Wednesday, February 4, 2009

അത് കൊണ്ടു വി.എസ്സിനെ പുറത്താക്കുക!

വി.എസ്.അച്ചുതാനന്ദന്‍ കേരളത്തിലെ സമുന്നതനായ ഇടതുപക്ഷ നേതാവാണ്‌. അദ്ദേഹത്തിന്റെ സമര പാരമ്പര്യം അദ്വിതീയമാണ്. നല്ലൊരു മനുഷ്യ സ്നേഹി, പ്രതികരണത്തില്‍ എന്നും തീവ്രത പുലര്‍ത്തിയ ആള്‍.. സമൂഹത്തിന്റെ പ്രശ്നങ്ങളോട് അനുഭാവം പുലര്‍ത്തിയ ഒരു കമ്മ്യൂണിസ്റ്റ് .. അല്പം വര്‍ഷങ്ങള്‍ മുന്പ് വരെ കേരളത്തിലെ പൊതു സമൂഹത്തിന്റെ വെറുപ്പ്‌ ഏറ്റു വാങ്ങിയ ആള്‍.. മാധ്യമങ്ങള്‍ ഒരു കാലത്തു വേട്ടയാടിയ ആള്‍..(വെട്ടി നിരത്തല്‍ കാലം ഓര്ക്കുക).. മകനെ coirfed MD ആയി നിയമിച്ച കാലത്തും (നായനാര്‍ ഭരണ കാലത്ത്‌) മാധ്യമങ്ങളില്‍ തറ രാഷ്ട്രീയക്കാരന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആള്‍.. എന്നും സ്വന്തം പാര്‍ട്ടിക്കാര്‍ നെഞ്ചില്‍ ഏറ്റി നടന്ന നേതാവ്..

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാര്‍ട്ടിയിലെ വിഭാഗീയതയില്‍ ഒരു പക്ഷം ചേര്ന്നു സ്വന്തം അഭിപ്രായങ്ങള്‍ക്ക് വേണ്ടി വാദിച്ചു കൊണ്ടിരുന്നു.. ആദ്യകാലത്ത് കുറച്ചൊക്കെ ഓളങ്ങള്‍ പാര്‍ടിയില്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞു .. എന്നാല്‍ രണ്ടു സംസ്ഥാന സമ്മേളനങ്ങള്‍ വരെ നീണ്ട ആശയ സമരത്തിനൊടുവില്‍ സ്വന്തം നിലപാടുകളെ പാര്‍ട്ടിയിലെ വലിയൊരു ഭൂരിപക്ഷം തള്ളിക്കളയുന്നതിനു സാക്ഷിയായി.. മിക്കവാറും എല്ലാ ഘടകങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അദേഹത്തിന്റെ പക്ഷം പരാജയപ്പെട്ടു. (എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും വേറെ ഏത് പാര്‍ട്ടിക്കു അവകാശപ്പെടാം, ഇങ്ങനെ ഒരു ജനാധിപത്യ പ്രക്രിയ?) അതായത്, അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത് പാര്‍ട്ടി അംഗീകരിക്കുന്നില്ല എന്ന് ചുരുക്കം.. പാര്‍ടി അംഗീകരിക്കുന്നില്ല എന്നുള്ളത് ഒരു മുതിര്ന്ന നേതാവ് പ്രസ്താവിച്ചതല്ല, മറിച്ച്‌ പത്തു വര്‍ഷത്തിലധികമായി പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ഒടുവിലാണ് സ. വി.എസ്സിന്റെ നിലപാടുകള്‍ തള്ളിക്കളഞ്ഞത്.. അങ്ങിനെ ആണ്, പിണറായി രണ്ടാമതും സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്..

ഇങ്ങനെ ഒരു അവസ്ഥയില്‍ എത്തി ചേര്‍ന്നാല്‍, ഒരു പാര്‍ടി പ്രവര്‍ത്തകന്റെ മുന്നില്‍ രണ്ടു വഴികളെ ഉള്ളൂ.. (1) തന്റെ നിലപാടുകളെ പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നില്ല.. അതുകൊണ്ട് തന്റെ നിലപാടുകള്‍ ശരിയല്ലെന്ന് പാര്‍ടി പറയുന്നതു അംഗീകരിച്ചു പാര്‍ടി നയത്തിന് അനുസരിച്ച് പാര്‍ടി ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട്‌ പ്രവര്‍തിക്കാം..
(2) തന്റെ നിലപാടുകള്‍ ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍, ഈ ശരി അംഗീകരിക്കാത്ത പാര്‍ട്ടിയില്‍നിന്നും വിട്ടുപോകാം..

ഇതു രണ്ടും വി.എസ് ചെയ്യുന്നില്ല.. ഇതു മാന്യതയല്ല..

ഇനി പാര്‍ട്ടിയുടെ കാര്യം.. വി.എസും പിണറായിയും മത്സരിക്കെണ്ടതില്ല എന്ന പി.ബി. തീരുമാനം തിരുത്തി വി.എസ്സിനെ മല്സരിപ്പിച്ചത് പി.ബി. ചെയ്ത തെറ്റാണെന്ന് തന്നെ വന്നു ഭവിക്കുകയാണ്.. ഈ തീരുമാനം പാര്‍ട്ടിയുടെ ഘടനയ്ക്ക് തന്നെ എതിരായിരുന്നു... ആ തീരുമാനത്തില്‍ ഉറച്ചു നിന്നു തോല്‍വിയെങ്കില്‍ തോല്‍വി ഏറ്റു വാങ്ങണമായിരുന്നു..
ഇപ്പോള്‍, വി.എസ്. എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു .. ഉത്തമനായ ഒരു പാര്‍ടി പ്രവര്‍ത്തകനും പാര്‍ടിയോട് ചെയ്യരുതാത്തത്‌ വി.എസ്. ചെയ്തുകൊണ്ടിരിക്കുന്നു..
ജന ലക്ഷങ്ങളെ നിരാശരാക്കുന്ന തരത്തില്‍ പെരുമാറുന്ന വി.എസ്സിനെ ഇനിയും പാര്‍ട്ടിയില്‍ വെച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്? ഒരാളും, ഒരാളും സംഘടനയ്ക്ക് മേലെയല്ല എന്ന തത്വം അനുസരിക്കപ്പെടാനുള്ളതാണ്.. അതുകൊണ്ട്, വി.എസ്സിനെ പുറത്താക്കുക.... കാരണം, വി.എസ്സിനോട് ബഹുമാനം ഉണ്ട്.. അതിനേക്കാള്‍ ബഹുമാനം ഈ പാര്ട്ടിയോടുണ്ട്..

ചുറ്റും നിന്നു ആര്‍ത്തു വിളിക്കുന്ന പേക്കൊലങ്ങളോട് നിന്നെതിര്‍ക്കുവാന്‍ ഞങ്ങള്ക്ക് ഈ പാര്‍ട്ടിയെ വേണം.. വൃത്തികെട്ട മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ ഞങ്ങള്‍ ഉണര്ന്നെഴുന്നെല്‍ക്കുക തന്നെ ചെയ്യും..

25 comments:

  1. ഉര്‍വശീശാപം ഉപകാരപ്രദം എന്ന് തോന്നുന്നു. വര്‍ദ്ധിതവീര്യത്തോടെയാണ് പാര്‍ട്ടി മെഷീനറി ഇത്തവണ ചലിക്കുന്നത്.

    ഒലത്തും എന്ന ഒറ്റവാക്കില്‍ രാഷ്ടീയവിശകലനം നടത്തി ചിലര്‍ സമാധാനമടയട്ടെ.

    ReplyDelete
  2. കൊള്ളാം, നേതാവ് എത്തരക്കാരനായിരുന്നാലും അവനെ താങ്ങിക്കൊള്‍ക..അതിലല്ലേ അടിമകളുടെ സന്തോഷം കുടി കൊള്ളുന്നത്‌ ? വി എസ് -ന്റെ നിലപാടുകള്‍ തള്ളപ്പെടുകയല്ല ചെയ്യപ്പെട്ടത് , പിണറായിയുടെ നിലപാടുകള്‍ പണത്തിന്റെ ബലത്തില്‍ അണികളില്‍ അടിച്ചെല്‍പ്പിയ്ക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ഒരു സാധാരണക്കാരന് അങ്ങനയേ കാണാന്‍ കഴിയു.
    ഒരു ജനാധിപത്യ രാജ്യത്തു പോളിറ്റ്ബ്യുറോ (കോണ്ഗ്രസ് ഹൈക്കമാന്റ് എന്നും വായിക്കാം) എന്ന സംവിധാനം എന്ത് കൊണ്ടുണ്ടായി എന്നതും ആലോചിക്കാം (ഇത് ഒരു ബ്ലോഗില്‍ കണ്ടത് ഓര്മ്മ വരുന്നു). പഴയ രാജാക്കന്മാരുടെ ദര്‍ബാര്‍ പോലെ ഒന്ന്‍. അവിടെ എടുക്കുന്ന തീരുമാനങ്ങള്‍ ചോദ്യം ചെയ്യാതെ അംഗീകരിക്കുക എന്നത് "കര്‍ത്തവ്യം" ആയിക്കാണുന്ന ഒരു പറ്റം അണികളും. ചോദ്യങ്ങളില്ല, ഉത്തരങ്ങള്‍ മാത്രം.

    ReplyDelete
  3. "ജന ലക്ഷങ്ങളെ നിരാശരാക്കുന്ന തരത്തില്‍ പെരുമാറുന്ന വി.എസ്സിനെ ഇനിയും പാര്‍ട്ടിയില്‍ വെച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്?"

    ജനലക്ഷങ്ങളുടെ വികാരമളക്കാനുള്ള സാധനം കൈയ്യിലുണ്ട് എന്നു കരുതുന്ന അഹംകാരം(അതോ മണ്ടത്തരമോ)ആണ് സൂര്യകാന്തിയേ പോലുള്ള അധികാര മൂടുതാങ്ങികളെ നയിക്കുന്നത്...
    പിന്നെങ്ങിനെ ശരിയാകും... ലാവ്ലിന്‍ സഖാവ് ജയ്... ഇറാക്കില്‍ നിന്നും കണ്ണൂരെത്തിയ സാമ്രാജ്യത്ത് വിരുദ്ധ ചെരുപ്പിനും ജയ്...

    ReplyDelete
  4. കൃതമായി സംഘടനയിലെ വിവിധഘടകങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന പാര്‍ട്ടി. അണികള്‍ തന്നെയാണ് മുകളിലുള്ളവരെ തെരഞ്ഞെടുക്കുന്നത്. സംഘടനക്കുള്ളില്‍ തെരഞ്ഞെടുപ്പ് പോലുമില്ലാത്ത കോണ്‍ഗ്രസ്സുമായി ഇതിനെ താരതമ്യം ചെയ്യുന്നത് കാര്യങ്ങള്‍ അറിയാത്തതിനാല്‍. അതിന്റെ തുടര്‍ച്ചയാണ് പണത്തിന്റെ ബലത്തില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന വാചകവും. സി.ബി.ഐ ഉന്നയിക്കാത്ത ആരോപണങ്ങള്‍ കയ്യില്‍ നിന്നിട്ട് അവതരിപ്പിക്കുന്നവരെ എന്ത് വിളിക്കണം എന്നറിയില്ല.

    ReplyDelete
  5. ഒരു ജനാധിപത്യ രാജ്യത്തു പോളിറ്റ്ബ്യുറോ (കോണ്ഗ്രസ് ഹൈക്കമാന്റ് എന്നും വായിക്കാം)

    രണ്ടും തമ്മില്‍ താരതമ്യം. മേലേതില്‍ ഇങ്ങനെ ഹാസ്യം എഴുതമല്ലേ?

    ReplyDelete
  6. നട്ടപ്പിരാന്തോ, മേലേത്തിലേ

    വി എസ് പുതിയ പാർട്ടി ഉണ്ടാക്കിയാൽ കൂടെ വരുമോ?
    ഒരു മറുപടി പ്രതീക്ഷിക്കുന്നു.
    നിങ്ങൾ കമ്യൂണിസ്റ്റാ? സംഘ പരിവാറാ?

    ReplyDelete
  7. കെ.ഇ.എന്നിന്റെ പ്രേതങള്‍ ബൂലോകത്തില്‍ വ്യാപകമയി അലഞു തിരിയുന്നുണ്ടല്ലോ..?
    പിണറായിയുടെ ഭൂതഗണങള്‍ ഇവിടെയും സംഘടിത ശക്തിയായി മാറിയിരിക്കുന്നു.
    കേരളകോണ്‍ഗ്രസിന്റെ ജാഥക്കു പോയാല്‍ 150 രൂപായും ചിലവും കിട്ടും
    എന്ന്‌ കേട്ടിട്ടുണ്ട്.
    അഴിമതിക്കാരെ താങുന്നത്‌ പാ‍ര്‍ട്ടി സ്നേഹം കൊണ്ട്‌ മാത്രമാണെങ്കില്‍ നന്ന്‌.

    ReplyDelete
  8. Anonymous

    എതിര്‍ക്കുന്നവരെ, അത് പത്തുശതമാനം പോലും മലയാളികള്‍ വായിക്കാത്ത ബ്ലോഗുലകത്തിലായാലും കണ്ണില്‍കണ്ട "ഗ്രൂപ്പുകളില്‍" - പ്പെടുത്താനുള്ള ഈ വ്യഗ്രത, അദ്ദാണ് !!
    AIADMK പണ്ടു കോഴിക്കോട് ഓഫീസ് തുറന്നപ്പോ ഒരു സുഹൃത്തു പറഞ്ഞിരുന്നു ഇപ്പോള്‍ തന്നെ ചേര്‍ന്നാല്‍ വല്യ പുലിയാവാം എന്ന് , (മണി ചെയിന്‍ പോലെ ). അതിന് സ്കോപ് ഉണ്ടെങ്കില്‍ നോക്കാം വി എസ് തുടങ്ങട്ടെ.

    ReplyDelete
  9. അപ്പോ പുതിയ് കുപ്പായം തൈച്ച് ആരൊക്കെയാണ് കാത്തിരിക്കുന്നത് ?

    ReplyDelete
  10. തള്ളേ ഇപ്പൊ പിണറായി അണ്ണന്റെ മോന്‍ ഇംഗ്ലണ്ടില്‍ പഠിക്കുന്നതാ ഇപ്പോ വല്യ ബൂര്‍ഷാത്വം? പതിനേഴ് പതിനെട്ട് കൊല്ലം മുമ്പേ അച്ചുമ്മാമന്റെ മോന്‍ ഡിഗ്രിയും ഡിഗ്രിന്മേല്‍ ഡിഗ്രിയും എടുത്തതൊക്കെ മാനേജ്മെന്റ് ക്വോട്ടേല്‍തന്നെ? അച്ചൂതനയന്‍ അന്ന് ക്വോളേജില് ചെത്തിനടന്നത് എന്‍ഫീല്‍ഡ് ബുള്ളറ്റില്‍തന്നെ?

    ReplyDelete
  11. തള്ളേ ഇപ്പൊ മാര്‍ട്ടിന്റടുത്തൂന്ന് ദേശാഭിമാനി പണം വാങ്ങിയതാ ഇപ്പൊ വല്യ ബൂര്‍ഷാത്വം? അച്ചുമ്മാമന്റെ മോന്‍ മാനേജരായിറ്റ് ജ്വോലി ചെയ്ത വിമാനക്കമ്പനിയുടെ പ്വേരെന്താ! ഓര്‍മ്മ കിട്ടുന്നില്ലല്ല്.

    ReplyDelete
  12. താങ്കള്‍ പറഞ്ഞ രീതിയില്‍ തന്നെയാണ് യഥാര്‍ഥ പാര്‍ട്ടിക്കാര്‍ ചിന്തിക്കുന്നത്. ഈ പാര്‍ട്ടിയില്‍ ആരും ഒരു നേതാവിനേയും കണ്ടിട്ടല്ലനില്‍ക്കുന്നത്‌. വി.എസിനോടോ പിണറായിയോടോ പാര്‍ട്ടിനേതാക്കള്‍ എന്ന സ്നേഹമല്ലാതെ യാതൊന്നുമില്ല. അതുതന്നെയാണ് ശത്രുക്കള്‍ക്കുള്ളതും! വി.എസ് പാര്‍ട്ടി യുടെ ശക്തികേന്ദ്രമായിരുന്നപ്പോള്‍ അവര്‍ വി.എസിനെ ആക്രമിച്ചു. ഇന്ന് പിണറായിയെ ആക്രമിക്കുന്നതും അതികൊണ്ടുതന്നെ. വി.എസിനെ പുകഴ്ത്തുന്നതും വി.എസ് അവരുടെ വലയില്‍ വീണതുകൊണ്ടു തന്നെ. വി.എസിനുള്ള പെരുപ്പിച്ചു കാണിക്കുന്ന പിന്തുണ വാസ്തവത്തില്‍ മാധ്യമങ്ങളുടെയും പാര്‍ടിക്കു പുറത്തുള്ളവരുടെയുമാണ്. ഏതു പാര്‍ടിക്കാരനോടു ചോദിച്ചാലും രാജേഷ് പറഞ്ഞ അഭിപ്രായമേ കിട്ടൂ. കാരണം അവര്‍ വ്യക്തിയെയല്ല പാര്‍ടിയെയാണ് കാണുന്നത്‌. വി.എസ് എത്ര പാരമ്പര്യമുള്ള കമ്യൂണിസ്റ്റായാലും ഇപ്പോള്‍ അദ്ദേഹം പാര്‍ടിക്ക് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പരിക്ക് ഗുരുതരമാ‍ണ്. തണലു തന്നിരുന്ന മരത്തെ പുരയ്ക്കു മേലെ ചായിച്ചിരിക്കുന്നു.

    ReplyDelete
  13. അതിനേക്കാള്‍ ബഹുമാനം ഈ പാര്ട്ടിയോടുണ്ട്..

    ഈ പറഞ്ഞത് സത്യം.
    പക്ഷെ വി.എസിനെ പുറത്താക്കിയാല്‍ പാര്‍ട്ടി നേരെയാകുമോ?

    കഷ്ടം തന്നെ.

    ReplyDelete
  14. പ്രതികരിച്ചവര്‍ക്ക് നന്ദി.. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ചിലര്ക്ക് സംയമനം കൈവിട്ടുപോകുന്നുണ്ട്.. കുറച്ചുകൂടെ പക്വതയോടെ പ്രതികരിക്കുമ്പോള്‍ നല്ലൊരു സംവാദത്തിന്റെ തലമായി ഈ കമന്റിടം മാറ്റാന്‍ കഴിയും.. തീവ്രത വേണം, പക്ഷെ, പറയുവാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് പറയുന്നവര്‍ക്ക് നല്ല ബോധ്യം വേണ്ടേ? എന്നാലല്ലേ, വായിക്കുന്നവര്‍ക്കും അത് ബോധ്യപ്പെടൂ?

    ReplyDelete
  15. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇവിടുത്തെ മാധ്യമങ്ങളും യാദാസ്ഥിക സംഘങ്ങകളും എതിർക്കുന്നത് ഒരു പുതിയ കാര്യമല്ല. മുമ്പെല്ലാം ഇതിനേക്കാൾ ഭീകരമായി ആക്രമിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും കള്ളൻ എന്നു വിളിച്ചായിരുന്നില്ല ആക്രമണം. ആശയങ്ങളെ എതിർക്കുകയോ പ്രവർത്തനരീതിയെ എതിർക്കുകയോ ചെയ്തിട്ടുണ്ട്. എന്തിനേറെ ശാരീരികമായി വകവരുത്തുകപോലും ഉണ്ടായിട്ടുണ്ട്. അന്നും ആരും കള്ളനെന്നു കമ്മ്യൂണിസ്റ്റ് കാരെ ആരും വിളിച്ചിട്ടില്ല. അതിനു കമ്മ്യ്യുണിസ്റ്റുകൾ അവസരം നൽകിയിട്ടില്ല. കാരണം എല്ലാ കമ്മ്യൂണിസ്റ്റുകാരും നേതാക്കളും പ്രവർത്തകരും ഒരു ജനകീയ ഓഡിറ്റിംഗിനു വിധേയമാകാൻ ഭയന്നിരുന്നില്ല. ആർക്കും എവിടെ വച്ചും പരിശോധിക്കാവുന്നതായിരുന്നു അവരുടെ സമ്പാദ്യം. ഇന്നു അതു നടക്കുമോ. പിന്നെ വി.എസ്സും പിണറായിയും . അന്തരം കണ്ടുപിടിക്കുകയെന്നത് ലോവർ പ്രൈമറി സ്കൂൾ കുട്ടികൾക്ക് കൊടുക്കാവുന്ന ഒരു അസൈന്മെന്റാണു.നിങ്ങൾ വി.എസ്സിനും പിണറായിക്കും എന്തു എന്നു ചിന്തിക്കുന്നതിനു പകരം പാർട്ടിക്കു എന്ത് സംഭവിച്ചു എന്നു ചിന്തിക്കേണ്ടതുണ്ട്. I am the state എന്നാരൊ ഈ പാർട്ടിയുടെ മുകളിൽ കയറിയിരുന്നു പറയുന്നുണ്ടല്ലോ, അവിടെ വച്ച് പതിറ്റാണ്ടുകളായി ലക്ഷക്കണക്കിനു മനുഷ്യർ ജീവനും സ്വത്തും നൽകി വളർത്തിയ ആ സ്വപ്നം തകരുകയാണു. അതിനെതിരെ ഈ നിശബ്ദതയിൽ നിന്നു ഒരു ഇടിമുഴക്കം ഉണ്ടാവാതിരിക്കില്ല.

    ReplyDelete
  16. സഖാവ് ഇ പി ജയരാജന്‍ ഇന്നലെ വ്യക്തം ആയി പറഞ്ഞിട്ടുണ്ട് പിണറായി വിജയന്‍ ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന്. ഇതു കണ്ടിട്ടും കേട്ടിട്ടും മനസിലാവത്തവരെ മന്ദബുദ്ധി എന്നല്ലാതെ എന്താ വിളിക്യ...നിങ്ങള്‍ തന്നെ പറയ്..

    ReplyDelete
  17. എന്റെ അനോണി.........

    പേര് വച്ചിട്ട് വാ.......എന്നിട്ട് നമ്മുക്ക് ഒളിച്ച്കളിക്കാം.....

    എന്റെ കുട്ടന്‍ ഇതൊന്ന് വായിക്ക്......

    http://nattapiranthukal.blogspot.com/2008/12/blog-post_18.html

    ReplyDelete
  18. രാജേഷ് കണ്ണുമൂടപ്പെട്ട ഒരു പാര്‍ട്ടി മെംബറോ, പാര്‍ട്ടി അനുഭാവിയോ ആണ്. അതുകൊണ്ടാണ്, ചുറ്റും നിന്നു ആര്‍ത്തു വിളിക്കുന്ന പേക്കോലങ്ങളോട് നിന്നെതിര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ വേണം , എന്നെഴുതിയത്. എങ്ങനെയുള്ള പാര്‍ട്ടി വേണമെന്ന് എന്തു കൊണ്ടു പറയുന്നില്ല? ചുറ്റും നിന്ന് ആര്‍ത്തു വിളിക്കുന്ന പേക്കോലങ്ങളേപ്പോലെ തന്നെ ഉള്ള ഒരു പാര്‍ട്ടി എന്തിനാണെന്നാലോചിച്ചിട്ടുണ്ടോ?

    ഇന്നത്തെ കേരള സി പി എം വളരെയേറെ മാറിപ്പോയി. അത് അതി വേഗം കോണ്‍ഗ്രസ് , മുസ്ലിം ലീഗ് , കേരള കോണ്‍ഗ്രസ് മുതലായ പാര്‍ ട്ടികളുടെ തലത്തിലേക്ക് താഴുന്നു. ലിസ് ചാക്കോ കൈക്കൂലി കൊടുത്ത് കാര്യം നടത്തുന്ന തലത്തിലേക്ക് താഴുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന സാമ്പത്തിക കുറ്റവാളിയില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നതില്‍ തെറ്റുകാണാത്ത തലത്തിലേക്ക് പുരോഗമിക്കുന്നു. അതു വെറും നോട്ടപ്പിശകാണെന്ന് വിലയിരുത്തി, അത് ചെയ്ത ആളെ അതേ സ്ഥാനത്ത് വീണ്ടും പ്രതിഷ്ടിക്കുന്നു. പാര്‍ട്ടി സ്വത്തായ ദേശാഭിമനി ഒരു വ്യക്തിയുടെ പേരിലേക്ക് എഴുതിയെടുക്കുന്ന ജുഗുപ്സാവഹമായ തലത്തില്‍ വരെ എത്തുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയ തലവന്‍ ഫാരീസ് അബൂബേക്കറിന്റെ തോളില്‍ കയ്യിട്ടു നടക്കുന്നു , അയാള്‍‍ക്ക് പരവതാനി വിരിക്കുന്നു. പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്നു. സാമ്രാജ്യത്വത്തിനെതിരെ മുക്കിനു മുക്കിനു മുക്രയിട്ടതിനു ശേഷം അതേ സാമ്രാജ്യത്വത്തിന്റെ ഏജന്റുമരായ എ ഡി ബി , വേള്‍ഡ് ബാങ്ക് ,ലവ് ലിന്‍ തുടങ്ങിയവരുമായി കരാറില്‍ ഏര്‍പ്പെടുന്നു. പാര്‍ട്ടി സെക്രട്ടറി ആണ്, പ്രസ്ഥാനം എന്നു വിലയിരുത്തപ്പെടുന്നു.കട്ടന്‍ ചായയും പരിപ്പു വടയും മാത്രം കഴിച്ചിരുന്നാല്‍ പാര്‍ട്ടി വളരില്ല എന്നും വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ 3 ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്നു. പാര്‍ട്ടി ജെനറല്‍ സെക്രട്ടറി , കാരാട്ട് അഘോഷപൂര്‍വം ആ വ്യവസായ സാമ്രാജ്യത്തിന്റെ പുതിയ പഞ്ചനക്ഷത്ര സൌധം നടന്നു വീക്ഷിക്കുന്നു. പാര്‍ട്ടിയുടെ കേരള സെക്രട്ടറി അഴിമതി കേസില്‍ പ്രതിയാക്കപ്പെടുന്നു. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ്, കള്ളച്ചാരായ വില്‍പ്പനക്കാരന്റെ പറ്റു പടിക്കാരനാവുന്നു. പാര്‍ട്ടി തന്നെ കയ്യേറ്റ ഭൂമിയില്‍ ഓഫീസും അതിനു മുകളില്‍ ടൂറിസ്റ്റ് വ്യവസായവും നടത്തുന്നു. അതൊഴിപ്പിക്കാന്‍ വന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു.

    ഇതൊക്കെ നടത്തുന്ന നേതാക്കള്‍ പാര്‍ട്ടിയെ നയിക്കുന്നു. ഇതെങ്ങിനെ കമ്യൂണിസ്റ്റുപാര്‍ട്ടി എന്ന് വിളിക്കപ്പെടും ? എന്തിനിതിനു കമ്യൂണിസ്റ്റുപാര്‍ട്ടി എന്ന പേര്‍ നല്‍ കണം ? കോണ്‍ഗ്രസ് എന്നോ കേരള കോണ്‍ഗ്രസ് എന്നോ ആയികൂടെ? എന്നിട്ട് ചുറ്റുമുള്ള പേക്കോലങ്ങളുടെ ചേരിയിലേക്ക് മാറുകയും ചെയ്യാം . വി എസിനെ പുറത്താക്കിയാല്‍പിന്നെ സഖാവിനേപ്പോലുള്ളവര്‍ക്ക് എന്തും ചെയ്യാമല്ലോ. പക്ഷെ അതിനെ ആരും കമ്യൂണിസ്റ്റുപാര്‍ട്ടി എന്നു വിളിക്കില്ല.

    ജയരാജനേപ്പോലെ അന്ധത ബാധിച്ച സഖാവിനും , ചുറ്റുമുള്ള പേക്കോലങ്ങളുടെ ദുഷിപ്പ് സ്വന്തം പ്രസ്ഥാനത്തില്‍ പടരുന്നത് കാണാന്‍ സാധിക്കുന്നില്ല. ഈ ദുഷിപ്പിനെതിരെ പോരാടുന്ന വി എസിനേപ്പോലുള്ളവരാണല്ലോ, സഖാവിന്റെയും കൂട്ടരുടെയും കണ്ണിലെ കരട്. വി എസ് പാര്‍ട്ടിയില്‍ തന്നെ തുടരണം . ഈ ദുഷിപ്പുകള്‍ക്കെതിരെയും പാര്‍ട്ടിയെ നശിപ്പിക്കാന്‍ അവതരിച്ച ദുഷ്ട ശക്തികള്‍ക്കെതിരെയും സമരം തുടരണം . അതാണ്, കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനാവശ്യം .

    ReplyDelete
  19. കാളിദാസാ,

    ലോണെടുക്കരുതെന്ന് സി.പി.എമ്മിനു അഭിപ്രായമുള്ളതായി അറിവില്ല. കേന്ദ്ര നയങ്ങള്‍ ഫെഡറല്‍ സ്വഭാവത്ഥെ മാനിക്കാത്തവ ആയിരിക്കെ വികസനത്തിനു പണം വേണം. ലോണെടുക്കുമ്പോള്‍ അതിന്റെ ചരടുകളെക്കുറിച്ച് ധാരണയോടെ എടുക്കണം എന്നെ സി.പി.എം പറയുന്നുള്ളൂ എന്നാണറിവ്. തെറ്റെങ്കില്‍ തിരുത്തുമല്ലോ.

    പിണറായിയാണ് പ്രസ്ഥാനം എന്ന് ജയരാജന്‍ പറഞ്ഞത് താങ്കള്‍ ടി.വ്വിയില്‍ കേട്ടുവോ എന്നറിയാന്‍ അക്കാദമിക് ആയ താല്പര്യം ഉണ്ട്. പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ത്തും അപലപനീയം. മിക്കവാറും എല്ലാ വാര്‍ത്തകളും വളച്ചൊടിക്കപ്പെടുന്നതിനാല്‍ നേരിട്ട് കേട്ടാലേ വിശ്വസിക്കാനാകൂ.

    ReplyDelete
  20. രാമചന്ദ്രന്‍February 6, 2009 11:42 AM

    അതെ എല്ലാ വാര്‍ത്തകളും വളച്ചൊടിക്കപ്പെടുന്നു. അനോണി സഖാവ് ദേശാഭിമാനി മാത്രം വായിച്ചാല്‍ മതി. വീതം കിട്ടുന്നുണ്ട് അല്ലെ? കാളിദാസന്‍ പറഞ്ഞത് തന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ ശരി എന്ന് സാധാരണക്കാര്‍ക്കറിയാം. അവസാനം പാര്‍ട്ടി നശിച്ചാല്‍ ഉള്ള ബിസിനസ്സുകള്‍ സ്വന്തം പേരിലാക്കാന്‍ കഴിയില്ല അനോണി സഖാവേ.. കാറ്റുള്ളപ്പോള്‍ തൂറ്റുക തന്നെ അല്ലെ? നാളെ പാര്‍ട്ടി ഇല്ലെങ്കിലെന്ത്? ഇന്ന് സമ്പാദിക്കുന്നത് ലാഭം. പിണറായി സഖാവ് തലമുറകള്‍ ഇരുന്നു തിന്നാനുള്ളത് സമ്പാദിച്ചു കഴിഞ്ഞു.ജയരാജന്‍ സഖാവും പിന്നിലല്ല. അനോണി സഖാവോ?

    ReplyDelete
  21. അനോണിമസേ ,

    ലോണെടുക്കരുതെന്ന് സി പി എമ്മിനു അഭിപ്രായമില്ല. ലോണെടുക്കുമ്പോള്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ പാര്‍ട്ടി എടുത്തു പറഞ്ഞിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കുമ്പോള്‍ രാജ്യ താല്‍പര്യം സംരക്ഷിക്കണം . ഇന്‍ഡ്യയില്‍ സമാനമായ സഹായം കിട്ടുമെങ്കില്‍ അതുപയോഗപ്പെടുത്തണം . ഇതു രണ്ടും ലാവലിന്‍ കരാറില്‍ പാലിച്ചില്ല. ബാലാനന്ദന്‍ കമ്മിറ്റി 100 കോടിക്ക് ചെയ്തു തീര്‍ക്കാമെന്നു പറഞ്ഞ പണികള്‍ 375 കോടിക്കു ചെയ്തത് ഇതിനെതിരാണ്. ലാവലിനുമായി യു ഡി എഫ് ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സി കരാറില്‍ ഇന്‍ഡ്യയിലെ നിയമത്തിനു വിധേയമെന്ന് പറഞ്ഞിരുനു. പിണറായി ഉണ്ടാക്കിയ കരാറില്‍ അത് ക്യാനഡയിലെ നിയമത്തിനു വിധേയമാണെന്നെഴുതി ചേര്‍ത്തു. അത് രജ്യതാല്‍പര്യത്തിനെതിരാണ്.

    ഇന്‍ഡ്യവിഷന്‍ ചാനല്‍ ഒരു ദിവസം മുഴുവന്‍ ജയരാജന്‍ പറഞ്ഞ വാചകം സംപ്രേക്ഷണം ചെയ്യുകയും പല പ്രമുഖ വ്യക്തികളും അതേക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ആ വാക്കുകള്‍ അപലപനീയമെന്നു പറഞ്ഞു നിസാരവല്‍ക്കരിക്കുന്നതില്‍ അര്‍ത്ഥമില്ല. വ്യക്തികളല്ല പാര്‍ട്ടിയാണ്, വലുതെന്നു, വി എസിനെ വിമര്‍ശിക്കാന്‍ എന്നും പറയുന്ന ജയരാജന്‍ അത് പറയുകയും പിണറായി അതാസ്വദിക്കുകയും ചെയ്തു. മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണത്. അതു വെറും നോട്ടപ്പിശകാണെന്നു പറയുന്നതില്‍ കാര്യമില്ല.

    ReplyDelete
  22. കാളിദാസന്റെ കമന്റുകള്‍ക്കു ബ്ലോഗറുടെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം....!

    ReplyDelete
  23. കാളിദാസന്റെ വിമര്‍ശനങ്ങളോട് എന്റെ പ്രതികരണം:
    1. ഞാന്‍ ഒരു പാര്ട്ടി മെമ്പര്‍ അല്ല. എന്റെ കണ്ണ് മൂടി കെട്ടിയിട്ടും ഇല്ല.. മെമ്പര്‍ ആകുവാന്‍ ആഗ്രഹവും ഇല്ല.. കാരണം, ഒരു പാര്ട്ടി മെമ്പര്‍ ആകുമ്പോള്‍ ശരിയല്ല എന്ന് വ്യക്തിപരമായി തോന്നുന്ന ചില കാര്യങ്ങള്‍ നമുക്കു ചെയ്യേണ്ടി വരും.. അത് എന്റെ മനസ്സു അനുവദിക്കില്ല.. അങ്ങനെ ചെയ്യേണ്ടി വരുന്നതു സംഘടനാപരമായി തെറ്റാണെന്ന് അഭിപ്രായമില്ല.. ഒരു സംഘടനയ്ക്ക് അങ്ങിനെയേ ചെയ്യാന്‍ കഴിയൂ.. പല വര്‍ഗ ബഹുജന സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.. എന്റെ സംഘടനാ ജീവിതം ആകെ ഒരു നിശിത വിമര്‍ശകന്റെ റോളിലാണ് ഞാന്‍ കഴിഞ്ഞു പോന്നിട്ടുള്ളത്.. പക്ഷെ, ഈ സംഘടനയാകെ കുഴപ്പമാണ്, ഈ സംഘടനയ്ക്ക് ജീവനില്ല, ഇതൊരു പിന്തിരിപ്പന്‍ സംഘടനയാണ്, ചിലര്‍ സംഘടനയെ നശിപ്പിക്കുവാനും മറ്റു ചിലര്‍ സംഘടനയെ രക്ഷിക്കുവാനും സംഘടിതമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു തുടങ്ങിയ 'മനോരമ' മോഡല്‍ വിമര്‍ശനങ്ങളെ അനുഭവത്തിന്റെ വെളിച്ചതില്‍ ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം തള്ളിക്കളയുന്നു..
    2. സോവിയറ്റ് യൂണിയന്‍ വീണതിനു ശേഷം ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് വലിയൊരു പ്രതിസന്ധി വന്നു ഭവിച്ചിട്ടുണ്ട്. മാതൃകയെന്ന് കരുതിയ ഒരു ഘടന തകര്‍ന്നപ്പോള്‍ സ്വന്തം രാഷ്ട്രീയ പാത കണ്ടെത്താന്‍ വളരെയധികം ഊര്‍ജം അവര്ക്കു ചെലവഴിക്കേണ്ടി വന്നു.. പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച നിരാശയും ചില്ലറയല്ല.. പ്രത്യയ ശാസ്ത്ര നിലപാടുകളില്‍ സംഘടനാപരമായും വ്യക്തിപരമായും വന്നുപെട്ട വ്യതിചലനങ്ങള്‍ ചരിത്രത്തിന്റെ നൈരന്തര്യവുമായി ബന്ധപ്പെട്ടതാണ്.. ഇതിനൊപ്പം വന്നുപെട്ട ആഗോളവല്‍ക്കരണത്തിന്റെ കൊടും കാറ്റിനെയും ചേര്‍ത്തുവെച്ചു വായിക്കുക.. എല്ലാ വിധ പുരോഗമന പ്രത്യയ ശാസ്ത്രങ്ങളെയും നന്മകള്‍ നിറഞ്ഞ ജനതകളെയും സംഘടനകളെയും സമരം, സംഘര്‍ഷം, കലാപം തുടങ്ങിയ ആശയങ്ങളെയും ആഗോളവല്‍ക്കരണം ഏത് തരത്തില്‍ മാറ്റി തീര്ത്തു എന്നത് പഠിക്കേണ്ടത് തന്നെയാണ്.. ബൂര്‍ഷ്വാ ജനാധിപത്യ രീതിയില്‍ കൂടി ഒരു രാഷ്ട്രീയ പാത തെരഞ്ഞെടുത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ ചരിത്രപരമായ കൊടും കാലത്തെ അതിജീവിക്കുന്നതിനിടയില്‍ വലിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.. ഈ പരിക്കുകള്‍ സംഘടനാപരമായി തന്നെ പരിഹരിക്കാവുന്നതെ ഉള്ളൂ.. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്നതിനു വേണ്ടി സായാഹ്ന ധര്‍ണ നടത്തുന്ന DYFI രീതിയെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്.. അതുപോലെ പണിമുടക്ക്‌ എന്ന സമര രീതി ആഗോള വല്‍കൃത സാഹചര്യങ്ങളില്‍ എത്ര മാത്രം ലക്ഷ്യത്തില്‍ എത്തുന്നുണ്ട് എന്നും ചര്ച്ച ചെയ്തിട്ടുണ്ട്.. പക്ഷെ, സമര രംഗത്ത് നിലനില്‍ക്കുക എന്ന ചരിത്രപരവും പ്രത്യശാസ്ത്രപരവുമായ ബാധ്യതകള്‍ നിറവേറ്റുന്നതിനായി ഇവയെങ്കിലും ചെയ്യാതിരുന്നാല്‍ അതും വലിയ പാതകമാവും.. പുസ്തകങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ടു മാത്രം നിര്‍ധാരണം ചെയ്തെടുക്കാവുന്ന അവസ്ഥകളല്ല, ഇവയൊന്നും.. മറ്റൊന്ന്: AKG യും രണദിവെയും EMS ഉം കൃഷ്ണപിള്ളയും ഒന്നും നേരിട്ട ഒരു അവസ്ഥയല്ല, സുര്‍ജിത്തും കാരാട്ടും പിണറായിയും ബുദ്ധദേവും ഒന്നും നേരിടുന്നത്‌.. അധികാരത്തില്‍ ഇരിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ ഈ അവസ്ഥയെ നേരിടുന്നത്‌ ദുഷ്കരം തന്നെയാണ്.. കേരളത്തില്‍ പ്രത്യേകിച്ചും.. പഴയ കാലത്തു ശത്രു പ്രത്യക്ഷതിലാണ്... ഇന്നു ശത്രു എല്ലായിടത്തും, അരൂപിയായി, നമ്മള്‍ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും ഇടങ്ങളിലും നമ്മെ ആക്രമിച്ചുകൊണ്ടേ ഇരിക്കുന്നു... ഈ അവസ്ഥയില്‍ പാര്‍ട്ടി ഒരു പരിധി വരെ സഹതാപവും അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നു.. അതുകൊണ്ട് തന്നെ, ഒരിക്കലും തോന്നാത്ത തരത്തില്‍ ഒരു സ്നേഹം ഈ പാര്‍ട്ടിയോട് എനിക്ക് ഇപ്പോള്‍ തോന്നുന്നു.. (ഞാന്‍ ഒഞ്ചിയം നിവാസിയാണ്.. അവിടെ എല്ലാ കാലവും ഞാന്‍ കലഹിച്ചു കൊണ്ടിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ 'തെളിഞ്ഞ' മാര്‍ക്സിസ്റ്റുകള്‍ ആയി മാറിയിരിക്കുന്നു.. ഞാനോ, ഇങ്ങനെയും.. ഒഞ്ചിയം പ്രശ്നത്തില്‍ പത്രങ്ങള്‍ പറയുന്നതിനേക്കാള്‍ അപ്പുറത്ത് ചില അടിയൊഴുക്കുകള്‍ ഉണ്ട്.. പിന്നെയൊരിക്കല്‍ പറയാം)
    3. വി.എസ്സിനെ പുറത്താക്കിയാല്‍ പാര്‍ട്ടി നന്നാകുമോ എന്ന് അനില്‍ ചോദിക്കുന്നു.. എതിരാളികളോട് നിന്നെതിര്‍ക്കുവാന്‍ എങ്ങിനെയെങ്കിലും ഉള്ള ഒരു പാര്‍ട്ടി മതിയോ എന്ന് കാളിദാസനും.. നിഷ്കളങ്കമെന്നു തോന്നിയേക്കാവുന്ന അപകടകരമായ ഒരു ചോദ്യമാണ് ഈ ചോദ്യം.. പാര്‍ട്ടിയ്ക്ക് ' നല്ലത്' എന്ന് പറയാവുന്ന ഒരു അവസ്ഥ സാധ്യമാനെന്നാണ് ആദ്യത്തെ മുന്‍‌വിധി.. ഇതു തെറ്റാണ്.. വ്യക്തികളുടെ ഒരു കൂട്ടായ്മ എന്ന നിലയില്‍ പാര്‍ട്ടിയ്ക്ക് തെറ്റുകള്‍ പറ്റുവാന്‍ സാധ്യത ഏറെയാണ്‌.. ഒരര്‍ത്ഥത്തില്‍ നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുന്ന മാതൃകാ വ്യക്തികള്‍ ചേര്ന്ന സംഘടന എന്നൊക്കെ പറയുന്നതു വെറുമൊരു ഗാന്ധിയന്‍ സ്വപ്നം മാത്രമാണ്.. പ്രായോഗികമായി പറഞ്ഞാല്‍, തെറ്റ് വരാതിരിക്കുവാന്‍ ശ്രമിക്കുന്ന, പറ്റിയ തെറ്റുകള്‍ സ്വയം വിമര്‍ശന പരമായി തിരുത്തുകയും കൂട്ടായി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ഒരു സംഘടന ആപേക്ഷികമായി ഏറെക്കുറെ സമൂഹത്തെ മുന്നോട്ടു നയിക്കും എന്ന് കരുതാം.. അപ്പോഴും ഈ സംഘടന ' നല്ലത്' ആകുന്നില്ല.. അപ്പോഴും പിന്തിരിപ്പന്‍ നയങ്ങളും പിന്തിരിപ്പന്‍ നേതാക്കളും ഒക്കെ ഈ സംഘടനയുടെ ഭാഗമായി ഉണ്ടാവാന്‍ സാധ്യതയുണ്ട്.. കാരണം, ചില തെറ്റുകള്‍ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ മാത്രം തിരുത്തപ്പെടാവുന്നതാണ് .. അതുകൊണ്ട്, 'നല്ല' സംഘടന എന്നാല്‍, നല്ലത് മാത്രം ചെയ്യുന്നതും 'നല്ല' ആള്‍ക്കാര്‍ ഉള്‍പ്പെടുന്നതും ആയ സംഘടന അല്ല, മറിച്ചു, സ്വാഭാവികമായി തെറ്റുകള്‍ വന്നുപെടാന്‍ സാധ്യതയുള്ള, എന്നാല്‍ തിരുത്താനുള്ള ഇച്ചാശക്തിയുള്ള ഒരു സംഘടനയാണ്.. അത് CPIM നു നഷ്ടപ്പെട്ടു എന്ന് കരുതുന്നത് സംഘടനയെ അറിയാത്തതുകൊണ്ടാണ്‌.. CPIM തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുക തന്നെ ചെയ്യും.. കോണ്ഗ്രസ്, മുസ്ലിം ലീഗ് എന്നിവ പോലെ ഒരു പാര്‍ട്ടി അല്ല ഇതെന്ന് കാളിദാസനു ബോധ്യപ്പെടുക തന്നെ ചെയ്യും..
    4. കട്ടന്‍ ചായയും പരിപ്പുവടയും മുറി ബീഡിയും കാലൊടിഞ്ഞ ബെഞ്ചും മുഷിഞ്ഞ വസ്ത്രവുമൊക്കെ നല്ല ഗൃഹാതുരത്വം തരുന്ന വാക്കുകളാണ്.. ചിന്തിക്കുന്നവരെ ഇത്തരം ഗൃഹാതുരത്വത്തില്‍ കുടുക്കിയിടാന്‍ മാധ്യമങ്ങള്‍ കൊണ്ടു ശ്രമിച്ചത് വിജയിച്ചു എന്ന് തന്നെ വേണം കരുതാന്‍.. ഇതൊന്നു വായിച്ചുനോക്കൂ: http://cheruviral.blogspot.com/2008/11/blog-post_6065.html
    5. ഇനി പാര്‍ട്ടി ഒരുപാടു സ്വത്തുക്കള്‍ ഉണ്ടാക്കിക്കൂട്ടുന്നു, നേതാക്കള്‍ മാനജര്‍മാരാവുന്നു, മുതലാളിമാരുമായി ചങ്ങാത്തമാവുന്നു, പാര്‍ക്ക് ഉണ്ടാക്കുന്നു, സൌധങ്ങള്‍ കെട്ടുന്നു.. എ.ഡി.ബി, വേള്‍ഡ് ബാങ്ക് : ഒരുപാടു തവണ പലരും വിശദീകരിച്ച കാര്യങ്ങള്‍ തന്നെ..
    പാര്‍ട്ടി ഒരു ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഞാനും എതിര്‍ത്തതാണ്.. ബംഗാളില്‍ പോലും ഒരു ചാനല്‍ ഇല്ല, പിന്നെന്തിനാണ് ഇവിടെ? വലിയ ധന സമാഹരണം എങ്ങിനെ നടക്കും? ഇതൊക്കെ എനിക്കും തോന്നിയിരുന്നു.. എതിര്പ്പുള്ളതിനാല്‍ ഞാന്‍ ഷെയര്‍ എടുത്തില്ല.. പക്ഷെ, ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന മാധ്യമ പേക്കൂത്തുകള്‍ കാണുമ്പോള്‍, അതിന്റെ ഉള്ളറകള്‍ വെളിപ്പെടുമ്പോള്‍, പാര്‍ട്ടി അന്ന് എടുത്ത തീരുമാനം എത്രയോ ശരിയായിരുന്നു എന്ന് എനിക്ക് തോന്നുന്നു.. കൈരളി കണ്ണ് തുറന്നിരുന്നിട്ടു തന്നെ പച്ചക്കള്ളങ്ങളും fabricated വാര്‍ത്തകളും എത്രയാണ് വരുന്നതു!! ആ ചാനല്‍ ഇല്ലായിരുന്നെങ്കിലോ? ഇവരൊക്കെ എന്തൊക്കെ കാട്ടിക്കൂട്ടുമായിരുന്നു! കാരണം, ഇതു കേരളമാണ്.. ഭക്ഷണത്തിനൊപ്പം വാര്‍ത്തകളും ഭക്ഷിക്കുന്നവര്‍.. വാര്‍ത്തകള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവര്‍.. പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ വെറുപ്പ്‌ ഉല്പാദിപ്പിക്കുന്ന മാധ്യമ ഫാക്ടരികള്‍ക്ക് കൈരളി ഉള്ളതിനാല്‍ അല്പമൊക്കെ സംയമനം ഉണ്ട്..
    6. VS മാത്രമല്ല, ഒരുപാടു പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍ ഉള്‍പെടെ അഴിമതിയ്ക്ക് എതിരെ പൊരുതുന്നുണ്ട്.. പക്ഷെ, അതൊന്നും താന്‍ പാര്‍ട്ടിയേക്കാള്‍ വലിയവനാണെന്ന് തോന്നിയിട്ടല്ല.. സംഘടന ഉണ്ടെങ്കിലേ പോരാട്ടങ്ങള്‍ക്ക് അര്ത്ഥം ഉണ്ടാവൂ. സംഘടനയെ സ്വന്തം അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന കാരണത്താല്‍ ബ്ലാക്ക്‌ മെയില്‍ ചെയ്യാം എന്ന ധാരണ എത്ര വലിയ നേതാവായാലും ഭൂഷണമല്ല.. സ്വന്തം ജീവിതകാലത്ത് തന്നെ സ്വപ്‌നങ്ങള്‍ ഒക്കെ നടക്കണം എന്ന് തോന്നുന്നയാള്‍ ചരിത്രമറിയാത്ത 'മന്ദബുദ്ധി' തന്നെയാണ്.. തനിക്ക് ശേഷവും ഇവിടെ സംഘടന, പോരാട്ടങ്ങള്‍, അഴിമതി, അഴിമതി വിരുദ്ധത എന്നിവയൊക്കെ ഉണ്ടാവും എന്ന ചരിത്രപരമായ വിനയം സംഘടനാപരമായി സൂക്ഷിക്കാന്‍ കഴിയാത്തവര്‍ അപ്പോള്‍ കമ്മ്യൂണിസ്റ്റ് എന്ന പേരിനു അര്‍ഹരല്ലാതായി തീരും.. VS നെ ചിലര്‍ ആള്ദൈവമായി കൊണ്ടുനടക്കുന്നതിനാലാണ് പിണറായിയെ മറ്റു ചിലര്‍ അതേ രീതിയില്‍ തന്നെ തിരിച്ചടിക്കായി ഉപയോഗിക്കുന്നത്.. ഇ.പി. ജയരാജന്‍ പ്രസംഗിച്ചത് ഒരു നാലഞ്ചു വാചകങ്ങള്‍ എങ്കിലും സംപ്രേഷണം ചെയ്യാനുള്ള മാന്യത ഒരു മാധ്യമവും കാണിച്ചില്ല.. വിമര്‍ശന വിധേയമായ ഈ ഒരൊറ്റ വാചകം മാതമാണ് കാവ്യയുടെ കല്ല്യാണം മിനുട്ടുകളോളം കാണിച്ച മാധ്യമങ്ങള്‍ കാണിച്ചത്.. ഇതില്‍ ഒരു അനീതിയുണ്ട്.. പിണറായി ആണ് പ്രസ്ഥാനം എന്നുള്ളത് ഒരാളും അംഗീകരിക്കില്ല.. പിന്നെ, എറിയാന്‍ ഏത് കല്ലും ഉപയോഗിക്കുന്നവര്‍ക്ക് മാധ്യമങ്ങള്‍ ഉദാരമായി കല്ലുകള്‍ സപ്ലൈ ചെയ്യുന്നു എന്നതിന്റെ തെളിവായെ ഞാന്‍ ഇതിനെ കാണുന്നുള്ളൂ..
    7. ഒരു കമ്മ്യൂണിസ്റ്റ് രണ്ടു കത്തികള്‍ കരുതണമെന്നാണ്.. ഒരു കത്തി ശത്രുവിനെ എതിരിടാനുള്ളത്; മറ്റേതു പാര്‍ട്ടിക്കുള്ളിലെ തെറ്റുകളെ എതിര്‍ക്കുവാനുള്ളത്.. തിരിച്ചറിവുള്ള ഒരു കമ്മ്യൂണിസ്റ്റ് ഇങ്ങനെ ആയിരിക്കണം.. ഇതു അച്ചില്‍ ഉണ്ടാക്കിയ ഒരു മാതൃകയോന്നുമല്ല.. ചരിത്രപരമായ ഓരോ ഘട്ടങ്ങളിലും കത്തിയുടെ മൂര്‍ച്ച കൂടിയും കുറഞ്ഞുമിരിക്കും.. അതൊന്നും സംഘടനയെ നിഷേധിക്കുവാന്‍ കാരണമല്ല.. സംഘടന കാലത്തെ അതിജീവിക്കും.. കാരണം കാലത്തിനനുസരിച്ച് നവീകരിക്കുവാന്‍ സാധ്യതയുള്ള ഒരു പ്രത്യശാസ്ത്രവും സംഘടനയും ഇതു മാത്രമേയുള്ളൂ..
    8. എല്ലാം ഭദ്രമാണെന്ന് അഭിപ്രായമില്ല.. എല്ലാം നശിച്ചു എന്നും അഭിപ്രായമില്ല.. പ്രതീക്ഷയാണ് എന്നെയും പാര്‍ട്ടിയോട് ഒപ്പമുള്ളവരെയും നയിക്കുന്നത്... അത് അങ്ങിനെയാണ് .. അത് അങ്ങിനെ തന്നെ ആയിരുന്നു.. മാധ്യമങ്ങള്‍ ഒരുക്കുന്ന ഗൃഹാതുരത്വ കട്ടന്‍ ചായയില്‍ മയങ്ങി പോകാത്തവര്‍ക്ക് ഇതു തിരിച്ചറിയാന്‍ കഴിയും..

    ReplyDelete
  24. പിണറായി മാത്രമാണ് സത്യം എന്ന് വിശ്വസിക്കുകയും ,
    അച്ചുതാനന്ദന്‍ ഒരു വലിയ അസത്യമാണെന്ന് വരുത്തി തീര്‍ക്കുകയും
    ചെയ്യേണ്ടത് , ഇന്നത്തെ പാര്‍ടി യന്ത്രത്തിന്റെ ആവശ്യമാണ് .
    കാല്‍കീഴില്‍ നിന്നു മണ്ണ് ഒഴുകി പോവുന്നതിന്റെ കിരുകിരുപ്പ്
    ഒന്ചിയത്ത് പോയാല്‍ വ്യക്തമായി അനുഭവിക്കാം . ഇതു
    ആരുടെ സൃഷ്ടി യാണ് കൂട്ടുകാരാ ..ഒന്ചിയത്തെ 'പ്രശ്നക്കാര്‍'
    നിന്റെയും എന്റെയും കൂട്ടുകാരടക്കം ഒരു പാടു പേര്‍ മൊത്തത്തില്‍
    മന്ദബുദ്ധികള്‍ ആയി മാറി എന്നതോ ശരി ...?
    സത്യത്തിനും , സാധാരണക്കാരനും വേണ്ടി ഒരു 'ചെരുവിരലെന്കിലും'
    അനക്കാന്‍ അടുത്തകാലത്ത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ.വി .എസ് മാത്രമെ
    ഉണ്ടായിരുന്നുള്ളൂ എന്നതല്ലേ സത്യം..

    ReplyDelete