Saturday, November 15, 2008

ഈ പാര്‍ട്ടിയെ ഞങ്ങള്‍ നന്നാക്കിതരാം...

ശ്രീ. ബി.ആര്‍.പി.ഭാസ്കറിന്റെ 'വായന' എന്ന ബ്ലോഗില്‍ CPIM നു പലിശ, dividend എന്നീ ഇനങ്ങളില്‍ ഉള്ള വരുമാനത്തെ പറ്റി ഒരു പോസ്റ്റും അതിന് പുറകെ കുറെ കമന്റുകളും വന്നിരുന്നു. അന്ധമായ CPIM വിരോധത്തിന്റെ നല്ല ദൃഷ്ടാന്തമാണ് അതിലെ മിക്ക കമന്റുകളും. ഭാസ്കര്‍ ആകട്ടെ, വളരെ സമര്ഥമായാണ് പോസ്റ്റ് ഇട്ടിട്ടുള്ളത്.. ആദ്യത്തെ വാചകം നോക്കൂ: 'സ്റ്റോക്ക് മാര്‍ക്കെറ്റില്‍ നിക്ഷേപങ്ങള്‍ ഉള്ള പാര്‍ട്ടിയാണ് CPIM എന്ന് ചിദംബരം പറഞ്ഞത്രേ.. പിന്നത്തെ വാചകം, പലിശയായും dividend ആയും CPIM നു 2.15 കോടി രൂപ വരെ ഒരു വര്ഷം വരുമാനം ഉണ്ടാവുന്നു എന്നും.. ഇതില്‍ പലിശ എത്ര എന്നും dividend എത്ര എന്നും വേര്‍തിരിച്ചു കാണിച്ചിട്ടില്ല. CPIM നു ബാങ്ക് നിക്ഷേപങ്ങള്‍ ആയി നമ്മുടെ സഹകരണ ബാങ്കുകള്‍ മുതല്‍ ദേശസാല്‍കൃത ബാങ്കുകള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ ഉണ്ട്. പലിശ വരുമാനം തന്നെയാവും കൂടുതല്‍ എന്നാണു എന്റെ അഭിപ്രായം. ഇപ്പോള്‍ മനസ്സിലായില്ലേ, CPIM ഒരു മുതലാളി ആണെന്ന്? എന്നാണു അഞ്ചരക്കണ്ടി സുകുവിന്റെ അഭിപ്രായം. നല്ല എരിവുള്ള ഇഞ്ചി പെണ്ണിന്റെ കണ്ണും മൂക്കുമില്ലാത്ത അഭിപ്രായങ്ങള്‍ കൂടെയുണ്ട്. ചിലത് ഞാനും പറയട്ടെ:

വടകരയില്‍ ആണ് എന്റെ വീട്. CPIM നു നല്ല വേരോട്ടമുള്ള നാട്. ഞങ്ങളുടെ നാട്ടില്‍ വലിയ ഒരു പ്രദേശത്ത് ഒരു ബ്രാഞ്ച് കമ്മിറ്റി ആണ് പ്രവര്‍ത്തിച്ചിരുന്നത്. വലിയ ഒരു പ്രദേശം ആയതിനാലും മെമ്പര്‍മാരുടെ എണ്ണം കൂടിയതിനാലും അവിടെ ബ്രാഞ്ച് വിഭജിക്കുവാന്‍ തീരുമാനമായി. പഴയ ബ്രാഞ്ച് പ്രദേശത്തിന്റെ തെക്കുഭാഗതായിരുന്നു പാര്ട്ടി ഓഫീസ് ഉണ്ടായിരുന്നത്. നാല് വര്ഷം ഒരു കലാസമിതി വാര്‍ഷികം നടത്തിയതിന്റെ ബാക്കി പണവും, ചില സുവനീര്‍ പ്രവര്‍ത്തനത്തില്‍ ബാക്കി വന്ന പണവും പിന്നെ ഒരു ബില്‍ഡിംഗ്‌ ഫണ്ട് സമാഹരണവും ശ്രമദാനവും വഴിയാണ് ഓഫീസ് നിര്‍മ്മിച്ചത്‌.. ഓഫീസിന്റെ ബോര്‍ഡുകള്‍ എഴുതുവാനും അകത്തെ ചില ചിത്രങ്ങള്‍ വരക്കുവാനും ഞാനും മിനക്കെട്ടിട്ടുണ്ട്.

ബ്രാഞ്ച് വിഭജനം കഴിഞ്ഞു . വടക്കു ഭാഗത്ത് നിലവില്‍ വന്ന ബ്രാഞ്ചില്‍ പരിചയ സമ്പന്നരായ പ്രവര്‍ത്തകര്‍ കുറവായിരുന്നു. എന്നിരുന്നാലും RSS നോട്ടമിട്ടിരുന്ന ഒരു സ്ഥലം എന്ന നിലയില്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നു. നല്ല കെട്ടുറപ്പുള്ള ഒരു പാര്ട്ടി ഘടകമായി പുതിയ ബ്രാഞ്ച് പെട്ടെന്ന് തന്നെ മാറി.
ആദ്യകാലത്ത് ( എന്ന് പറഞ്ഞാല്‍ ഒരു പത്തു വര്ഷം മുന്പ്, അല്ലാതെ അന്‍പതുകളില്‍ എന്നൊന്നും ധരിച്ചെക്കല്ലേ ..) പാര്ട്ടി യോഗങ്ങള്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ വെച്ചാണ് നടത്തിയിരുന്നത്. പ്രചാരണ സാമഗ്രികള്‍, കൊടികള്‍, തുടങ്ങിയവ ഏതെങ്കിലും വീടുകളില്‍ വെക്കുകയായിരുന്നു പതിവു. ഇതൊക്കെ പിന്നെ പലതരത്തില്‍ ബുദ്ധിമുട്ടായി. പ്രവര്‍ത്തകരുടെ വീടുകളില്‍ വെച്ചു നടത്തുന്ന യോഗങ്ങള്‍ക്ക് സ്വകാര്യത കിട്ടുന്നില്ലെന്നത് വലിയ ഒരു പ്രശ്നമായി. എല്ലാവര്ക്കും ഒത്തു ചേരുവാന്‍ ഒരു സ്ഥലം കിട്ടുക എന്നത് ഞങ്ങളുടെ പ്രദേശത്തെ പാര്ട്ടി പ്രവര്‍ത്തകരുടെ ഒരു സ്വപ്നമായി. നല്ല ഒരു കോണ്‍ക്രീറ്റ് റൂം പോലും വാടകയ്ക്ക് കിട്ടുക എന്നത് ബുദ്ധിമുട്ടായിരുന്നു. അങ്ങനെ, ഒരു സ്ഥലത്തു സ്ഥലമുടമ ഒരു ചെറിയ കെട്ടിടം കെട്ടിതന്നു. മങ്കട്ട കൊണ്ടു പടുത്തു ഓല മേഞ്ഞ ഒരു കെട്ടിടം. ഞങ്ങള്‍ ഒരു കലാസമിതിയ്ക്ക് രൂപം കൊടുത്തു.. ഒരു ചെറിയ വായനശാല ഉണ്ടാക്കി. മൂന്നു നാല് കൊല്ലം നാടിനെ സജീവമാക്കി കടന്നുപോയി. പാര്‍ട്ടിയ്ക്ക് കൂടുതല്‍ വൈപുല്യം കൈവന്നു. കലാസമിതി വലുതായി. വായനശാല വലുതായി. ഒരു ചെറിയ ഗ്രന്ഥശാല ഉണ്ടായി. ചെറിയ കെട്ടിടം ശരിക്കും തികയാതെ വന്നു.

അപ്പോള്‍ മറ്റൊരു സംഭവം ഉണ്ടായി. ചെറിയ കെട്ടിടത്തിന്റെ ഉടമയ്ക്ക് കെട്ടിടം ഇരുന്ന സ്ഥലം വില്‍ക്കണം. അതിന് വേണ്ടി കെട്ടിടം ഒഴിഞ്ഞു തരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്ട്ടി സജീവമായി പുതിയ ഒരു ഓഫീസ് കെട്ടിടം എടുക്കുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങി. സ്ഥലം വേണം. സ്ഥലത്തിന് വലിയ വില. സെന്റിന് എഴുപതിനായിരം വരെ വരും.. റോഡരികില്‍ അല്ലാത്ത ചില സ്ഥലങ്ങള്‍ നോക്കിയപ്പോള്‍, ചിലത് ഉടമകള്‍ വില്‍ക്കാന്‍ തയ്യാറല്ല.. തയ്യാറുള്ളവരെ RSS കാര്‍ പറഞ്ഞു വിലക്കുന്നു.. ഒടുവില്‍ റോഡ് അരികില്‍ ഉള്ള ഒരു സ്ഥലം കച്ചവടം ചെയ്തു.. സെന്റിന് 60000 രൂപ വെച്ച് രണ്ടു സെന്റ് സ്ഥലം. കുറഞ്ഞ വില നോക്കി പോയാല്‍ പാര്ട്ടി ആസ്ഥാനം പ്രവര്ത്തന കേന്ദ്രത്തില്‍ നിന്നും ദൂരെ പോകും. അത് ശരിയാവില്ല. അങ്ങനെ കച്ചവടം ഉറപ്പിച്ചു. കൈയില്‍ വെറും 20000 രൂപ മാത്രം ഉണ്ട്.. വൈകിട്ട് യോഗം വിളിച്ചു.. മേല്‍ കമ്മിറ്റികള്‍ ചെറിയ സംഖ്യ തരും.. ബാക്കി പിരിച്ചുണ്ടാക്കണം. എല്ലാ ഒഴിവു ദിനങ്ങളിലും ഞങ്ങള്‍ പണം പിരിക്കുവാന്‍ പോകും.. അങ്ങിനെ ഏകദേശം ഒന്നൊന്നര വര്ഷം കൊണ്ടു ഞങ്ങള്‍ കെട്ടിടം പണി തീര്ത്തു. പത്തിരുപതു പേരുടെ പ്രതിഫലം വാങ്ങാത്ത അധ്വാനം അതിനുമേലുണ്ട്..
സ്ഥലം രജിസ്റ്റര്‍ ചെയ്തത് CPIM പാര്ട്ടിയുടെ പേരിലാണ് . കെട്ടിടം പാര്ട്ടിയുടെ പേരിലാണ്.. ഇത്തരം കെട്ടിടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ ഏറ്റവും വലിയ മുതലാളി പാര്‍ട്ടിയാണ് CPIM എന്ന് പറയുന്നതു. വലിയ കെട്ടിടങ്ങള്‍ ഇങ്ങനെയൊന്നും ആവില്ല പണിയുന്നത്.. ശരി തന്നെ.. പക്ഷെ, എല്ലാ ആസ്തിയും പാര്ട്ടി ഉണ്ടാക്കുന്നത്‌ സുതാര്യമായി ആണ്. അത് പര്ട്ടിക്കാര്‍ക്കറിയാം. ഞങ്ങള്‍ കെട്ടിടം പണിയുവാന്‍ പലരുടെയും സംഭാവന വാങ്ങിയിട്ടുണ്ട്.. വലിയ വലിയ ഉദ്യോഗസ്ഥരുടെ, മുതലാളിമാരുടെ, പാവങ്ങളുടെ, കോണ്ട്രക്ടര്മാരുടെ , എല്ലാം പണം വാങ്ങിയിട്ടുണ്ട്.. പക്ഷെ, അതുകൊണ്ട് ഞങ്ങള്‍ എവിടെയും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടില്ല..
ചെറ്റക്കുടിലില്‍ താമസിക്കുന്ന രമേശന്‍ എന്ന പാര്ട്ടി പ്രവര്‍ത്തകന്‍ പാര്ട്ടി ഓഫീസില്‍ ഫാനിനു ചുവട്ടില്‍ ഇരുന്നു പത്രം വായിക്കുന്നതുകണ്ട ഒരു കോണ്‍ഗ്രെസ്സുകാരനായ തറവാട്ടുകാരന്‍ പറഞ്ഞു: '! ഇന്നലെ വരെ ചാണകം തേച്ച നിലത്തു പടിഞ്ഞിരുന്നവന്‍ ഫാനിനു ചുവട്ടില്‍ വായിക്കുന്നു.. ഇവനൊക്കെ പഴയ കാലം മറന്നു.. '
ഇതു തന്നെയല്ലേ, അന്ജരക്കണ്ടി സുകുവിന്റെയും ഇഞ്ചി പെണ്ണിന്റെയും സ്വരം?

1. ഞങ്ങളുടെ നാട്ടിലും മുറി ബീഡി വലിച്ചു പരിപ്പുവടയും കട്ടനും അടിചു പ്രവര്‍ത്തിച്ചവര്‍ ഉണ്ടായിരുന്നു.. ഞങ്ങള്‍ ഇപ്പോള്‍ പലരും വലിക്കാറില്ല.. ചായയ്ക്ക് പൊറോട്ടയും ബീഫും തന്നെയാണ് കഴിക്കാറുള്ളത്.. ഇതൊന്നും ഞങ്ങള്‍ക്കെന്താ പറ്റില്ലേ? പാര്ട്ടി പ്രവര്‍ത്തകര്‍ എന്താ വല്ല വിശേഷപ്പെട്ട ഗോത്ര വര്‍ഗ്ഗവും ആണോ?
2. കോണ്‍ഗ്രെസ്സുകാര്‍ക്കും മറ്റും ഇത്രയ്ക്ക് ആസ്തി ഉണ്ടാവാത്തത് എന്തുകൊണ്ടാണെന്ന് പറഞ്ഞു തരാം.. കോണ്‍ഗ്രസുകാര്‍ സംഭാവന രശീതിയ്ക്ക് നമ്പര്‍ അടിക്കുവാന്‍ തുടങ്ങിയത് ഈയിടെയാണ്.. പിരിക്കുന്ന സംഭാവനകള്‍ നേതാക്കളുടെ കീശയിലേക്ക്‌ പോകും.. ഞങ്ങള്‍ പിരിക്കുന്നത് കെട്ടിടങ്ങളില്‍ കാണും..
3. പാര്ട്ടി പ്രവര്‍ത്തകര്‍ ദേവ ജന്മങ്ങള്‍ ഒന്നുമല്ല.. പച്ചയായ മനുഷ്യര്‍.. ഒരു ബൂര്‍ഷ്വാ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ എല്ലാ തരം പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കും ഇടയിലാണ് ജീവിതം.. പരമാവധി നല്ല മനുഷ്യരായി ജീവിക്കുവാന്‍ വേണ്ട തിരുത്തലുകള്‍ നല്കുന്ന ചട്ടക്കൂടും ആത്മാവുമാണ് സംഘടന. ഒരു മാര്ക്സിസ്റ്റ് പ്രവര്‍ത്തകന്‍ സമൂഹത്തില്‍ മീന്‍ വെള്ളത്തിലെന്ന പോലെ കഴിയണമെന്നാണ്.. പാര്‍ട്ടിയിലുള്ള ആരും ഒരുകാലത്തും നൂറു ശതമാനം നല്ലവര്‍ ഒന്നും ആയിരുന്നില്ല.. അങ്ങനെ ആരെങ്കിലും ഉണ്ടാവും എന്നും തോന്നുന്നില്ല.. നമ്മുടെ കുറവുകള്‍ നികത്തുവാന്‍ കൂടി വേണ്ടിയാണ് സംഘടന..
4. ഇന്നു CPIM നെ വിമര്‍ശിക്കുവാന്‍ വേണ്ടി പഴയ കാല പ്രവര്ത്തന രീതിയെ ശ്ലാഘിച്ചുകൊണ്ട്‌ സംസാരിക്കുന്നവര്‍ പാര്ട്ടി നന്നായി ക്കാണാന്‍ വേണ്ടിയാണ് പറയുന്നതെന്ന് ഞാന്‍ കരുതുന്നില്ല.. അവര്‍ ജീവിച്ചിരുന്നത് കൃഷ്ണപ്പിള്ളയുടെ കാലതായിരുന്നെങ്കിലും അവര്‍ പാര്ട്ടി വിരുദ്ധര്‍ ആയിരിക്കും.. കാരണം, അവര്ക്കു ഒരിക്കലും ഇതൊന്നും അംഗീകരിക്കുവാന്‍ കഴിയില്ല..
5. പരിപ്പുവട കാലത്തില്‍ നിന്നും സമൂഹം ഒരു പാടു മാറി. മാര്‍ക്സിസ്റ്റുകള്‍ മാത്രം അവിടെ തന്നെ നില്‍ക്കണം എന്ന് പറയുന്നതിന്റെ പിന്നില്‍ എന്താണ്? നിങ്ങള്‍ക്കും നിങ്ങളുടെ കൂട്ടാളികള്‍ക്കും എന്തും തിന്നാം, ഞങ്ങള്‍ പരിപ്പുവട തന്നെ തിന്നാല്‍ മതി എന്ന് പറയുന്നതേ, അങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി..
6. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പണം വേണം.. പ്രകാശ് കാരാട്ടിന് തിരുവനന്തപുരത്തേക്ക് വരണമെങ്കില്‍ ഡല്‍ഹിയില്‍നിന്നും ലോക്കല്‍ തീവണ്ടിയില്‍ വരണമെന്ന് വെച്ചാല്‍ നടക്കുമോ? വിമാനത്തില്‍ തന്നെ വരണം. മറ്റു പാര്‍ട്ടികള്‍ സ്വീകരിക്കുന്ന രീതികള്‍ കുറെയൊക്കെ ഇത്തരം കാര്യങ്ങളില്‍ സ്വീകരിക്കാതെ 'കൃഷ്ണപ്പിള്ള പണ്ടു നടന്നുപോയി ഉണ്ടാക്കിയ പാര്‍ട്ടിയാണ്, ഞാന്‍ എങ്ങിനെയാ എയര്‍ കണ്ടിഷന്‍ വിമാനത്തില്‍ കയറുക' എന്ന് ശങ്കിച്ചു നില്‍ക്കണോ ഞങ്ങള്‍?
7. സംഭരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന പണത്തിനു അണ പൈ കണക്കു സൂക്ഷിക്കുകയും ആയതു നിയമപ്രകാരം അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് CPIM. അല്ലാതെ കുംഭകോണങ്ങളില് നിന്നും ഹവാലയില്‍ നിന്നും കണക്കില്ലാത്ത പണം കൈപ്പറ്റുകയും കണക്കില്ലാതെ ചെലവഴിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെ കാണില്ല. CPIM കൈപ്പറ്റുന്ന പണം നേതാക്കളുടെ സ്വകാര്യ ആസ്തി വര്ധിപ്പിക്കുകയാനെന്നു ഇഞ്ചി പെണ്ണ് എഴുതിക്കണ്ടു.. സ്വന്തം മാര്ക്സിസ്റ്റ് വിരുദ്ധ വികാരം ശമിപ്പിക്കുന്നതിന് വേണ്ടി എന്തും എഴുതിക്കോളൂ.. ഞാനങ്ങ് ക്ഷമിച്ചു..
8. ബൂര്‍ഷ്വാ സമൂഹത്തില്‍ പ്രവര്ത്തിക്കുന്ന പാര്‍ട്ടിയ്ക്ക് ഷെയര്‍ മാര്‍കറ്റില്‍ നിന്നുള്ള പണം 'ഹറാം' ആണെന്നാണ്‌ ചിലര്‍ ഫത്വ പുറപ്പെടുവിക്കുന്നത്.. അങ്ങിനെയെങ്കില്‍ പഞാബിലെ ഏതോ ബൂര്‍ഷ്വാ ജന്മി അവിടെയുള്ള പാവം കര്ഷക തൊഴിലാളികളെ പണിയെടുപ്പിച്ച് ഉണ്ടാക്കിയ അരി ഒരു ബൂര്‍ഷ്വാ സര്ക്കാരിന്റെ പൊതു വിതരണ സംവിധാനത്തില്‍ വന്നു ഏതോ ഒരു മുതലാളി നടത്തുന്ന റേഷന്‍ ഷോപ്പില്‍ നിന്നും വാങ്ങുന്ന അരി ഒരു പാര്ട്ടിക്കാരന് തിന്നാന്‍ കഴിയുമോ ആവോ? അമേരിക്കന്‍ ചെരിപ്പുനക്കികള്‍ ആയ ഒരു ബൂര്‍ഷ്വാ ഗവണ്മെന്റ് തരുന്ന ശമ്പളം വാങ്ങാമോ, ഒരു സഖാവിനു? അതില്‍നിന്നു ലെവി ആയി ഒരു സംഖ്യ പാര്‍ട്ടിയ്ക്ക് വാങ്ങാമോ?

മാര്ക്സിസ്റ്റ് വിരോധം ഏതൊരു ബൂര്‍ഷ്വാ സമൂഹത്തിലും എളുപ്പം ചെലവാകും.. അതിന് പിന്നണി പാടാന്‍ കുറെ പേര്‍ എപ്പോഴും ഉണ്ടാകും.. ഇവര്‍ പാര്‍ട്ടിയെ നന്നാക്കി ശരിയാക്കുമെന്നാണ് ഇവര്ക്ക് തോന്നുന്നത് .. പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്ന സ്വയം വിമര്‍ശന പരമായ ചര്‍ച്ചകളുടെ നൂറിലൊന്നു കാര്യമാത്രപ്രസക്തമല്ല, ഇത്തരം വിരോധികളുടെ ജല്പനങ്ങള്‍..

23 comments:

  1. സൂര്യകാന്തി, നന്നായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് വിരോധം തലക്ക് പിടിച്ചവര്‍
    അവിടെക്കിടന്ന് പുലമ്പട്ടെ. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം തീര്‍ക്കാന്‍‌ ഏത് അടകോടനേയും കൂട്ട്പിടിക്കുന്ന വിദ്വാന്‍‌മാരെ ഈ ബ്ലോഗിലും നമുക്ക് കാണാന്‍ കഴിയുന്നുണ്ടല്ലോ.

    ReplyDelete
  2. സി.പി.എം. എന്നോ, മാര്‍ക്‌സിസ്‌റ്റ്‌ എന്നോ ഉള്ള വാക്കുകള്‍ മാറ്റിയാല്‍ ഈ പോസ്‌റ്റ്‌ കോണ്‍ഗ്രസ്സുകാരനും ബിജെപി ക്കാരനും മാറ്റി പോസ്‌റ്റു ചെയ്യാം. പക്ഷേ അവരിത്രക്കൊന്നും നെഞ്ചത്തടിച്ച്‌ നിലവിളിക്കില്ല. അയ്യോ കമ്മ്യൂണിസ്‌റ്റു വിരുദ്ധര്‍, മൂരാച്ചികള്‍ എന്നൊന്നും ഓരിയിടില്ല. വിമര്‍ശനങ്ങള്‍ക്ക്‌ അതീതരാണെന്ന എന്തോ ഒരു തരം അധീശത്വബോധം കൊണ്ടാണ്‌ വിമര്‍ശനങ്ങളെ ഇങ്ങിനെ വിമര്‍ശിക്കുന്നത്‌. പൊതു സമൂഹത്തിലായിരുന്നെങ്കില്‍ ഈ വിമര്‍ശിച്ചവരെയൊക്കെ നിങ്ങള്‍ വേണ്ട രീതിയില്‍ 'കൈകാര്യം' ചെയ്യുമായിരുന്നു എന്നത്‌ ഏതൊരു മലയാളിക്കും അറിയാം. കാലമാറ്റത്തെ സ്റ്റോക്‌മാര്‍ക്കറ്റിലൂടെ മാത്രം വായിച്ചെടുക്കാതെ ജനാധിപത്യബോധത്തിലേക്കു കൂടി വളരട്ടെ സഖാവേ.....

    ReplyDelete
  3. നീരജെ, കൊണ്ഗ്രസ്സുകാരും ബി ജെ പി ക്കാരും വിമര്‍ശനങ്ങള്‍ക്കെതിരെ ഒന്നും പറയാരില്ലെന്നോ? ഇതെന്തൊരു തോന്നലാണ്? അഥവാ, അവര്‍ വിമര്‍ശനങ്ങളെ വിമര്ശിക്കാതിരിക്കുന്നത് വലിയ മഹത്വമാണോ? നിങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ അനങാതെ കേട്ടിരുന്നോളണം എന്ന് പറയുന്നതാണോ ഈ കൂടിയ തരം ജനാധിപത്യ ബോധം എന്ന് പറയുന്ന സാധനം? പൊതു സമൂഹത്തില്‍ മാര്‍ക്സിസ്റ്റുകളെ വിമര്‍ശിച്ച എത്ര പേരെയാണ് ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്? കേരളീയ സമൂഹത്തില്‍ എന്നും വിമര്‍ശനങ്ങള്‍ക്കിരയായ വിഭാഗമാണ്‌ ഞങ്ങള്‍.. അങ്ങനെയുള്ള വിമര്‍ശനങ്ങളില്‍ നിന്നും തന്നെയാണ് താങ്കള്‍ പറഞ്ഞ "അധീശത്വബോധം" കൈവന്നത്.. അധീശത്വബോധത്തിനു (superiority complex) പൂരകമാണ് നിങ്ങളൊക്കെ കൊണ്ടുനടക്കുന്ന അധമബോധവും (inferiority complex).

    ReplyDelete
  4. നീരജ് താങ്കളുടെ കമന്റ് വളരെ പ്രസക്തമായി തോന്നി.
    സത്യന്‍ അന്തിക്കാടിന്റെ ‘സന്ദേശം’ എന്ന സിനിമയില്‍ കോണ്‍‌ഗ്രസ്സിനെയും കമ്യൂണിസ്റ്റുകാരെയും മാറിമാറി പരിഹസിയ്ക്കുന്നുണ്ട്. എന്നിട്ടും പരാതിയും പരിഭവവും കമ്യൂണിസ്റ്റുകാര്‍ക്കു മാത്രം.
    ഞാനും പറയുന്നു
    ജനാധിപത്യബോധത്തിലേക്കു കൂടി വളരട്ടെ സഖാവേ.....

    ReplyDelete
  5. നിങ്ങളുടെ "സഖാവ്‌ " എന്ന ബ്ലോഗിലെ ആദ്യ പോസ്‌റ്റിനാണെന്നു തോന്നുന്നു ഞാനൊരു കമന്റ്‌ ചെയ്‌തിരുന്നു. ബ്ലോഗ്‌ അഗ്രീഗേറ്ററില്‍ പുതിയ പോസ്‌റ്റ്‌ വരാത്തതിനായുള്ള നിങ്ങളുടെ പരിഭവം ഒരു "മൂരാച്ചി" വിളിയിലൂടെ പുറത്തുവന്നപ്പോഴായിരുന്നു അത്‌. തമാശക്കാണതെന്ന്‌ പിന്നീട്‌ നിങ്ങള്‍ ഏറ്റു പറഞ്ഞെങ്കില്‍ പോലും. പഠിച്ചതു പാടുന്ന കമ്മ്യൂണിസ്റ്റുകാരുടെ സമീപന രീതിയാണത്‌. ഒരു ശത്രുവിനെ നിര്‍മ്മിച്ച്‌, മറുപക്ഷത്തുള്ളവന്‍ മൂരാച്ചി, കമ്മ്യൂണിസ്റ്റ്‌ വിരോധി, കള്ളക്കഴുവേറി.... തുടങ്ങി എന്തും വിളിച്ചുകൂവും. വിമര്‍ശനത്തിനോടുള്ള സമീപനമാണ്‌ പ്രധാനം. വിമര്‍ശനവിഷയത്തേക്കാളപ്പുറം വിമര്‍ശിക്കുന്നവരെ ഹത്യ ചെയ്യുന്ന പ്രവണത. (സാറെ, വിമര്‍ശിച്ചവരെ കൈകാര്യം ചെയ്‌തവരുടെ കണക്ക്‌ വേണോ ? ഏറെ നീളുമത്‌.) കമ്മ്യൂണിസ്‌റ്റാശയങ്ങളുടെ ആന്തരികമായ സ്‌നേഹവും അര്‍്‌ത്ഥവ്യാപ്‌തിയും അറിഞ്ഞുകൊണ്ടുതന്നെയാണിതെഴുതുന്നത്‌. ആ ഒരര്‍ത്ഥത്തെ നശിപ്പിക്കുകയാണ്‌ ഇത്തരം സമീപനങ്ങള്‍. ഒരു മതത്തെ, അതിന്റെ പ്രതീകങ്ങളെ ഒരാള്‍ സ്‌പര്‍ശിച്ചാല്‍, വിമര്‍ശിച്ചാല്‍ എങ്ങിനെയിരിക്കും അതുപോലെയാണ്‌ നിങ്ങളെപോലുള്ളവരുടെ സമീപനം എന്ന കാര്യമാണ്‌ ഞാനുദ്ദേശിക്കുന്നത്‌. ഇത്‌ തകര്‍ച്ചയേയാണ്‌ സൂചിപ്പിക്കുന്നത്‌. അസഹിഷ്‌ണുതയുടെ, വിദ്വേഷത്തിന്റെ ബലത്തില്‍ നിലനിന്നുപോവാതെ, പോസറ്റീവായ വശങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചുകൂടേ ? പത്തായത്തിലെ സമ്പാദ്യത്തെക്കുറിച്ചുള്ള വീമ്പിളക്കലുകളില്‍, വില പേശലുകളില്‍ നിന്നും മാറി, കമ്മ്യുണിസ്റ്റാശയങ്ങളുടെ വെളിച്ചത്തില്‍ മനുഷ്യനിന്നു നേരിടുന്ന ആന്തരികസംഘര്‍ഷങ്ങളുടെയും വ്യവസ്ഥിതി നിര്‍മ്മിക്കുന്ന നീതികേടിനേയും പഠനവിധേയമാക്കാനും വിലയിരുത്താനും നിങ്ങളുടെ വിലപ്പെട്ട സമയം ഉപയോഗപ്പെടുത്തും എന്നു കരുതട്ടെ.

    ReplyDelete
  6. ഈ പറഞ്ഞതില്‍ കുറേ ന്യായങ്ങള്‍ കാണാമെങ്കിലും ഇന്ന് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്താണ്? കോണ്‍ഗ്രസ്സിലേതിനേക്കാള്‍ വലിയ ഗ്രൂപ്പിസവും നേതാക്കന്മാരുടെ (അണികളുടേയും)പണാര്‍ത്തിയും കൂടി പാര്‍ട്ടിയെ എവിടെ എത്തിച്ചു എന്ന് സ്വയം വിമര്‍ശനപരമായി ചിന്തിക്കരുതോ? കോണ്‍ഗ്രസ്സുകാരെ ജനങ്ങള്‍ക്കറിയാം. അവര്‍ വലിയ ആദ്ര്ശവാന്മാര്‍ ചമയുന്നുമില്ല. പക്ഷെ, മാര്‍ക്സിസ്റ്റുകളോ? വലിയ അവകാശവാദങ്ങളും ആദര്‍ശവും പറയുക എന്നിട്ടതിന് ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കുക. മാര്‍ക്സിസ്റ്റുകളില്‍ നിന്ന് ഇതല്ല ജനം പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളും കൂടും. പിന്നെ, അതിനുള്ള എല്ലാ വഹകളും ഇന്നത്തെ പാര്‍ട്ടി ചെയ്തു കൊടുക്കുന്നുണ്ടല്ലോ? എത്രയെത്ര ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും.
    ഈയവസരം മുതലെടുത്ത് സകല പിന്തിരിപ്പന്മാരും നിക്ഷ്പക്ഷ മുഖമ്മൂടിയണിഞ്ഞ് പാര്‍ട്ടിക്കെതിരെ തിരിയുക സ്വാഭാവികം. അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തിട്ട് വിമര്‍ശനങ്ങളെ ചെറുക്കാന്‍ പാര്‍ട്ടി അനുഭാവികള്‍ പെടുന്ന പാട് ചില്ലറയല്ല അല്ലേ? ഒന്നു മനസ്സിലാക്കുക പാര്‍ട്ടിയും പ്രവര്‍ത്തകരും ഇന്ന് ഏതവസ്ഥയിലാണ് എന്ന്. നിസ്വാര്‍ത്ഥരായ എത്രയോ പ്രവര്‍ത്തകര്‍ പുറത്താക്കപെടുകയോ, ഒതുക്കപ്പെടുകയോ, മാറിനില്‍ക്കുകയോ ചെയ്തിട്ടുണ്ട്? (അറിയാവുന്നതുകൊണ്ട് പറയുന്നതാണ് കൂടുതല്‍ തെളിച്ചു പറയേണ്ട കാര്യമില്ല എന്ന് തോന്നുന്നു)

    നീരജ്,
    വ്മര്‍ശിക്കാനും അതേപോലെ തന്നെ അതിന് മറുപടി പറയാനും അവകാശമുണ്ട്. പക്ഷെ ഇവിടെ കാണുന്നത് അന്ധമായ വിരോധം വെച്ച് ഒരവസരം കിട്ടുമ്പോഴത് മുതലെടുത്ത് കൂവി വിളിക്കുന്ന കളികളാണ്. അതിനെ പ്രതിരോധിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ക്കും അവകാശമുണ്ട്.

    ReplyDelete
  7. പ്രിയ രാജേഷ സൂര്യകാന്തി,
    താങ്കളുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്നില്ല.
    പക്ഷെ പാര്‍ട്ടിക്കെന്തിനാണ് ലാഭം?
    പാര്‍ട്ടി ഓഫീസുകളെ വിടുക, ഞാനും ഓഫീസില്‍ കിടന്നുറങ്ങിയിട്ടുണ്ട്, തലചായ്ക്കാന്‍ സംരക്ഷിതമായ മറ്റിടങ്ങള്‍ ഇല്ലാഞ്ഞതിനാല്‍
    ഷെയര്‍ , അതേ പോലെ ലാഭം നല്‍കുന്ന ,മറ്റു നിക്ഷേപങ്ങള്‍, എന്തിനാണ് പാര്‍ട്ടിക്ക്?

    ReplyDelete
  8. നീരജിന്റെയും പക്ഷപാതിയുടെയും നല്ല വിമര്‍ശനങ്ങള്‍ക്ക് നന്ദി.. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, CPIM ഒരു കുറവും ഇല്ലാത്ത ഒരു പാര്ട്ടി ആണെന്നല്ല. പക്ഷെ, ഒരു പക്ഷെ, ഉള്ളടക്കത്തില്‍ പാര്ട്ടി കുറെയൊക്കെ പുറകോട്ടു പോയെന്ന് സമ്മതിക്കാം.. എങ്കിലും 'ഒടുക്കിക്കളയും' എന്ന മട്ടിലാണ് CPIM നെ പലരും വിമര്‍ശിക്കുന്നത്... ചിലരുടെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ തോന്നും ഈ പ്രപഞ്ചത്തിലെ കറുത്ത വശങ്ങള്‍ എല്ലാം ചേര്ത്തു ഉണ്ടാക്കിയ പാര്ട്ടി ആണ് CPIM എന്ന്.. അങ്ങിനെയല്ല, മറിച്ചു ഇന്നും ഒരു പാടു നന്മകള്‍ ബാക്കി നില്ക്കുന്ന ഒരു പ്രസ്ഥാനമാണ് അത്.. മനോരമാദി മാധ്യമങ്ങളുടെയും അന്ജരക്കണ്ടി സുകു, നകുലനാദി ബ്ലോഗര്‍മാരുടെയും കണ്ണടച്ച വിമര്‍ശനങ്ങളെ മറു ചെകിടും കാണിച്ചുകൊടുത്തു പുണ്യുവാളന്മാരാകാന് ഒരു മാര്ക്സിസ്റ്റിനെയം കിട്ടില്ല.. അവര്ക്കു അതെ ഭാഷയില്‍ തന്നെ മറുപടി കൊടുക്കണം.. വസ്തു നിഷ്ഠമായ വിമര്‍ശനങ്ങളെ തല്‍ക്കാലം വാശി കൊണ്ടു എതിര്‍ക്കാരുണ്ടെങ്കിലും, ആ വിമര്‍ശനങ്ങള്‍ ഞങ്ങള്‍ എന്നും ഉള്‍ക്കൊണ്ടിട്ടുണ്ട്.. അത് ഞങ്ങള്‍ 'ഉള്ളിലുള്ളവര്‍ക്ക്' അറിയാം.. ഇത്രയധികം ഉള്പാര്ടി ചര്‍ച്ചകള്‍ നടക്കുന്നതും ജനാധിപത്യ രീതികള്‍ക്ക് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നതുമായ ഏത് പാര്ട്ടി ഇന്ത്യയില്‍ ഉണ്ട്? പിണറായി വിജയന്‍ പാര്ട്ടി സെക്രട്ടറി ആയതു എന്തോ കുറുക്കു വഴിയിലൂടെ ആണ് എന്നാണു ചിലരുടെ ധ്വനി.. പത്തു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും രണ്ടു ഘട്ടങ്ങളിലായി നടന്ന പരാതിരഹിതമായ ഉള്പാര്ടി തെരഞ്ഞെടുപ്പുകള്‍ക്കും ശേഷമല്ലേ പിണറായി പാര്ട്ടി സെക്രട്ടറി ആയതു? ജനാധിപത്യം എപ്പോഴും ശരിയായിക്കൊള്ളണം എന്നില്ല... അതിലെ തെറ്റുകള്‍ (അങ്ങിനെയാണെങ്കില്‍) തല്‍ക്കാലം സ്വീകരിക്കുക തന്നെയാണ് വഴി..

    ReplyDelete
  9. കമ്യൂണിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രം മുറുകെപ്പിടിക്കുന്ന ഒരു താത്വിക പ്രസ്ഥാനമെന്നതിലപ്പുറം, ഒരു മികച്ച രാഷ്ട്രീയപാര്‍ട്ടിയാണ്‌ ഇടതുപക്ഷ പ്രസ്ഥാനം. രാഷ്ട്രീയത്തില്‍ കുറച്ചെങ്കിലും മൂല്യങ്ങളുയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടിക്കാകുന്നുണ്ട്‌. കുറച്ചു തത്വശാസ്‌ത്ര പിടിവാശികള്‍ ഉപേക്ഷിച്ചാല്‍ അല്‍പം കൂടി നന്നായി.

    ഇടതുപാര്‍ട്ടികളുടെ സമ്പാദ്യത്തെക്കുറിച്ച്‌ പലരും പരിഭവം പറയുന്നു. മറ്റു പാര്‍ട്ടികളിലും സമ്പാദിക്കല്‍ നടക്കുന്നുണ്ട്‌. അവിടെ പാര്‍ട്ടിയേക്കാള്‍ വ്യക്തികളാണ്‌ വളരുക. ഇടതില്‍ നേരെ തിരിച്ചും. അപവാദങ്ങളില്ലാതില്ല.

    പക്ഷെ എന്തിനാണ്‌ ഈ സമ്പാദ്യമത്രയും ഉപയോഗപ്പെടുത്തുന്നത്‌ എന്ന്‌ വെളിപ്പെടുത്താന്‍ പാര്‍ട്ടി തയ്യാറാകേണ്ടതുണ്ട്‌.

    പിന്നെ ചേരിപ്പോര്‌. അത്‌ എല്ലായിടത്തുമുണ്ട്‌. ഇടതുപക്ഷപ്രശ്‌നങ്ങള്‍, മാധ്യമങ്ങളിലെ ഭൂരിപക്ഷവും ഊതിവീര്‍പ്പിക്കുകയാണ്‌.
    വലതുപക്ഷ പാര്‍ട്ടികളില്‍നിന്ന്‌ പുതിയ പുതിയ പാര്‍ട്ടികള്‍ നിരന്തരം തന്നെ പിറക്കുന്നു. മുരളീധരന്റേത്‌ അവസാന ഉദാഹരണം മാത്രം.

    മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നീക്കം നടത്താന്‍ ഇടതുപക്ഷത്തിനായി. വലതുപക്ഷത്തിന്‌ അത്തരമൊരു ശ്രമം നടത്താന്‍ പോലും ഇത്രകാലമായിട്ടും ധൈര്യമുണ്ടായിട്ടില്ല.
    മൂന്നാര്‍ നീക്കം പാളിപ്പോയെന്ന്‌ ചിലര്‍ ആക്ഷേപിക്കുന്നു.
    മുണ്ടുപോലും ഉടുക്കാത്തവന്‍ ഷര്‍ട്ടിടാത്തവനെ ആക്ഷേപിക്കുന്നപോലുണ്ട്‌ ഈ വിഷയത്തിലെ വിമര്‍ശനം കേട്ടാല്‍.

    ReplyDelete
  10. കാട്ടുകോഴിNovember 16, 2008 12:38 PM

    രാജേഷ് സൂര്യകാന്തി said...
    ചെറ്റക്കുടിലില്‍ താമസിക്കുന്ന രമേശന്‍ എന്ന പാര്ട്ടി പ്രവര്‍ത്തകന്‍ ഈ പാര്ട്ടി ഓഫീസില്‍ ഫാനിനു ചുവട്ടില്‍ ഇരുന്നു പത്രം വായിക്കുന്നതുകണ്ട ഒരു കോണ്‍ഗ്രെസ്സുകാരനായ തറവാട്ടുകാരന്‍ പറഞ്ഞു: 'ഓ! ഇന്നലെ വരെ ചാണകം തേച്ച നിലത്തു പടിഞ്ഞിരുന്നവന്‍ ഫാനിനു ചുവട്ടില്‍ വായിക്കുന്നു.. ഇവനൊക്കെ പഴയ കാലം മറന്നു.. '

    സൂര്യകാന്തി സഖാവെ, രമേശന്‍ എന്ന പാര്ട്ടി പ്രവര്‍ത്തകന്‍ ഇപ്പോഴും ആ ചെറ്റക്കുടിലില്‍ തന്നെയായിരിക്കുമല്ലോ താമസ്സിക്കുന്നത്. പാര്‍ട്ടി ഓഫീസ് Ac ആക്കിക്കാണുമല്ലോ.

    അഭിവാദ്യങ്ങള്‍

    ReplyDelete
  11. കാട്ടുകോഴിക്കെന്തു ശങ്കരാന്തി! എന്ന് ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്... കാര്യമറിയാതെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയുമെന്ന് നടിക്കാത്തവരാണ് ഈ കാട്ടുകോഴികള്‍..
    രമേശന്റെ വീട്ടില്‍ ചാണകം മെഴുകിയതാണെന്ന് വെച്ചു അവന്റെ പാര്ട്ടിയുടെ ഓഫീസിലും ചാണകം മെഴുകണോ? അവന്റെ വീട്ടില്‍ മണ്ണെണ്ണ വിളക്കാനെന്നു വെച്ചു പാര്ട്ടി ഓഫീസില്‍ വിളക്ക് കത്തിക്കണോ? ഈ ഓഫീസ് എന്ന് വെച്ചാല്‍ രമേശന് മറ്റൊരു വീടാണ് സുഹൃത്തേ.. ഓഫീസ് AC ആക്കുന്നെങ്കില്‍ അത് രമേശനും കൂടി തീരുമാനിക്കും..

    ഇവരോടൊക്കെ എങ്ങിനെയാണ് മറുപടി പറയേണ്ടത്? വെറും കാട്ടുകോഴികള്‍!

    ReplyDelete
  12. നന്നായി, ആത്മാര്‍ത്ഥതയോടെ വിവരിച്ചിരിക്കുന്നു. വിമര്‍ശനങ്ങള്‍ ശുദ്ധിയുള്ള പ്രവര്‍ത്തനങ്ങളെ കൂടുതല്‍ തിളക്കമുള്ളതാക്കുമെന്നല്ലാതെ ശുദ്ധിയുള്ളവയെ തകര്‍ക്കാന്‍ കഴിയുന്നവയല്ല. വിമര്‍ശകരാണ് സത്യത്തില്‍ പര്‍ട്ടിയുടെ പ്രചാരകര്‍ എന്ന് മനസ്സിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു. ഇതാ കണക്കുകള്‍ എന്നു പറയുന്ന തങ്കളുടേതുപോലുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വങ്ങളില്‍ കൂടുതല്‍ പ്രത്യക്ഷമാകട്ടെ.

    ReplyDelete
  13. കോണ്‍ഗ്രസ്സിനെയും ബി ജെ പിയും വിമര്‍ശിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കലാണ് സി പി എംനെതിരെ കുതിരകേറല്‍.

    സി പി എം കൊമ്പും വാലുമുള്ള പാര്‍ട്ടിയല്ല, നമ്മുടെ പാര്‍ട്ടിയെപോലെ എല്ലാ ദുഷ്പ്രവണതകളും ഉള്ള പാര്‍ട്ടിയാണ് അത് എന്നല്ലേ ഇഞ്ചി(വിമര്‍ശകര്‍) പറയുന്നത്.

    ReplyDelete
  14. രാജേഷ് സൂര്യകാന്തി said...
    രമേശന്റെ വീട്ടില്‍ ചാണകം മെഴുകിയതാണെന്ന് വെച്ചു അവന്റെ പാര്ട്ടിയുടെ ഓഫീസിലും ചാണകം മെഴുകണോ? അവന്റെ വീട്ടില്‍ മണ്ണെണ്ണ വിളക്കാനെന്നു വെച്ചു പാര്ട്ടി ഓഫീസില്‍ വിളക്ക് കത്തിക്കണോ? ഈ ഓഫീസ് എന്ന് വെച്ചാല്‍ രമേശന് മറ്റൊരു വീടാണ് സുഹൃത്തേ.. ഓഫീസ് AC ആക്കുന്നെങ്കില്‍ അത് രമേശനും കൂടി തീരുമാനിക്കും..


    തന്നെ അണ്ണാ.. അതു തന്നെ.. രമേശനും കുടുബവും ഇനിയും 10 കൊല്ലം കൂടി കഴിഞ്ഞാലും ചാണകം മെഴുകിയ വീട്ടില്‍ തന്നെ കഴിയും. പാര്‍ട്ടിയും ഉന്നത നേതാക്കളും 5 സ്റ്റാര്‍ ഹോട്ടലിലും വിസ്മയാ പാര്‍ക്കിലും അമേരിക്കയിലും ജീവിതം ആസ്വദിക്കും. മുഹമ്മദുമാരും, തൊമസ്സുമാരും ഇതൊക്കെ എന്നേ മസ്സിലാക്കി. രമേശന്മാര്‍ ഇതെന്നു മനസ്സിലാക്കുമോ എന്നാണേ കാട്ടുകോഴി ചിന്തിച്ചത്.
    ഒന്നാഞ്ഞ് ചിന്തിച്ചു നോക്ക് അപ്പൊ മസ്സിലാകും. കൊക്കരക്കൊ

    ReplyDelete
  15. “മുഹമ്മദുമാരും, തൊമസ്സുമാരും ഇതൊക്കെ എന്നേ മസ്സിലാക്കി. രമേശന്മാര്‍ ഇതെന്നു മനസ്സിലാക്കുമോ എന്നാണേ കാട്ടുകോഴി ചിന്തിച്ചത്.“

    ചിന്തിക്കുമ്പോള്‍ ബാലകൃഷ്ണനേയും വിജയനേയും വിട്ടു ചിന്തിക്കുന്നതാണ് നല്ലത്, കാട്ടുകോഴി, എന്നാലല്ലേ ബോംബുണ്ടാക്കുന്നതിനിടയില്‍ വീരചരമം സിദ്ധിക്കുകയുള്ളൂ.

    ReplyDelete
  16. കാട്ടുകോഴിNovember 17, 2008 1:25 AM

    തന്നെ.. തന്നെ.. ജീവി അണ്ണാ, പോലീസ് സ്റ്റേഷനില്‍ വേണേലും ബോബുണ്ടാക്കുമെന്നു പറഞ്ഞവര്‍ ഭരിക്കുമ്പോള്‍ ചാണകത്തറ രമേശന്മാര്‍ ചരടു ബോംബ് വീണ് മരിക്കുന്നതില്‍ എന്തു അതിശയം എന്നു കാട്ടുകോഴിക്കു മനസ്സിലാകുന്നില്ല.

    നമുക്കെന്നും ചാണകത്തറ, സച്ചാര്‍, പാലോളിത്തറകള്‍ കാട്ടി പലരെയും ബാ..ബാ..ബാ‍ാ എന്നു വിളിക്കുന്നത് കണ്ടിട്ട് കൊതിയാകുന്നു. വെട്ടിത്തിളങ്ങുന്ന പാലാ ഭരണങ്ങാനവും പണമില്ലത്തതിനാല്‍ പണിതീരാത്ത കടപ്പാട്ടൂര്‍ പാലവും കാണുമ്പോള്‍ വീണ്ടും കൊതി കൂടുന്നു. ശബരിമലയിലെ ദേവസ്വം ബോര്‍ഡ് വീരന്മാരുടെ പ്രകടനം കണ്ട് സന്തൊശം കോണ്ടു കണ്ണു നിറയുന്നു.

    ഓഫീസ് വാതാനുകൂലമാക്കണമോ വേണ്ടയോ എന്ന അവകാശം കയ്യിലുളള്ളതു കൊണ്ട് കാട്ടുകോഴിക്ക് ഇരിക്കപ്പൊറുതി കിട്ടുന്നില്ല. ചാണകത്തറക്കടിയില്‍ വല്ല ചിതലുമുണ്ടോ എന്നു നോക്കട്ടെ, ഒന്നു ചികയാന്‍.

    ലാല്‍ സലാം

    ReplyDelete
  17. തൊഴിലാളിയുടെ അധ്വാനം ചൂഷണം ചെയ്തു അതില്‍ നിന്നും ലാഭമുണ്ടാക്കി ആ ലാഭം പിന്നെയും കൂടുതല്‍ തൊഴിലാളി ചൂഷണത്തിന് ഉപയോഗികുക്ക എന്ന പ്രവര്‍ത്തിയില്‍ നിന്നും സര്‍വലോക തൊഴിലാളി വര്‍ഗത്തെ മോചിപിച്ചു ഈ ഉലഹത്തില്‍ വര്‍ഗ രഹിത സമൂഹം കെട്ടി പടുക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ത്രത്തിന്റെ ആണിക്കല്ല്.

    അതുകൊണ്ടാണ് തൊഴിലാളികളുടെ പാര്‍ടി സ്വകാര്യ (പാര്ട്ടിയുടെ മൂലധനം?) മൂലധനം ക്രയവിക്രയം ചെയ്തു കാശു സംഭാധികുമ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നത്. ബാങ്ക് പലിശ എന്ന് പറയുന്നതു സ്വന്തം മൂലധനത്തിന് യാതൊരു ഉടവും തട്ടാതെ കാശുണ്ടാക്കാന്‍ ഉള്ള ഏറ്റവും നല്ല ഉപാധിയാണ്. നാട്ടിലുള്ള മറ്റു മുതലാളിമാര്‍ക്ക് നേരെ സമരം ചെയ്തു പട നയിക്കുന്ന പാര്‍ടി തന്നെ ഒരു വലിയ മുതലാളി ആകുമ്പോള്‍, ആര് ആരെയാണ് വിഡ്ഢിയാക്കുന്നത്?

    നവീനവും നല്ലതും ആയ ആശയങ്ങളെ ആദ്യം വാശി കൊണ്ടു അന്ധമായി എതിര്കാറുണ്ട് എന്ന കുറ്റ സമതം നല്ലത് തന്നെ. അത് കൊണ്ടല്ലേ, ട്രാക്ടര്‍, കമ്പ്യൂട്ടര്‍, എക്സ്പ്രസ്സ് ഹിഘ്വി എന്നിവ വന്നപ്പോള്‍ ആദ്യം ചാടി കയറി സമരം ചെയ്തതും പിന്നെ ആദ്യം സമരം ചെയ്ത കുട്ടി നേതാകന്മാരുടെ മക്കള്‍ വളര്ന്നു വന്നപ്പോള്‍ പതിയെ കളം മാറി ചവിട്ടിയതും.

    ReplyDelete
  18. നിങ്ങളുടെ പാര്‍ട്ടിയെ നന്നാക്കിത്തരാനല്ലണ്ണാ എതിര്‍ക്കുന്നത് തകര്‍ന്ന് കിട്ടാന്‍ വേണ്ടിത്തന്നാ. നിങ്ങള്‍ വളര്‍ന്ന് ഇന്ത്യാ മഹാരാജ്യം വെട്ടിപ്പിടിച്ചാ ഞാങ്ങളെപ്പോലുള്ളവരുടെ കഴുത്തിന് മേല തല കാണുമോ അണ്ണാ പേടി കൊണ്ടാ ഒന്നും വിചാരിക്കല്ല്

    ReplyDelete
  19. ആണവക്കരാര്‍ പ്രശ്നത്തില്‍ പിന്തുണകിട്ടാന്‍ കോടികള്‍ കോഴയായ് വീശിയ സിങ്ങിനെ കിങ്ങാക്കി വാഴ്ത്തിയ ഒരു ബ്ലോഗറാണ് സിപിയെമ്മിനു മ്യൂച്ചല്‍ ഫണ്ടില്‍ പണമിടാന്‍ ‘മോറല്‍ റൈ’റ്റില്ലെന്ന് അതിഘോരം വാദിച്ചത്! അത്രയ്ക്കൊക്കെയേ ഉള്ളു കാര്യങ്ങള്‍. വിട്ടുകള!

    ReplyDelete
  20. "ഇന്നു CPIM നെ വിമര്‍ശിക്കുവാന്‍ വേണ്ടി പഴയ കാല പ്രവര്ത്തന രീതിയെ ശ്ലാഘിച്ചുകൊണ്ട്‌ സംസാരിക്കുന്നവര്‍ പാര്ട്ടി നന്നായി ക്കാണാന്‍ വേണ്ടിയാണ് ഈ പറയുന്നതെന്ന് ഞാന്‍ കരുതുന്നില്ല.."

    എക്സാക്റ്റ്ലി!
    ഈ “പഴയകാല പ്രവര്‍ത്തന”ങ്ങളെയും “ഏ.കെ.ജി/കൃഷ്ണപിള്ളക്കാല”ത്തേയും ക്വോട്ടിയുള്ള ശീതങ്കന്‍ കാണാന്‍ നല്ല രസമാണ്. ‘കാലന്‍ വിളിച്ചിട്ടും പോവാത്തതെന്താ ഗോപാലാ’ എന്ന് ഏ.കെ.ജി രോഗശയ്യയിലായിരുന്നപ്പോള്‍ മുദ്രാവാക്യം വിളിച്ച ടീമുകള്‍ തന്നെയാണ് പിണറായിയെ വിമര്‍ശിക്കാന്‍ എ.കെ.ജീടെ വീരചരിതം ഉരുക്കഴിക്കുന്നതും.ഇന്ന് പ്രകാശ് കാരാട്ടിനെതിരേ ഉറയുന്നവര്‍ മൂപ്പരുടെ കാലം കഴിയുമ്പോള്‍ മൂപ്പരെത്തന്നെ ഉദ്ധരിച്ച് അന്നുള്ള ഏതെങ്കിലും നേതാവിനെതിരേ തുള്ളും.

    ReplyDelete
  21. സി.പി.എം. എന്നോ, മാര്‍ക്‌സിസ്‌റ്റ്‌ എന്നോ ഉള്ള വാക്കുകള്‍ മാറ്റിയാല്‍ ഈ പോസ്‌റ്റ്‌ കോണ്‍ഗ്രസ്സുകാരനും ബിജെപി ക്കാരനും മാറ്റി പോസ്‌റ്റു ചെയ്യാം.

    ഈ പോസ്റ്റ് വായിച്ചട്ട് അതിനുള്ള ധൈര്യം കോണ്‍ഗ്രസ്സുകാരനോ ബിജെപി ക്കാരനോ ഉണ്ടെന്നു തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഒരെണ്ണം ഇടട്ടെ.

    പക്ഷേ അവരിത്രക്കൊന്നും നെഞ്ചത്തടിച്ച്‌ നിലവിളിക്കില്ല.
    അപ്പോള്‍ പത്രങ്ങളില്‍ വരുന്ന വാര്‍ത്തളോക്കെ നെഞ്ചത്തടിച്ച്‌ നിലവിളിയാണല്ലെ.. ലോകം മുഴുവന്‍ 24 മണിക്കൂറും നെഞ്ചത്തടിച്ചു നിലവിളിച്ചോണ്ട് ഇരിക്കുന്നു, നല്ല വീക്ഷണം.
    അല്ലെങ്കില്‍ തന്നെ ഇടതുപക്ഷക്കാര്‍ക്കു സ്വന്തം നിലപാടുകള്‍ ഡിഫന്‍‌ഡ് ചെയ്യാനെന്തവകാശമാ ഉള്ളത് ? അത്രയ്ക്കായോ ?
    ഇനി അടുത്തത് ഇടതുപക്ഷക്കാര്‍ക സ്വന്തം നിലപാടുകള്‍ ഡിഫന്‍‌ഡ് ചെയ്യുന്നത് ഞങ്ങള്‍ക്കെതിരേയുള്ള ആക്രമണമാണെന്നായിരിക്കും. ഇറാഖിനെ ആക്രമിച്ചപ്പോഴും അമേരിക്കക്ക് അതു സ്വയരക്ഷയ്ക്കായുള്ള പ്രതിരോധമായിരുന്നല്ലോ !

    വിമര്‍ശനങ്ങള്‍ക്കതീതമാണെന്നു വിശ്വസിക്കുന്നതാരാണെന്നു അറിയണമെങ്കില്‍ പ്രവീണ്‍ തൊഗാഡിയയുടെ ഹാലിളക്കം ശ്രദ്ധിച്ചാല്‍ മതി.. ATS നെതിരെ പുള്ളിക്കാരന്റെ ഭീഷണി “They are committing the sin of describing a sadhvi as a terrorist. I promise a political backlash against this.”

    ഈ ഇന്ത്യാ വിരുദ്ധനെ എന്തേ ആരും അറസ്റ്റു ചെണമെന്നു പറയാത്തെ ?

    'ഓ! ഇന്നലെ വരെ ചാണകം തേച്ച നിലത്തു പടിഞ്ഞിരുന്നവന്‍ ഫാനിനു ചുവട്ടില്‍ വായിക്കുന്നു.. ഇവനൊക്കെ പഴയ കാലം മറന്നു.. '
    ഇതു തന്നെയല്ലേ, അന്ജരക്കണ്ടി സുകുവിന്റെയും ഇഞ്ചി പെണ്ണിന്റെയും സ്വരം?


    ഇതേ ഫ്യൂഡല്‍ സ്വരം തന്നെയെല്ലേ തുളസിയുടെ ബ്ലോഗിലും http://kakkat.blogspot.com/2008/11/blog-post_12.html
    ഫാസിസത്തിനുള്ള മറുപടി മതതീവ്രവാദമല്ല ജനാധിപത്യമാണ് പറയാന്‍ ഡിഫിക്കാര്‍ക്കെന്തവകാശം.!

    ReplyDelete
  22. മാന്യമഹാ ജനങ്ങളെ

    “....ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മലേഗാവ് ജന്‍ഷനില്‍ പുതുതായി തുടങ്ങുന്ന സിപീഎം റിപ്പയര്‍ ഷോപ്പ് ഉല്‍ഘാടന ചടങ്ങിലേക്ക് ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. ഇടതു പക്ഷത്തെ നേരിട്ടു കൊണ്ടിരിക്കുന്ന നിരവധി ബ്രേക്ക് പ്രശ്നം, വലി മുട്ടല്‍, പുക ക്കൂടുതല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പ്രമുഖ കെപിസിസി ബിജെപി മെക്കാനിക്കുകള്‍ നന്നാക്കി കൊടുക്കുന്നു. “ ....

    ഏവര്‍ക്കും സ്വാഗതം.

    സിപീഎം മോഡല്‍ വണ്ടികളുടെ ഏത് പ്രശ്നവും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുകയും അതിന് പേരിടുകയും ചെയ്യുന്ന ശ്രീ. സുകു പടിഞ്ഞാറക്കണ്ടി ചീഫ് മെക്കാനിക്കായി ചുമതലയേല്‍ക്കുന്ന വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.

    സിപി എം വണ്ടികള്‍ക്ക് ദേശസ്നേഹ ഓയില്‍ കൂട്ടി കൂടുതല്‍ മൈലേജ് ഉണ്ടാക്കാന്‍ എഴുതാപുറം ഗോഗുല്‍ കുമാറിന്റെ പ്രത്യേക സേവനം ലഭ്യമാണ്.കൂടാതെ ഈ വണ്ടികള്‍ക്കുണ്ടാകുന്ന വലിമുട്ടല്‍ അഥവാ ചൈനീസ് സിന്‍ഡ്രം ബ്രേക്ക് സ്ലിപ്പിംഗ് മുസ്ലിം പ്രേമം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും, കൂടുതല്‍ മൈലേജ് കിട്ടാനുള്ള ഉപാധികളും ഉഗ്ര ശേഷിയുള്ള ഉത്തേജക ബോംബുകളും തന്ന് സഹായിക്കാന്‍ RDX സംഘ് ചാലക് അസോസിയേറ്റ്സുമായി ഞങ്ങള്‍ക്ക് ടൈ അപ്പുമുണ്ട്.

    പ്രത്യേക അറിയിപ്പ് : ആളുകള്‍ കൂടുന്നൈടത്തെല്ലാം ബോംബ് വെക്കുന്നതിനായി കൂടുതല്‍ സ്കൂട്ടറുകള്‍ ആവശ്യമുണ്ട്.

    ReplyDelete
  23. കാളിദാസന്റെ വിമര്‍ശനങ്ങളോട് എന്റെ പ്രതികരണം:
    1. ഞാന്‍ ഒരു പാര്ട്ടി മെമ്പര്‍ അല്ല. എന്റെ കണ്ണ് മൂടി കെട്ടിയിട്ടും ഇല്ല.. മെമ്പര്‍ ആകുവാന്‍ ആഗ്രഹവും ഇല്ല.. കാരണം, ഒരു പാര്ട്ടി മെമ്പര്‍ ആകുമ്പോള്‍ ശരിയല്ല എന്ന് വ്യക്തിപരമായി തോന്നുന്ന ചില കാര്യങ്ങള്‍ നമുക്കു ചെയ്യേണ്ടി വരും.. അത് എന്റെ മനസ്സു അനുവദിക്കില്ല.. അങ്ങനെ ചെയ്യേണ്ടി വരുന്നതു സംഘടനാപരമായി തെറ്റാണെന്ന് അഭിപ്രായമില്ല.. ഒരു സംഘടനയ്ക്ക് അങ്ങിനെയേ ചെയ്യാന്‍ കഴിയൂ.. പല വര്‍ഗ ബഹുജന സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.. എന്റെ സംഘടനാ ജീവിതം ആകെ ഒരു നിശിത വിമര്‍ശകന്റെ റോളിലാണ് ഞാന്‍ കഴിഞ്ഞു പോന്നിട്ടുള്ളത്.. പക്ഷെ, ഈ സംഘടനയാകെ കുഴപ്പമാണ്, ഈ സംഘടനയ്ക്ക് ജീവനില്ല, ഇതൊരു പിന്തിരിപ്പന്‍ സംഘടനയാണ്, ചിലര്‍ സംഘടനയെ നശിപ്പിക്കുവാനും മറ്റു ചിലര്‍ സംഘടനയെ രക്ഷിക്കുവാനും സംഘടിതമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു തുടങ്ങിയ 'മനോരമ' മോഡല്‍ വിമര്‍ശനങ്ങളെ അനുഭവത്തിന്റെ വെളിച്ചതില്‍ ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം തള്ളിക്കളയുന്നു..
    2. സോവിയറ്റ് യൂണിയന്‍ വീണതിനു ശേഷം ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് വലിയൊരു പ്രതിസന്ധി വന്നു ഭവിച്ചിട്ടുണ്ട്. മാതൃകയെന്ന് കരുതിയ ഒരു ഘടന തകര്‍ന്നപ്പോള്‍ സ്വന്തം രാഷ്ട്രീയ പാത കണ്ടെത്താന്‍ വളരെയധികം ഊര്‍ജം അവര്ക്കു ചെലവഴിക്കേണ്ടി വന്നു.. പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച നിരാശയും ചില്ലറയല്ല.. പ്രത്യയ ശാസ്ത്ര നിലപാടുകളില്‍ സംഘടനാപരമായും വ്യക്തിപരമായും വന്നുപെട്ട വ്യതിചലനങ്ങള്‍ ചരിത്രത്തിന്റെ നൈരന്തര്യവുമായി ബന്ധപ്പെട്ടതാണ്.. ഇതിനൊപ്പം വന്നുപെട്ട ആഗോളവല്‍ക്കരണത്തിന്റെ കൊടും കാറ്റിനെയും ചേര്‍ത്തുവെച്ചു വായിക്കുക.. എല്ലാ വിധ പുരോഗമന പ്രത്യയ ശാസ്ത്രങ്ങളെയും നന്മകള്‍ നിറഞ്ഞ ജനതകളെയും സംഘടനകളെയും സമരം, സംഘര്‍ഷം, കലാപം തുടങ്ങിയ ആശയങ്ങളെയും ആഗോളവല്‍ക്കരണം ഏത് തരത്തില്‍ മാറ്റി തീര്ത്തു എന്നത് പഠിക്കേണ്ടത് തന്നെയാണ്.. ബൂര്‍ഷ്വാ ജനാധിപത്യ രീതിയില്‍ കൂടി ഒരു രാഷ്ട്രീയ പാത തെരഞ്ഞെടുത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ ചരിത്രപരമായ കൊടും കാലത്തെ അതിജീവിക്കുന്നതിനിടയില്‍ വലിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.. ഈ പരിക്കുകള്‍ സംഘടനാപരമായി തന്നെ പരിഹരിക്കാവുന്നതെ ഉള്ളൂ.. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്നതിനു വേണ്ടി സായാഹ്ന ധര്‍ണ നടത്തുന്ന DYFI രീതിയെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്.. അതുപോലെ പണിമുടക്ക്‌ എന്ന സമര രീതി ആഗോള വല്‍കൃത സാഹചര്യങ്ങളില്‍ എത്ര മാത്രം ലക്ഷ്യത്തില്‍ എത്തുന്നുണ്ട് എന്നും ചര്ച്ച ചെയ്തിട്ടുണ്ട്.. പക്ഷെ, സമര രംഗത്ത് നിലനില്‍ക്കുക എന്ന ചരിത്രപരവും പ്രത്യശാസ്ത്രപരവുമായ ബാധ്യതകള്‍ നിറവേറ്റുന്നതിനായി ഇവയെങ്കിലും ചെയ്യാതിരുന്നാല്‍ അതും വലിയ പാതകമാവും.. പുസ്തകങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ടു മാത്രം നിര്‍ധാരണം ചെയ്തെടുക്കാവുന്ന അവസ്ഥകളല്ല, ഇവയൊന്നും.. മറ്റൊന്ന്: AKG യും രണദിവെയും EMS ഉം കൃഷ്ണപിള്ളയും ഒന്നും നേരിട്ട ഒരു അവസ്ഥയല്ല, സുര്‍ജിത്തും കാരാട്ടും പിണറായിയും ബുദ്ധദേവും ഒന്നും നേരിടുന്നത്‌.. അധികാരത്തില്‍ ഇരിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ ഈ അവസ്ഥയെ നേരിടുന്നത്‌ ദുഷ്കരം തന്നെയാണ്.. കേരളത്തില്‍ പ്രത്യേകിച്ചും.. പഴയ കാലത്തു ശത്രു പ്രത്യക്ഷതിലാണ്... ഇന്നു ശത്രു എല്ലായിടത്തും, അരൂപിയായി, നമ്മള്‍ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും ഇടങ്ങളിലും നമ്മെ ആക്രമിച്ചുകൊണ്ടേ ഇരിക്കുന്നു... ഈ അവസ്ഥയില്‍ പാര്‍ട്ടി ഒരു പരിധി വരെ സഹതാപവും അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നു.. അതുകൊണ്ട് തന്നെ, ഒരിക്കലും തോന്നാത്ത തരത്തില്‍ ഒരു സ്നേഹം ഈ പാര്‍ട്ടിയോട് എനിക്ക് ഇപ്പോള്‍ തോന്നുന്നു.. (ഞാന്‍ ഒഞ്ചിയം നിവാസിയാണ്.. അവിടെ എല്ലാ കാലവും ഞാന്‍ കലഹിച്ചു കൊണ്ടിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ 'തെളിഞ്ഞ' മാര്‍ക്സിസ്റ്റുകള്‍ ആയി മാറിയിരിക്കുന്നു.. ഞാനോ, ഇങ്ങനെയും.. ഒഞ്ചിയം പ്രശ്നത്തില്‍ പത്രങ്ങള്‍ പറയുന്നതിനേക്കാള്‍ അപ്പുറത്ത് ചില അടിയൊഴുക്കുകള്‍ ഉണ്ട്.. പിന്നെയൊരിക്കല്‍ പറയാം)
    3. വി.എസ്സിനെ പുറത്താക്കിയാല്‍ പാര്‍ട്ടി നന്നാകുമോ എന്ന് അനില്‍ ചോദിക്കുന്നു.. എതിരാളികളോട് നിന്നെതിര്‍ക്കുവാന്‍ എങ്ങിനെയെങ്കിലും ഉള്ള ഒരു പാര്‍ട്ടി മതിയോ എന്ന് കാളിദാസനും.. നിഷ്കളങ്കമെന്നു തോന്നിയേക്കാവുന്ന അപകടകരമായ ഒരു ചോദ്യമാണ് ഈ ചോദ്യം.. പാര്‍ട്ടിയ്ക്ക് ' നല്ലത്' എന്ന് പറയാവുന്ന ഒരു അവസ്ഥ സാധ്യമാനെന്നാണ് ആദ്യത്തെ മുന്‍‌വിധി.. ഇതു തെറ്റാണ്.. വ്യക്തികളുടെ ഒരു കൂട്ടായ്മ എന്ന നിലയില്‍ പാര്‍ട്ടിയ്ക്ക് തെറ്റുകള്‍ പറ്റുവാന്‍ സാധ്യത ഏറെയാണ്‌.. ഒരര്‍ത്ഥത്തില്‍ നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുന്ന മാതൃകാ വ്യക്തികള്‍ ചേര്ന്ന സംഘടന എന്നൊക്കെ പറയുന്നതു വെറുമൊരു ഗാന്ധിയന്‍ സ്വപ്നം മാത്രമാണ്.. പ്രായോഗികമായി പറഞ്ഞാല്‍, തെറ്റ് വരാതിരിക്കുവാന്‍ ശ്രമിക്കുന്ന, പറ്റിയ തെറ്റുകള്‍ സ്വയം വിമര്‍ശന പരമായി തിരുത്തുകയും കൂട്ടായി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ഒരു സംഘടന ആപേക്ഷികമായി ഏറെക്കുറെ സമൂഹത്തെ മുന്നോട്ടു നയിക്കും എന്ന് കരുതാം.. അപ്പോഴും ഈ സംഘടന ' നല്ലത്' ആകുന്നില്ല.. അപ്പോഴും പിന്തിരിപ്പന്‍ നയങ്ങളും പിന്തിരിപ്പന്‍ നേതാക്കളും ഒക്കെ ഈ സംഘടനയുടെ ഭാഗമായി ഉണ്ടാവാന്‍ സാധ്യതയുണ്ട്.. കാരണം, ചില തെറ്റുകള്‍ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ മാത്രം തിരുത്തപ്പെടാവുന്നതാണ് .. അതുകൊണ്ട്, 'നല്ല' സംഘടന എന്നാല്‍, നല്ലത് മാത്രം ചെയ്യുന്നതും 'നല്ല' ആള്‍ക്കാര്‍ ഉള്‍പ്പെടുന്നതും ആയ സംഘടന അല്ല, മറിച്ചു, സ്വാഭാവികമായി തെറ്റുകള്‍ വന്നുപെടാന്‍ സാധ്യതയുള്ള, എന്നാല്‍ തിരുത്താനുള്ള ഇച്ചാശക്തിയുള്ള ഒരു സംഘടനയാണ്.. അത് CPIM നു നഷ്ടപ്പെട്ടു എന്ന് കരുതുന്നത് സംഘടനയെ അറിയാത്തതുകൊണ്ടാണ്‌.. CPIM തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുക തന്നെ ചെയ്യും.. കോണ്ഗ്രസ്, മുസ്ലിം ലീഗ് എന്നിവ പോലെ ഒരു പാര്‍ട്ടി അല്ല ഇതെന്ന് കാളിദാസനു ബോധ്യപ്പെടുക തന്നെ ചെയ്യും..
    4. കട്ടന്‍ ചായയും പരിപ്പുവടയും മുറി ബീഡിയും കാലൊടിഞ്ഞ ബെഞ്ചും മുഷിഞ്ഞ വസ്ത്രവുമൊക്കെ നല്ല ഗൃഹാതുരത്വം തരുന്ന വാക്കുകളാണ്.. ചിന്തിക്കുന്നവരെ ഇത്തരം ഗൃഹാതുരത്വത്തില്‍ കുടുക്കിയിടാന്‍ മാധ്യമങ്ങള്‍ കൊണ്ടു ശ്രമിച്ചത് വിജയിച്ചു എന്ന് തന്നെ വേണം കരുതാന്‍.. ഇതൊന്നു വായിച്ചുനോക്കൂ: http://cheruviral.blogspot.com/2008/11/blog-post_6065.html
    5. ഇനി പാര്‍ട്ടി ഒരുപാടു സ്വത്തുക്കള്‍ ഉണ്ടാക്കിക്കൂട്ടുന്നു, നേതാക്കള്‍ മാനജര്‍മാരാവുന്നു, മുതലാളിമാരുമായി ചങ്ങാത്തമാവുന്നു, പാര്‍ക്ക് ഉണ്ടാക്കുന്നു, സൌധങ്ങള്‍ കെട്ടുന്നു.. എ.ഡി.ബി, വേള്‍ഡ് ബാങ്ക് : ഒരുപാടു തവണ പലരും വിശദീകരിച്ച കാര്യങ്ങള്‍ തന്നെ..
    പാര്‍ട്ടി ഒരു ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഞാനും എതിര്‍ത്തതാണ്.. ബംഗാളില്‍ പോലും ഒരു ചാനല്‍ ഇല്ല, പിന്നെന്തിനാണ് ഇവിടെ? വലിയ ധന സമാഹരണം എങ്ങിനെ നടക്കും? ഇതൊക്കെ എനിക്കും തോന്നിയിരുന്നു.. എതിര്പ്പുള്ളതിനാല്‍ ഞാന്‍ ഷെയര്‍ എടുത്തില്ല.. പക്ഷെ, ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന മാധ്യമ പേക്കൂത്തുകള്‍ കാണുമ്പോള്‍, അതിന്റെ ഉള്ളറകള്‍ വെളിപ്പെടുമ്പോള്‍, പാര്‍ട്ടി അന്ന് എടുത്ത തീരുമാനം എത്രയോ ശരിയായിരുന്നു എന്ന് എനിക്ക് തോന്നുന്നു.. കൈരളി കണ്ണ് തുറന്നിരുന്നിട്ടു തന്നെ പച്ചക്കള്ളങ്ങളും fabricated വാര്‍ത്തകളും എത്രയാണ് വരുന്നതു!! ആ ചാനല്‍ ഇല്ലായിരുന്നെങ്കിലോ? ഇവരൊക്കെ എന്തൊക്കെ കാട്ടിക്കൂട്ടുമായിരുന്നു! കാരണം, ഇതു കേരളമാണ്.. ഭക്ഷണത്തിനൊപ്പം വാര്‍ത്തകളും ഭക്ഷിക്കുന്നവര്‍.. വാര്‍ത്തകള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവര്‍.. പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ വെറുപ്പ്‌ ഉല്പാദിപ്പിക്കുന്ന മാധ്യമ ഫാക്ടരികള്‍ക്ക് കൈരളി ഉള്ളതിനാല്‍ അല്പമൊക്കെ സംയമനം ഉണ്ട്..
    6. VS മാത്രമല്ല, ഒരുപാടു പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍ ഉള്‍പെടെ അഴിമതിയ്ക്ക് എതിരെ പൊരുതുന്നുണ്ട്.. പക്ഷെ, അതൊന്നും താന്‍ പാര്‍ട്ടിയേക്കാള്‍ വലിയവനാണെന്ന് തോന്നിയിട്ടല്ല.. സംഘടന ഉണ്ടെങ്കിലേ പോരാട്ടങ്ങള്‍ക്ക് അര്ത്ഥം ഉണ്ടാവൂ. സംഘടനയെ സ്വന്തം അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന കാരണത്താല്‍ ബ്ലാക്ക്‌ മെയില്‍ ചെയ്യാം എന്ന ധാരണ എത്ര വലിയ നേതാവായാലും ഭൂഷണമല്ല.. സ്വന്തം ജീവിതകാലത്ത് തന്നെ സ്വപ്‌നങ്ങള്‍ ഒക്കെ നടക്കണം എന്ന് തോന്നുന്നയാള്‍ ചരിത്രമറിയാത്ത 'മന്ദബുദ്ധി' തന്നെയാണ്.. തനിക്ക് ശേഷവും ഇവിടെ സംഘടന, പോരാട്ടങ്ങള്‍, അഴിമതി, അഴിമതി വിരുദ്ധത എന്നിവയൊക്കെ ഉണ്ടാവും എന്ന ചരിത്രപരമായ വിനയം സംഘടനാപരമായി സൂക്ഷിക്കാന്‍ കഴിയാത്തവര്‍ അപ്പോള്‍ കമ്മ്യൂണിസ്റ്റ് എന്ന പേരിനു അര്‍ഹരല്ലാതായി തീരും.. VS നെ ചിലര്‍ ആള്ദൈവമായി കൊണ്ടുനടക്കുന്നതിനാലാണ് പിണറായിയെ മറ്റു ചിലര്‍ അതേ രീതിയില്‍ തന്നെ തിരിച്ചടിക്കായി ഉപയോഗിക്കുന്നത്.. ഇ.പി. ജയരാജന്‍ പ്രസംഗിച്ചത് ഒരു നാലഞ്ചു വാചകങ്ങള്‍ എങ്കിലും സംപ്രേഷണം ചെയ്യാനുള്ള മാന്യത ഒരു മാധ്യമവും കാണിച്ചില്ല.. വിമര്‍ശന വിധേയമായ ഈ ഒരൊറ്റ വാചകം മാതമാണ് കാവ്യയുടെ കല്ല്യാണം മിനുട്ടുകളോളം കാണിച്ച മാധ്യമങ്ങള്‍ കാണിച്ചത്.. ഇതില്‍ ഒരു അനീതിയുണ്ട്.. പിണറായി ആണ് പ്രസ്ഥാനം എന്നുള്ളത് ഒരാളും അംഗീകരിക്കില്ല.. പിന്നെ, എറിയാന്‍ ഏത് കല്ലും ഉപയോഗിക്കുന്നവര്‍ക്ക് മാധ്യമങ്ങള്‍ ഉദാരമായി കല്ലുകള്‍ സപ്ലൈ ചെയ്യുന്നു എന്നതിന്റെ തെളിവായെ ഞാന്‍ ഇതിനെ കാണുന്നുള്ളൂ..
    7. ഒരു കമ്മ്യൂണിസ്റ്റ് രണ്ടു കത്തികള്‍ കരുതണമെന്നാണ്.. ഒരു കത്തി ശത്രുവിനെ എതിരിടാനുള്ളത്; മറ്റേതു പാര്‍ട്ടിക്കുള്ളിലെ തെറ്റുകളെ എതിര്‍ക്കുവാനുള്ളത്.. തിരിച്ചറിവുള്ള ഒരു കമ്മ്യൂണിസ്റ്റ് ഇങ്ങനെ ആയിരിക്കണം.. ഇതു അച്ചില്‍ ഉണ്ടാക്കിയ ഒരു മാതൃകയോന്നുമല്ല.. ചരിത്രപരമായ ഓരോ ഘട്ടങ്ങളിലും കത്തിയുടെ മൂര്‍ച്ച കൂടിയും കുറഞ്ഞുമിരിക്കും.. അതൊന്നും സംഘടനയെ നിഷേധിക്കുവാന്‍ കാരണമല്ല.. സംഘടന കാലത്തെ അതിജീവിക്കും.. കാരണം കാലത്തിനനുസരിച്ച് നവീകരിക്കുവാന്‍ സാധ്യതയുള്ള ഒരു പ്രത്യശാസ്ത്രവും സംഘടനയും ഇതു മാത്രമേയുള്ളൂ..
    8. എല്ലാം ഭദ്രമാണെന്ന് അഭിപ്രായമില്ല.. എല്ലാം നശിച്ചു എന്നും അഭിപ്രായമില്ല.. പ്രതീക്ഷയാണ് എന്നെയും പാര്‍ട്ടിയോട് ഒപ്പമുള്ളവരെയും നയിക്കുന്നത്... അത് അങ്ങിനെയാണ് .. അത് അങ്ങിനെ തന്നെ ആയിരുന്നു.. മാധ്യമങ്ങള്‍ ഒരുക്കുന്ന ഗൃഹാതുരത്വ കട്ടന്‍ ചായയില്‍ മയങ്ങി പോകാത്തവര്‍ക്ക് ഇതു തിരിച്ചറിയാന്‍ കഴിയും..

    ReplyDelete