാത്രമേയുള്ളൂ..
8. എല്ലാം ഭദ്രമാണെന്ന് അഭിപ്രായമില്ല.. എല്ലാം നശിച്ചു എന്നും അഭിപ്രായമില്ല.. പ്രതീക്ഷയാണ് എന്നെയും പാര്‍ട്ടിയോട് ഒപ്പമുള്ളവരെയും നയിക്കുന്നത്... അത് അങ്ങിനെയാണ് .. അത് അങ്ങിനെ തന്നെ ആയിരുന്നു.. മാധ്യമങ്ങള്‍ ഒരുക്കുന്ന ഗൃഹാതുരത്വ കട്ടന്‍ ചായയില്‍ മയങ്ങി പോകാത്തവര്‍ക്ക് ഇതു തിരിച്ചറിയാന്‍ കഴിയും..

12 comments:

  1. "എല്ലാം ഭദ്രമാണെന്ന് അഭിപ്രായമില്ല.. എല്ലാം നശിച്ചു എന്നും അഭിപ്രായമില്ല".
    അതാണ് ശരി. തെറ്റുകള്‍ തിരുത്തി മുന്നോട്ട് ഗമിക്കാന്‍ പാര്‍ട്ടിക്കാവട്ടെ .

    ReplyDelete
  2. വളരെ നന്നായി എഴുതിയിരിക്കുന്നു. മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കട്ടെ.

    ReplyDelete
  3. കാട്ടുകോഴിFebruary 9, 2009 2:59 PM

    "ഞാന്‍ ഒരു പാര്ട്ടി മെമ്പര്‍ അല്ല. എന്റെ കണ്ണ് മൂടി കെട്ടിയിട്ടും ഇല്ല.. മെമ്പര്‍ ആകുവാന്‍ ആഗ്രഹവും ഇല്ല.. കാരണം, ഒരു പാര്ട്ടി മെമ്പര്‍ ആകുമ്പോള്‍ ശരിയല്ല എന്ന് വ്യക്തിപരമായി തോന്നുന്ന ചില കാര്യങ്ങള്‍ നമുക്കു ചെയ്യേണ്ടി വരും.. അത് എന്റെ മനസ്സു അനുവദിക്കില്ല.. അങ്ങനെ ചെയ്യേണ്ടി വരുന്നതു സംഘടനാപരമായി തെറ്റാണെന്ന് അഭിപ്രായമില്ല.. ഒരു സംഘടനയ്ക്ക് അങ്ങിനെയേ ചെയ്യാന്‍ കഴിയൂ..

    2009 നല്ലോരു തമാശ. അപ്പോ അങ്ങനെ സാധാരണ ശരിയല്ല എന്നു തോന്നുന്ന കാര്യങ്ങള്‍ പാര്‍ട്ടിക്കുവേണ്ട് മെംബര്‍മാര്‍ ചെയ്യാറുണ്ട്. പിണറായിയുടെ മനസ്സനുവദിക്കുന്ന കുടെകാര്യങ്ങള്‍ അങ്ങോര്‍ ചെയ്തു. പാര്‍ട്ടിമെംബറായതു കൊണ്ട് മനസ്സു പൂര്‍ണ്ണമായും അടിമപ്പെടുത്താത്ത ചിലര്‍ അതിനെ എതിര്‍ക്കുന്നു.

    ഈ മെംബര്‍ഷിപ്പെടുത്തു കഴിയുമ്പോള്‍ ചെയ്യെണ്ടി വരുന്ന തെറ്റായ ചില കാര്യ്ങ്ങലേക്കുറിച്ച് ഒരു ഉപന്യാസ്സം പ്രതീക്ഷിക്കുന്നു.

    പിന്നെ ആ‍ഹാര‍ത്തോടൊപ്പം മദ്യം പിന്തുണക്കാര്‍ക്കും ആകാമോ?

    ReplyDelete
  4. "CPIM തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുക തന്നെ ചെയ്യും.. കോണ്ഗ്രസ്, മുസ്ലിം ലീഗ് എന്നിവ പോലെ ഒരു പാര്‍ട്ടി അല്ല ഇതെന്ന് കാളിദാസനു ബോധ്യപ്പെടുക തന്നെ ചെയ്യും.."

    "എല്ലാം ഭദ്രമാണെന്ന് അഭിപ്രായമില്ല.. എല്ലാം നശിച്ചു എന്നും അഭിപ്രായമില്ല.. പ്രതീക്ഷയാണ് എന്നെയും പാര്‍ട്ടിയോട് ഒപ്പമുള്ളവരെയും നയിക്കുന്നത്.."

    പരിധികളും കണക്കുകളുമില്ലത്ത പ്രതീക്ഷ ഭീരുത്വം കലര്‍ന്ന നിരുത്തരവാദിത്ത്വമല്ലെ. പാവപ്പെട്ടവന്റെ ആത്മാവ് കുടികൊള്ളുന്ന ഈ പാര്‍ട്ടിയെ ഒരുസംഘം നേതാക്കള്‍ ഹൈജാക്ക് ചെയ്ത് നാശത്തില്‍‌നിന്നും നാശത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് ഓശാന പാടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു പ്രദേശിക ഘടകങ്ങള്‍. വിനാശകരമായ പ്രവണതകളെ പാര്‍ട്ടിക്കുള്ളില്‍‌ നിന്നുകൊണ്ടെതിര്‍ക്കുന്ന സഖാക്കളെ "റോഡില്‍ മൂത്രമൊഴിച്ചു", "ഹര്‍ത്താലിന് പശുവിനെ കറന്നു" എന്ന മട്ടിലുള്ള ഭീകര പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പുറത്താക്കിക്കൊണ്ടിരിക്കുന്നു. ഹൃദയത്തില്‍ കത്തിയിറക്കുന്ന വേദനയോടെ പര്‍ട്ടിയെ വിമര്‍ശിക്കുന്ന സഖാക്കളെ യു ഡി എഫ് ന്റെയും അമേരിക്കയുടെയും പിണിയാളുകളായി മുദ്ര കുത്തുന്നത് നേതാക്കളുടെ നിലനില്‍‌പ്പിന്റെ രാഷ്ടീയം. കോണ്‍ഗ്രസില്‍‌നിന്നും ലീഗില്‍‌നിന്നും CPM നെ തിരിച്ചറിയാനുള്ള വിവേകം പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കുണ്ട്. കണ്ണൂരില്‍ വെറും കൈലിമുണ്ടും തോര്‍ത്തുമായി പാര്‍ട്ടിക്ക് പോസ്റ്ററൊട്ടിക്കാന്‍ പോയ സഖാക്കളെ സംഘപരിവാറുകളുടെ കത്തിപ്പിടിയില്‍‌നിന്നും രക്ഷിക്കാന്‍ അവരുടെ അമ്മമാര്‍ മുത്തപ്പനു കള്ളു നേര്‍ന്ന് കാത്തിരിക്കുമ്പോള്‍, തോക്കുമായി ഊരു ചുറ്റുന്നു ധീരന്‍ പാര്‍ട്ടി സെക്രട്ടറി. താങ്കള്‍ പറഞ്ഞപോലെ ആഗോളവല്‍ക്കരണത്തിന്റെ കൊടുങ്കാറ്റിനെ ചരിത്രത്തിന്റെ നൈരന്തര്യവുമായി ചേര്‍ത്തു വായിച്ചിട്ടും സാന്റിയാഗൊ മാര്‍ട്ടിനെയും ഫാരിസ് അബൂബക്കറിനെയും ലിസിനെയും മുരളീധര സ്നേഹത്തെയും ഒന്നും തൊണ്ട തൊടാതെ വിഴുങ്ങാനുള്ള ദഹനരസം ഉദ്പാദിപ്പിച്ചു കിട്ടുന്നില്ല സഖാവെ. തെറ്റുകള്‍ തിരുത്തപ്പെടുമെന്ന താങ്കളുടെ പ്രതീക്ഷ ഞങ്ങളെപ്പോലുള്ളവര്‍ക്കുമുണ്ട്. അതിനു വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നതും.

    ReplyDelete
  5. ഈ മെംബര്‍ഷിപ്പെടുത്തു കഴിയുമ്പോള്‍ ചെയ്യെണ്ടി വരുന്ന തെറ്റായ ചില കാര്യ്ങ്ങലേക്കുറിച്ച് ഒരു ഉപന്യാസ്സം പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. ഞാന്‍ എഴുതിയത് തെറ്റിധരിക്കപ്പെട്ടോ?
    ചില കാര്യങ്ങളില്‍ നമുക്കു ഒരു അഭിപ്രായം ഉണ്ടാവും.. എന്നാല്‍ ചിലപ്പോള്‍ സംഘടന ഈ കാര്യത്തില്‍ കൂട്ടായി എടുക്കുന്ന തീരുമാനം നമ്മുടെ വ്യക്തിപരമായ അഭിപ്രായത്തിന് നേര്‍ വിപരീതം ആയിരിക്കും.. അപ്പോള്‍ ഒരു പാര്ട്ടി മെമ്പര്‍ വ്യക്തിപരമായ തീരുമാനത്തിന് പകരം സംഘടനാ തീരുമാനത്തിന് വിധേയമായി വര്‍ത്തിക്കണം എന്നതാണ് അംഗീകരിക്കപ്പെട്ട രീതി.. അങ്ങിനെ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്.. അതിന് ഒരു പാടു കാരണങ്ങള്‍ ഉണ്ട്..
    ഇത്രയുമാണ് ഞാന്‍ പറഞ്ഞതു..
    തെറ്റിധാരണ നീങ്ങി എന്ന് കരുതട്ടെ..

    ReplyDelete
  7. വല്ലാതെ കുഴങ്ങുന്നു രാജേഷ്...വിനയത്തില്‍ പുരട്ടിയ ഒരു അഭിനവ മാര്‍ക്സിസ്റ്റ് കാരന്റെ ധാര്‍ഷ്ട്യം (നന്മനിറഞ്ഞതല്ല)ഉത്തരങ്ങളിലുടനീളം കാണാം.വിമര്‍ശിക്കുന്നവരെ സ്നേഹിക്കാന്‍ പഠിക്കൂ രാജേഷ്..വിമര്‍ശനങ്ങള്‍ക്കതീതമായി ഈ ഭൂമിയില്‍ എന്തെങ്കിലും ഉണ്ടോ?എല്ലാം പാര്‍ട്ടിയെ സംരക്ഷിക്കാന്‍ വേണ്ടിയാണ്, പാര്‍ട്ടിക്കു വേണ്ടിയാണ് എന്നു പറയുമ്പോള്‍ , എന്തിനു വേണ്ടിയാണ് ഈ പാര്‍ട്ടി എന്ന് പറയൂ രാജേഷ്..മനുഷ്യനാവണം പാര്‍ട്ടിയെക്കാള്‍ വലുത്.. ഞാനും രാജേഷും അടങ്ങുന്ന മനുഷ്യവര്‍ഗ്ഗം...പാര്‍ട്ടികള്‍ സെക്കന്ററി മാത്രം..ഞാന്‍ രാജേഷിനെ സ്നേഹിക്കുന്നത്രയും, എന്നെ രാജേഷ് സ്നേഹിക്കുന്നത്രയും ഒരു പാ‍ര്‍ട്ടിയെയും നമ്മള്‍ രണ്ട് പേരും സ്നേഹിക്കരുത്..നമുക്ക് കത്തികള്‍ വേണ്ട രാജേഷ്...നമുക്ക് വേണ്ടത് മനുഷ്യ സ്നേഹം, എല്ലാവര്‍ക്കും നല്ല ജീവിതം, നല്ല ബന്ധങ്ങള്‍, എല്ലാ‍വര്‍ക്കും സന്തോഷം, നല്ല രാജ്യം..അതു തരാന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിയില്ല രാജേഷ്..നമ്മള്‍ മനുഷ്യര്‍ ഒത്തുകൂടി ചര്‍ച്ച ചെയ്യാം രാജേഷ്.. വരൂ...

    ReplyDelete
  8. ചില മാര്‍ക്സിസ്റ്റ് ലൈനുകള്‍

    യാത്ര എവിടെ വരെയായി?
    “അസംബന്ധം”
    മഞ്ഞളാം കുഴി അലി എവിടെ?
    “അസംബന്ധം”
    ബി ജെ പി ക്കരാണോ മങ്ക്ടയില്‍ കരിംകൊടി കെട്ടിയത്?
    “അസംബന്ധം...
    തന്റെ മാധ്യമ സ്ഥാപനം ഏതാ‍? നിങ്ങള്‍ അസംബന്ധം മാത്രമേ എഴുതൂ? എല്ലാ മധ്യമങ്ങളും ഒരു പോലെ എഴുതുന്നു എന്ന്തു തന്നെ അസംബന്ധം
    അസംബന്ധം..
    അസംബന്ധം...
    അസംബന്ധം....

    ReplyDelete
  9. ചുള്ളിക്കാടിന്റെ ഗൌരീ...

    തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
    അവരായി പിന്നെ അധികാരവര്‍ഗ്ഗം
    അധികാരമപ്പോള്‍ തൊഴിലായി മാറും
    അതിനുള്ള കൂലി അധികാരി വാങ്ങും...!!

    please do hear the previous four lines too, if you have enough time.

    ReplyDelete
  10. ചങ്കെടുത്ത് കാണിച്ചാലും മുറിച്ചത് ക്ലിനിക്കല്‍ പെര്‍ഫെക്ഷനോടെയോ എന്ന് തിരയുന്ന ലോകം. :( ക്ഷമിക്കുക രാജേഷ്.

    ReplyDelete
  11. ഒരു പാര്‍ട്ടി അനുയായിക്ക് ഇത്രമേല്‍ കാപട്യം.. അപ്പോള്‍ പാര്‍ട്ട് മെംബര്‍ക്കോ?....

    ReplyDelete