Saturday, August 16, 2008

ഞാന്‍ പണിമുടക്കുന്നത് എന്തുകൊണ്ട്?

ഇന്ത്യയിലെ പ്രമുഖ തൊഴിലാളി സംഘടനകളും ജീവനക്കാരുടെ സംഘടനകളും ആഗസ്റ്റ്‌ 20 നു ദേശവ്യാപകമായി ഒരു പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണല്ലോ. ഈ പണിമുടക്കിന് ആധാരമായി ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍ താഴെ കൊടുക്കുന്നു :
1. വിലക്കയറ്റം തടയുക ; പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക.
2. തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പില്‍ വരുത്തുക.
3. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക.
4. സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കര്‍ഷകര്‍ എടുത്ത വായ്പയും കാര്ഷിക കടാശ്വാസത്തിന്‍ കീഴില്‍ കൊണ്ടുവരിക.
5. നിയമന നിരോധനം പിന്‍വലിക്കുക.
6. ആറാം ശമ്പള പരിഷ്കരണ കമ്മിറ്റി ശുപാര്‍ശകള്‍ പലതും ജീവനക്കാര്‍ക്ക് എതിരാണ്. അവ മാറ്റണം.
7. കരാര്‍ തൊഴിലാളികള്‍ ഉള്പ്പെടെ കേന്ദ്ര പൊതുമേഖലാ ജീവനക്കാരുടെ സേവന വേതന പരിഷ്കരണം ഉപാധികള്‍ ഇല്ലാതെ പൂര്‍ത്തിയാക്കണം.

ഈ പൊതു ആവശ്യങ്ങള്‍ കൂടാതെ ഓരോ മേഖലയിലെയും തൊഴിലാളികളുടെ / ജീവനക്കാരുടെ സവിശേഷമായ ചില പ്രശ്നങ്ങളും ഈ പണിമുടക്ക്‌ ഉയര്‍ത്തുന്നുണ്ട്. ഈ പണിമുടക്ക്‌ വലിയൊരു വിജയമാക്കി മാറ്റി, അങ്ങനെ കേന്ദ്ര സര്ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഒരു താക്കീത് നല്‍കുകയാണ് പണിമുടക്ക്‌ കൊണ്ടു ഉദ്ദേശിക്കുന്നത്. എല്ലാ കാലവും നടന്നിരുന്നതുപോലെ പണിമുടക്ക്‌ ഒരു വലിയ വിജയമാക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ വിവിധ സംഘടനകള്‍ ഊര്‍ജിതമായി നടത്തിവരുന്നു.

ഈ പണിമുടക്ക്‌ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചുവപ്പ് കണ്ട കാളയെ പോലെ മുക്രയിടുന്ന ചിലര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്, ഹും! പണിമുടക്ക്‌.. ഇവര്‍ കുറെ കാലമായല്ലോ സംഘടന, സമരം, പണിമുടക്ക്‌ എന്നൊക്കെ പറഞ്ഞു നടക്കുന്നു.. എന്ത് നേടി? കഴിഞ്ഞ പണിമുടക്കുകളില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ ഒക്കെ നേടിയോ?
ഒന്നു പറയട്ടെ, ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ ഒക്കെ നേടുകയെന്നത് പണിമുടക്കിന്റെ വിജയത്തെ കുറിക്കുന്ന ഒരു മാനദണ്ഡമാണെന്നു തോന്നുന്നില്ല.. നമ്മെ ഭരിക്കുന്നവരുടെ തെറ്റായ നയങ്ങളുടെ വിഴുപ്പു പേറേണ്ടി വരുന്ന ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും, അതിന് ജനപിന്തുണ കിട്ടുന്നതിനാവശ്യമായ പ്രചാരണപരമായ പ്രവര്‍ത്തനങ്ങള്‍ പാരമ്യത്തില്‍ എത്തിക്കുകയും ചെയ്യുകയാണ് ഓരോ പണിമുടക്കും ചെയ്യുന്നത്..

പ്രതിഷേധിക്കണമെങ്കില്‍, പണ്ടു ജപ്പാനില്‍ ചെയ്തതുപോലെ കൂടുതല്‍ സമയം പണിയെടുത്തു പ്രതിഷേധിച്ചു കൂടെ എന്ന് ചോദിക്കുന്ന ചില 'നിഷ്കളങ്കര്‍' ഇവിടെ ഉണ്ട്. ഞങ്ങളുടെ പ്രതിഷേധം പോലും കാശാക്കി മാറ്റുകയെന്ന അധികാരികളുടെ കൌശലമാണ് ഈ നിര്‍ദേശം എന്ന് ഞങ്ങള്‍ക്കറിയാം. അധികാരികളുടെ ബധിരകര്‍ണങ്ങള്‍ തുറക്കണമെങ്കില്‍ സൌമ്യമായ സമര രീതികള്‍ മതിയാവില്ല. ഒരു പരിഷ്കാരതെപ്പറ്റി തൊഴിലാളികള്‍ പ്രതിഷേധം തുടങ്ങുമ്പോഴേക്കും ആ പരിഷ്കാരത്തിന്റെ അടുത്ത പടി അധികാരികള്‍ ചെയ്തിരിക്കും. പ്രകാശവേഗമാണ് ഈ പരിഷ്കാരങ്ങള്‍ക്ക്.. പാര്‍ലമെന്‍റില്‍ പോലും വെക്കാതെ സാമ്പത്തിക പരിഷ്കാരം സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് വീമ്പിളക്കുന്ന ഒരു ധനകാര്യ മന്ത്രി വാഴുമ്പോള്‍, പാവം തൊഴിലാളി എങ്ങിനെ പ്രതിഷേധിക്കും, സര്‍, തപസ്സു ചെയ്തോ?
ബധിര കര്‍ണങ്ങള്‍ എന്ന പ്രയോഗം അതിന്റെ എല്ലാ ഭീകരതയോടും വേണം മനസ്സിലാക്കുവാന്‍. പരിഗണനകള്‍ പോലും തിരിച്ചിട്ട ഒരു ഭരണ സംവിധാനം ആണ് ഇപ്പോള്‍ ഉള്ളത്. എല്ലാ നടപടികളും വമ്പന്‍ കമ്പനികളുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് നടപ്പില്‍ വരുത്തുന്നത്. ഈ രഥവേഗത്തില്‍ പെട്ട് ചതഞ്ഞു പോകുന്ന സാധാരണക്കാരന്റെ പ്രതിഷേധം എങ്ങിനെ ആണ് അറിയിക്കുക? ഇതു എല്ലാ സംഘടനകളുടെയും ഒരു പ്രതിസന്ധി ആണെന്ന് തോന്നുന്നു.. ആഗോളവല്കരണ കാലഘട്ടത്തില്‍ പ്രതിഷേധം എങ്ങിനെ ആയിരിക്കണം എന്നത് വലിയൊരു ചിന്താവിഷയമാണെന്നു തോന്നുന്നു. കാരണം, പണ്ടു സംഘടനകള്‍ക്ക് ശത്രുവിനെ നേരില്‍ കാണാമായിരുന്നു, ഇന്നു ശത്രു ദൈവത്തിനെ പോലെ അരൂപിയും എന്നാല്‍ ഭീമാകാരനും ആണ്.. ഈ പ്രതിഷേധങ്ങള്‍, പണിമുടക്കുകള്‍, ഹര്‍ത്താലുകള്‍, സമരങ്ങള്‍, എല്ലാം ഞങ്ങളുടെ പിടച്ചിലുകള്‍ ആണ് സര്‍, ചിലപ്പോള്‍ നിങ്ങളുടെ യാത്ര മുടങ്ങിയെക്കാം, സുഖസൌകര്യങ്ങള്‍ക്ക് ഭംഗം വന്നേക്കാം.. ശപിക്കരുത്.. സമരം ചെയ്യാതെ ഞങ്ങള്‍ എന്ത് ചെയ്യും.. ഞങ്ങളുടെ ജീവിതമാണ് വഴി മുട്ടുന്നത്.. ഈ നയങ്ങള്‍ ചക്രം പായിക്കുമ്പോള്‍ ചതയുന്നത് ഞങ്ങളുടെ ജീവിതമാണ്..

സംഘടന, സംഘം എന്നൊക്കെ കേള്‍ക്കുന്നതെ ചിലര്ക്ക് അലര്‍ജി ആണ്.. സംഘടനകള്‍ എല്ലാം ചിലര്‍ സ്വന്തം കീശ വീര്‍പ്പിക്കുവാന്‍ വേണ്ടി നടത്തുന്നതാണെന്ന് കുരവയിടുന്ന ചിലര്‍ ഇപ്പോള്‍ ഒരു സംഘടന ഉണ്ടാക്കിയാല്‍ ഒരുമിച്ചു ചെങ്ങറയില്‍ പോയി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാംആയിരുന്നു എന്ന് ആശിക്കുന്നത് കാണുമ്പോള്‍ മുഖം മൂടി അഴിഞ്ഞുവീഴുന്നത്‌ കാണുന്നില്ലേ? ഒറ്റയ്ക്ക് ചെയ്യുവാന്‍ കഴിയാതെ വരുമ്പോളാണ് കൂട്ടായ്മ, സംഘം, സംഘടന എന്നിവ ഉണ്ടാവുന്നത്.. ഇന്നത്തെ മുതലാളിത്തത്തിന് നമ്മളെ ഒറ്റയ്ക്കൊറ്റയ്ക്കു കിട്ടണം.. എന്നാലേ അവരുടെ അജണ്ടകള്‍ നടക്കുകയുള്ളൂ.. MNC പണിയിടങ്ങളില്‍ അവര്‍ പറയുന്ന വ്യവസ്ഥകളില്‍ ജോലി ചെയ്തു ചൂഷണം ചെയ്യപ്പെടുന്ന പാവം യുവാക്കള്‍ ശരിക്കും സംഘങ്ങളുടെ പ്രസക്തി തിരിച്ചറിയുന്നുണ്ടാവും.. സംഘടന ഞങ്ങളുടെ ജീവനാണ് സര്‍. മരിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്രാണവായുവാണ് സംഘടന.. ഞങ്ങളുടെ കൈതാങ്ങാണ് സംഘടന.. സംഘടനയില്ലെന്കില്‍, ഞങ്ങള്ക്ക് വേണ്ടി ആര് സംസാരിക്കും? വീഴുമ്പോള്‍ കൊത്തുവാനായുന്ന കഴുകന്മാരല്ലേ, ഞങ്ങളുടെ എതിരാളികള്‍?

ഞാന്‍, ഞങ്ങള്‍ ഈ പണിമുടക്ക്‌ വിജയിപ്പിക്കും.. ഞങ്ങള്ക്ക് വേണ്ടി മാത്രമല്ല.. നിങ്ങള്‍ക്കും കൂടെ വേണ്ടി..

13 comments:

  1. നന്നായി സുഹൃത്തെ നന്നായി..പണിമുടക്കൂ... പ്രതിഷേധിക്കൂ...തൊഴിൽ നമ്മുടെ ജന്മാവകാശമാണ്‌ എന്നതുപോലെ പണിമുടക്കാനും നമുക്കവകാശമുണ്ട്‌..ആരൊക്കെ നരകിച്ചാലും നമ്മൾ പണിമുടക്കി പ്രതിഷേധിക്കണം.
    വളരെ ന്യായമായ അവകാശങ്ങളാണ്‌ നമ്മൾ ഉന്നയിക്കുന്നത്‌.
    ഒന്നാമത്തെ ആവശ്യം വിലക്കയറ്റം തടയുകയും പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും വേണം എന്നതാണ്‌..പൊതുവിതരണ സംവിധാനം ഒരു കൺവേയർ ബെൽറ്റിലൂടെ ഒരു ജീവനക്കാരന്റെ പോലും കൈ തൊടാതെ നടക്കുന്നതുകൊണ്ട്‌ നമ്മളൊക്കെ പണിമുടക്കിയാലും വിതരണ പ്രക്രിയ തനിയേ നടന്നോളും..സമരം കഴിയുമ്പോൾ ബെൽറ്റിന്റെ സ്പീഡ്‌ കൂടുകയും പണിമുടക്കു കഴിയുമ്പോൾ സാധനങ്ങളുടെ വില ഭയങ്കരമായി ഇടിയുകയും ചെയ്യും..
    കൂടുതൽ സമയം പണിയെടുത്ത്‌ പ്രതിഷേധിച്ച ജപ്പാനെ ഉദാഹരണമായി കാണിച്ചത്‌ വളരെ ഉചിതമായി..അതുകൊണ്ട്‌ ജപ്പാനിലെ സമ്പത്തിക മേഖല തകരുകയും ജപ്പാനെന്ന രാജ്യം ദാരിദ്ര്യത്തിലേക്കു മൂക്കുകുത്തി വീഴുകയും ചെയ്തു..നമ്മളൊരിക്കളും അവരെ അനുകരിക്കരുത്‌..
    ഈ പണിമുടക്കു സമരം നമ്മൾ ഗൾഫുരാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കണം എന്നാണ്‌ എനിക്കു പറയാനുള്ളത്‌..സംഘടനയുടെ ശക്തി അവടങ്ങളിലുള്ളവർ കൂടി അറിയട്ടെ..നമ്മുടെ നാടിന്റെ സാമ്പത്തിക സ്ഥിരത പിടിച്ചുനിർത്തുന്ന പ്രവാസികൾക്ക്‌ സംഘടനാ മനോഭാവം തീരെയില്ലെന്നണ്‌ അറിയാൻ കഴിഞ്ഞത്‌..അവർ കൂടി പണിമുടക്കിയാൽ അവടങ്ങളിലെ ഭരണകൂടങ്ങളും കുത്തക മുതലാളിമാരും ഞെട്ടുമെന്ന കാര്യത്തിൽ തർക്കമില്ല.. തുഛശമ്പളത്തിന്‌ വളരെ പരിതാപകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം പ്രവാസികളുടെയും കണ്ണീരൊപ്പാൻ ഈ സമരത്തിലൂടെ കഴിഞ്ഞാൽ അതൊരു വലിയകാര്യമായിരിക്കും..ശമ്പള കമ്മീഷനെ പറ്റിയോ സേവന വേതന പരിഷ്കരണത്തെപറ്റിയോ കേട്ടുകേൾവി പോലുമില്ലാത്ത തൊഴിലാളി സഹോദരങ്ങൾക്ക്‌ നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും ഇത്‌.പാവങ്ങളുടെ വിയർപ്പിൽ മുതലാളിമാർ കൊഴുക്കുന്നത്‌ ഇനിയും നമ്മളനുവദിച്ചുകൂടാ..അങ്ങനെ സമരം ചെയ്തും പണിമുടക്കിയും നമ്മുടെ രാജ്യം നേടിയ പുരോഗതി എല്ലാവരും മനസ്സിലാക്കട്ടെ..
    സംഘടനയുടെ ശക്തി എന്താണെന്ന് നാമവർക്കു മനസ്സിലാക്കി കൊടുക്കണം..10 രൂപ ശമ്പളക്കൂടുതലിനോ നരകതുല്യമായ ജീവിതസാഹചര്യങ്ങൾക്കെതിരെയോ ഒന്നു സംഘടിച്ചാലോ സമരം ചെയ്താലോ അന്നു രാത്രിക്കു രാത്രി പണിയിൽനിന്നും പിരിച്ചുവിട്ട്‌ നാടിലേക്കുള്ള അടുത്ത വിമാനത്തിൽ കയറ്റിയിരുത്തുന്ന കാടൻ വ്യവസ്തിതിയോട്‌ പ്രതികരികരിക്കാൻ നമ്മൾ ഗൾഫിലെ തൊഴിലാളികളെയും ബോധവാന്മാരാക്കണാം..തൊഴിൽ നഷ്ടപ്പെട്ടാലും സാരമില്ല, നമ്മുടെ നാട്ടിൽ തൊഴിലിനൊരു പഞ്ഞവുമില്ല എന്നുള്ള സത്യം നമ്മളവർക്കു ബോധ്യപ്പെടുത്തി കൊടുക്കണം.നാട്ടിലാണെങ്കിൽ ആഴ്ചയിൽ 3 സമരവും പണിമുടക്കുമുള്ളതുകൊണ്ട്‌ ശമ്പളം വാങ്ങാൻ വേണ്ടി മാത്രം പണിസ്ഥലത്ത്‌ എത്തിയാൽ മതിയെന്നുള്ള വസ്തുതയറിഞ്ഞാൽ പിന്നെ ഏതു ഗൾഫുകാരനാണ്‌ നാട്ടിലേക്കു മടങ്ങാൻ കൊതിക്കാത്തത്‌?
    അങ്ങനെ ആയാൽ നമ്മുടെ രാജ്യം പുരോഗതിയിൽ നിന്നു പുരോഗതിയിലേക്കു കുതിക്കുകയും ഗുൾഫും , അമേരിക്ക , കാനഡ തുടങ്ങിയ രാജ്യങ്ങളും ഇന്നത്തെ ജപ്പാന്റെ അവസ്ഥയിലായി നരകിക്കുകയും ചെയ്യും..
    അതുകൊണ്ട്‌ സർവ്വരാജ്യ തൊഴിലാളികളേ പണിമുടക്കുവിൻ...പണിമുടക്കി പണിമുടക്കി ശക്തരാകുവിൻ...

    ReplyDelete
  2. ഞാന്‍ ഈ പോസ്റ്റ് വായിച്ച ആളേയല്ല.

    ReplyDelete
  3. പണീമുടക്കിന്റെ വിജയമാപിനി എന്താണു സാര്‍? ആവശ്യങ്ങള്‍ ഒക്കെ നേടുകയെന്നത് പണിമുടക്കിന്റെ വിജയത്തെ കുറിക്കുന്ന ഒരു മാനദണ്ഡമാണെന്നു തോന്നുന്നില്ല.. ആവശ്യങ്ങള്‍ നേടാനല്ലീ സമരം.. എന്ന മുദ്രാവാക്യം വിളിക്കുമോ ഇപ്രാവശ്യം? എ.കെ. ആന്റണിയെപ്പോലും തോല്‍പ്പിക്കാന്‍ കഴിയാത്ത നിങ്ങളുടെ സമരം ആരോട്? ഈ പ്രതിഷേധങ്ങള്‍, പണിമുടക്കുകള്‍, ഹര്‍ത്താലുകള്‍, സമരങ്ങള്‍, എല്ലാം ഞങ്ങളുടെ പിടച്ചിലുകള്‍ ആണ് സര്‍, ചിലപ്പോള്‍ നിങ്ങളുടെ യാത്ര മുടങ്ങിയെക്കാം, ഇവിടെപ്പറഞ്ഞ ഞങ്ങളും നിങ്ങളുമാരാണെന്നോര്‍ത്തു നോക്കൂ സാര്‍. പിടക്കാന്‍ സ്വന്തമായി സംഘടനപോലുമില്ലാത്ത സാധുക്കളാണു സാര്‍ ഞങ്ങള്‍. നിങ്ങള്‍ പിടക്കുന്നതും കസേരയിലിരുന്നു പിടുങ്ങുന്നതുമെല്ലാം ഞങ്ങളുടെ നെഞ്ചത്താണു സാര്‍. 364 ദിവസവും നിങ്ങള്‍ക്കു പണിമുടക്കാന്‍ അവകാശമുണ്ട് സാര്‍, ബാക്കി ഒരുദിവസം നിങ്ങളെ പണിയെടുപ്പിക്കാനുള്ള അവകാശം ഞങ്ങള്‍ക്കു തന്നു കൂടെ? അല്ലെങ്കില്‍ ശമ്പളം/കിമ്പളം മുടക്കാനുള്ള ഞങ്ങളുടെ അവകാശം ദയവായി അംഗീകരിച്ചാലും. ജപ്പാന്‍കാരെപ്പറ്റിപ്പറയുന്നവനെ വെടി വെച്ചു കൊല്ലണം സാര്‍, എന്നാലും ശമ്പളം കൂട്ടിക്കിട്ടുമ്പോള്‍/വിലകുറയുമ്പോള്‍ ഒരേ ഒരു ദിവസം സന്തൊഷസൂചകമായി [പ്രതിഷേധം മാത്രമായി ഒരായുസു കളയണോ?, ജസ്റ്റ് ഫോറെ ചേഞ്ച്] നിങ്ങളെല്ലാവരും സമയത്താപ്പീസില്‍ വരണം സാര്‍.

    കാശിന്റെ കാര്യം മാത്രം ഒന്നും പറഞ്ഞില്ലല്ലോ സാര്‍? ഇപ്പൊത്തന്നെ മേടിക്കുന്നതു കൂടുതലാ എന്നുതോന്നുണ്ടാവും അല്ലെ? [മനസില്‍ കുറ്റബോധം തോന്നിത്തുടങ്ങുമ്പോള്‍..] ശമ്പളക്കമ്മീഷന്‍ എന്തേ പട്ടികയില്‍ അവസാനം!
    6. ആറാം ശമ്പള പരിഷ്കരണ കമ്മിറ്റി ശുപാര്‍ശകള്‍ പലതും ജീവനക്കാര്‍ക്ക് എതിരാണ്. അവ മാറ്റണം. പക്ഷേ ഈ കമ്മീഷന്‍ പറഞ്ഞ തുട്ട് കിട്ടിത്തുടങ്ങിയാല്‍പ്പിന്നെ സമരത്തിന്റെ രൂപം മാറും ഭാവം മാറും. പിന്നെയോ, ഏഴാം ശമ്പള പരിഷ്കരണ കമ്മീഷന്‍ രൂപീകരിക്കുക. അതു കഴിഞ്ഞാലോ, ഏഴാം ശമ്പള പരിഷ്കരണ കമ്മീഷന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുക.. അതും കഴിഞ്ഞാലോ, ഏഴാം ശമ്പള പരിഷ്കരണ കമ്മിറ്റി ശുപാര്‍ശകള്‍ പലതും ജീവനക്കാര്‍ക്ക് എതിരാണ്. അവ മാറ്റണം. മുദ്രാവാക്യങ്ങള്‍ ഒന്നും മായ്ച്ച് കളയരതു സാര്‍, പലതിനും തിരുത്തുപോലും വേണ്ടി വരില്ല.

    ഞങ്ങള്ക്ക് വേണ്ടി മാത്രമല്ല.. നിങ്ങള്‍ക്കും കൂടെ വേണ്ടി.. കൊഞ്ഞനം കുത്താതെ സാര്‍.

    ReplyDelete
  4. ഒരു സര്‍കാര്‍ ജോലി കിട്ടിയിട്ട് വേണം ഒന്നു പണിമുടക്കാന്‍. ഒന്നലോചികുമ്പോള്‍ ഈ പണിമുടക്ക്‌ ജനത്തിന് ലാഭമാണ്, ഉദ്യോഗസ്ഥ പടയുടെ ഒരു ദിവസത്തെ ശമ്പളം, പിന്നെ സര്‍കാര്‍ ഓഫീസുകളില്‍ കറങ്ങുന്ന ഫാനുകള്‍, എരിയുന്ന വിളക്കുകള്‍ എന്നിവയുടെ വ്യ്ത്യുതി ചാര്‍ജ് എന്നീ ഇനങ്ങളില്‍ തന്നെ വന്‍ ലാഭം.

    ReplyDelete
  5. പണിയുണ്ടോ സഖാവേ ഒരു പണിമുടക്കു നടത്താന്‍....

    ReplyDelete
  6. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ - ഒരു വശത്തു് ജീവിക്കാനിറങ്ങിയ രാഷ്ട്രീയക്കാരും, മറു വശത്ത് നേതാജി ചമയാനിറങ്ങിയ സര്‍ക്കാരുദ്യോഗസ്ഥരും - നികുതിപ്പണമടയ്ക്കുന്ന പാവം ജനം ഇനി മടുത്ത് രണ്ടിനും "പണി" തരും..!

    ഉദ്യോഗസ്ഥ പടയുടെ ഒരു ദിവസത്തെ ശമ്പളം - രാം ദാ ചിടിയാ രാം ദാ ഖേത്ത്. ചുഖ്‌‌ലേ ചിടിയേ ഫര്‍ ഫര്‍ പേട്ട്..!

    ReplyDelete
  7. ഇങ്ങനെ നിങ്ങള്‍ നിങ്ങള്‍ എന്ന് ഊന്നിപറയാതെ സുഹൃത്തേ. കാരണം നിങ്ങള്‍ പറയുന്ന ആ "നിങ്ങള്‍ ക്യാറ്റഗറിയില് " ഈ പാവം ഞങ്ങള്‍ പെടില്ല.തൊഴിലാളി ആണോന്ന് ചോദിച്ചാല്‍ അല്ല, മുതലാളി (?) ആണോന്ന് ചോദിച്ചാല്‍ അല്ല. എങ്കിലും വിലക്കയറ്റവും സഹിക്കണം പണിമുടക്കും വഴിമുടക്കും സഹിക്കണം.ആരോട് പറയും? അല്ല, പറയു,ഞങ്ങള്‍ ആരോട് പറയും?

    പ്രവാസിയായിരുന്ന എന്റെ സഹോദരന്‍ ഇവിടം വിട്ടു നാട്ടില്‍ പോയ് എന്തെങ്കിലും സ്വന്തമായി തുടങ്ങണം എന്ന് പറഞ്ഞു നാട്ടില്‍ ചെന്നു,കുറച്ചു നാള്‍ എന്ത് ചെയ്യണം എന്ന ആലോചന. അവസാനം തിരിച്ചു പോന്നു. ഒറീസ്സയില് നിന്നുള്ള തൊഴിലാളിയെ കേരളത്തില്‍ പണിയിക്കണമെന്കിലും കേരളത്തിലെ തൊഴിലാളിക്ക്( അതോ തൊഴില്‍ മുതലാളിയോ?) കൂലി കൊടുക്കണം. (ഇന്ത്യ ഈസ് മൈ കണ്‍ട്രി?ഒറീസ്സയിലെ തൊഴിലാളിയും തൊഴിലാളി തന്നല്ലേ ?)

    തൊഴിലാളി ക്ഷേമം ഉണ്ടാവേണ്ടത് മറ്റുള്ളവരെ പിഴിഞ്ഞല്ല.വെറും മൂന്നു പറ നെല്‍പാടം ഒന്നു വിതച്ചു കൊയ്തെടുക്കാനുള്ള കഷ്ടപ്പാട്.തൊഴിലാളികളെ പണിമുടക്കൂ എന്നതിന് പകരം "പണിയെടുക്കൂ. അവകാശങ്ങള്ക്കായി" (നക്കാപിച്ച തൊഴിലില്ലായ്മ വേതനത്തേക്കാള് മെച്ചം സ്ഥിരം ജോലി ഉറപ്പാക്കല്‍ തന്നല്ലേ. സംഘടനകള്‍ എന്ന് മുന്നിട്ടിറങ്ങും ആ സ്ഥിരം ജോലി ഉറപ്പാക്കലിന്)

    i reached here through a comment in "workers forum" which is in my subscription list. njan edathuvirudha alla. pakshe...

    ReplyDelete
  8. അയ്യയ്യയ്യ്യേ... !!!
    പാര്‍ട്ടിയുടെ വാലുകള്‍!

    ReplyDelete
  9. വിചിത്രമായ ലോകം,
    ഒരു കൂട്ടര് പണിമുടക്കുന്നു പോലും.
    അവര്‍ പാര്ടിയുടെ വാലുകളെന്ന്, മറു പക്ഷം.
    ആരുടെ വാലെന്നു പോലും സ്വയം തിരിച്ചറിവില്ലാത്തവര്‍, പാവങ്ങള്.
    എന്തെങ്കിലും ചെയ്യുന്നവരെ കുറ്റം പറയാന് എളുപ്പം. ആളുമുണ്ടാവും.
    സോക്റട്ടീസിനെ വിഷം കൊടുത്തു കൊന്നവര്.
    ഗലീലിയോയെ ചുട്ടുകൊന്നവര്.
    ഗാന്ധിജിയെ വെടിവെച്ചുകൊന്നവര്.
    ഗാന്ധിജി ചെയ്ത തെറ്റ് ബ്രിട്ടീഷ്കാര്‍ക്ക് എതിരെ സമരം ചെയ്ത്.
    ഗാന്ധിജിയെ കൊന്നവരും തെറി വിളിച്ചവരും മുതലെടുത്തവരും മറ്റൊരു കൂട്ടുകച്ചവടത്തിലാണ്.
    ബ്രിട്ടനില്‍ നിന്ന് നാടുകടത്തപ്പെട്ട് അമേരിക്കക്കാരായവരെ തിരിയെ കൊണ്ടുവരുന്ന തിരക്കിലാണവര്‍.
    അവര്ക്ക് എതിരെ സമരം ചെയ്യുന്നവര്‍ എന്തിന്‍റെ വാലാണെങ്കിലും വേണ്ടില്ല.
    ധൈരൈമുള്ളവര്‍. രാജ്യത്തോട് കൂറുള്ളവര്‍.
    പ്രതികരണ ശേഷിയുള്ളവര്‍.
    സഹജീവികളോട് നേരിട്ട് പറയാന്‍ പോലും പേടിച്ച് ബ്ളോഗിലും മേയിലിലും മാത്രം ആത്മാവിഷ്കാരം തേടുന്നവരേക്കാള്‍ ഭേദം.
    ആരുടെ വാലെന്നു പോലും സ്വയം തിരിച്ചറിവില്ലാത്തവരേക്കാള്‍ ഭേദം.

    ReplyDelete
  10. പണി മുടക്കിക്കാനും പൊതുമുതല്‍ തല്ലിതകര്‍ക്കാനും ഒന്നും അത്രയ്ക്ക് ധൈര്യം ഒന്നു വേണ്ട. അതില്‍ രാജ്യസ്നേഹം ഒന്നും അല്ല.അക്രമവാസന മാത്രം മതി

    ഇതാ മാതൃഭൂമി വാര്‍ത്ത‍

    ഇതിപ്പോ പണിമുടക്കോ ബന്ദോ?
    ഇതിങ്ങനെ ഒക്കെ തന്നെയേ വരൂ

    ReplyDelete
  11. പണിമുടക്കുന്നതിനു പകരം ജോലി രാജിവച്ചിരുന്നെങ്കില്‍ നാടുനന്നായേനേ.

    ReplyDelete
  12. ന്യൂഡല്‍ഹി: നേരത്തെയുള്ള വിധിക്കു കടകവിരുദ്ധമായി, ജനാധിപത്യത്തില്‍ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാനുള്ള ന്യായമായ മാര്‍ഗമാണ് ബന്ദെന്ന് സുപ്രിംകോടതി. 1997ല്‍ ഇതിനു വിരുദ്ധമായ നിലപാടാണ് കോടതി എടുത്തത്. ബലപ്രയോഗത്തിലൂടെ കടയടപ്പിക്കുന്നതില്‍ പാര്‍ട്ടികളെ അന്ന് രൂക്ഷമായി കോടതി വിമര്‍ശിച്ചിരുന്നു. ബുധനാഴ്ച പ്രഖ്യാപിച്ച ചെന്നൈ ബന്ദ് നിരോധിക്കണമെന്ന ഹര്‍ജി നിരസിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് പുതിയ നിലപാട് പറഞ്ഞത്.

    ReplyDelete