Monday, July 28, 2008

ഫ്രം ഉലുവക്കഞ്ഞി ത്രൂ നായനാര്‍ ടു സോമനാഥ് ചാറ്റര്‍ജീ..


ഓര്‍മ്മകള്‍ അങ്ങനെയാണല്ലോ.. തീരെ കരുതാതിരിക്കുമ്പോള്‍ കയറി വരും.. ജോലിത്തിരക്കില്‍ ഇരിക്കുമ്പോള്‍, പണ്ടു അമ്മ ഉലുവക്കഞ്ഞി വെച്ചുതന്നിരുന്നത് ഓര്മ വന്നു.. സത്യം പറയട്ടെ, ആ കയ്പാര്‍ന്ന രുചിയുടെ ഉപമയില്ലാത്ത ഓര്മ ഉണര്‍ന്നപ്പോള്‍, ഇന്നു ഉലുവക്കഞ്ഞി കുടിക്കണമെന്നു തോന്നി. വൈകിട്ട് അടുത്തിരുന്ന സുജാതയോട് എങ്ങനെ വെക്കുമെന്ന് ചോദിച്ചു. അവള്‍ വിശദമായി പറഞ്ഞുതന്നു.. അങ്ങനെ ഉലുവക്കഞ്ഞി മനസ്സില്‍ കിടന്നങ്ങനെ വെന്തുതുടങ്ങിയപ്പോള്‍ മനസ്സു നമ്മുടെ നായനാരിലേക്ക് വന്നു.. പഴയ മുഖ്യമന്ത്രി നായനാര്‍ കേരളത്തിന്റെ അവകാശങ്ങളെ പറ്റി നിവേദനം സമര്‍പ്പിക്കുവാന്‍ പോയപ്പോള്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ വെറുതെ സംസാരിച്ചിരുന്നപ്പോള്‍ മന്ത്രിക്കു പ്രമേഹം ഉണ്ടെന്നു നായനാരോട് പറഞ്ഞത്രേ.. അപ്പോള്‍ എല്ലാവര്ക്കും ഉലുവക്കഞ്ഞി ഉപദേശിക്കാറുള്ള നായനാര്‍ മന്ത്രിയോടും പറഞ്ഞു, ഉലുവക്കഞ്ഞി കുടിക്കുവാന്‍..

അടുത്ത ദിവസം പത്രങ്ങളിലൊക്കെ വാര്ത്ത വന്നു.. അവകാശ ചര്‍ച്ചക്കൊടുവില്‍ മന്ത്രിക്കു ഉലുവക്കഞ്ഞി നിര്‍ദേശിച്ച നായനാര്‍ അരുതാത്തതെന്തോ ചെയ്തു എന്ന പോലെ പത്രങ്ങള്‍ എഴുതി.. എല്ലാവര്ക്കും ഒര്മയുണ്ടാവും, നായനാര്‍ അന്ന് കേരളത്തിന്റെ മധ്യവര്‍ഗ സമൂഹത്തില്‍ ഒരു കോമാളിയുടെ ഇമേജ് ആണ് പേറിയിരുന്നത്.. അത് കല്പിച്ചുകൊടുതതാകട്ടെ, നമ്മുടെ മാധ്യമ സമൂഹവും, 'ഗൌരവക്കാരായ' രാഷ്ട്രീയ എതിരാളികളും.. നാട്ടിലെ മധ്യവര്‍ഗ ചര്‍ച്ചകളില്‍ നായനാര്‍ ഒരു ബഫൂണ്‍ ആയി.. ഒരു ഭരണാധികാരി ഒരിക്കലും ചിരിക്കാനും ചിരിപ്പിക്കാനും പാടില്ലെന്ന് ആരൊക്കെയോ വിധിയെഴുതി.. ഒരു യോഗത്തില്‍ നായനാര്‍ അടുത്തിരുന്ന IAS കാരനോട് ചോദിച്ചുപോലും..'അല്ലെടോ?' എന്ന്... പത്രസമൂഹം ആ മനുഷ്യന്റെ മേല്‍ ചാടി വീണു.. കല്ല്യാണ വീടുകളിലും ചായക്കടകളിലും നായനാര്‍ ഒരു പരിഹാസ പാത്രമായി.. സത്യമായും വല്ലാതെ വേദന തോന്നിയിരുന്നു, അന്നൊക്കെ.. പിന്നെ തോന്നി... ഇങ്ങനെ വിമര്ശനം വരുമ്പോള്‍ നായനാര്‍ക്ക് ഈ രീതിയോന്നു മാറ്റിക്കൂടെ? പക്ഷെ, പിന്നീടറിഞ്ഞു, ഒട്ടും കാപട്യമില്ലാതിരുന്ന ആ മനുഷ്യന് ഒന്നും ഒളിച്ചുവെക്കുവാന്‍ കഴിയില്ലായിരുന്നു, എന്ന്.. സ്വന്തം പ്രകൃതം കേരളത്തിലെ ഏറ്റവും ഉയര്ന്ന പദവിയില്‍ ഇരിക്കുമ്പോളും കാത്തു സൂക്ഷിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിനു കാരണം, ആ നിര്‍മലമായ മനസ്സായിരുന്നു എന്ന്.. എല്ലാമറിഞ്ഞിട്ടും അദ്ദേഹത്തെ വേട്ടയാടി.. പക്ഷെ, കുറ്റം പറയരുതല്ലോ, അദ്ദേഹം മരിച്ചപ്പോള്‍ മാധ്യമ സമൂഹം ആഘോഷിച്ചു.. ഇത്ര നല്ല മനുഷ്യന്‍ വേറെ ഇല്ലായിരുന്നു എന്ന മട്ടില്‍ നായനാരെ സ്തുതിവചനങ്ങള്‍ കൊണ്ടു മൂടി.. നിഷ്കളങ്കന്‍, ഒന്നും ഒളിച്ചു വെക്കാന്‍ കഴിയാത്തവന്‍, സത്യസന്ധന്‍, പരോപകാരി, സ്നേഹബന്ധങ്ങള്‍ക്ക്‌ വില കല്പിക്കുന്നവന്‍, നര്‍മത്തിന്റെ മാധുര്യം എപ്പോഴും കൊണ്ടുനടന്നവന്‍, എന്ന് വേണ്ട, ഇവര്‍ എന്തൊക്കെയാണ് പറഞ്ഞത്... പക്ഷെ ഇതൊക്കെ പറയുവാന്‍ നായനാര്‍ മരിക്കേണ്ടി വന്നു.. (പക്ഷെ 'ഇത്തരം' നേതാക്കന്മാര്‍ക്ക് വംശനാശം വരുകയാണെന്ന് അവര്‍ ഒരേ സ്വരത്തില്‍ വിളിച്ചു കൂവി.. കാരണം, അവര്‍ക്കറിയാം, നായനാര്‍ ഇനി അവരെ ഉപദ്രവിക്കില്ല, എന്ന്.. ഇനി ജീവിചിരിക്കുന്നവരെയല്ലേ ഇകഴ്തെണ്ടത്..!)

രാത്രി ടെലിവിഷന്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച : സോമനാഥ് ചാറ്റര്‍ജി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഒരു തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംബന്ധിക്കുകയാണ്.. വെറും സാധാരണക്കാര്‍ മാത്രം പങ്കെടുത്ത ഒരു ചടങ്ങ്.. ബംഗാളിലെ പാവപെട്ട കര്‍ഷകര്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്.. അദ്ദേഹം വന്നിറങ്ങിയപ്പോള്‍ നിരവധി സാധാരണക്കാര്‍ വന്നു ചുവന്ന മാലയിടുന്നു, ഒരു കര്‍ഷകന്‍ അദ്ദേഹത്തെ പിടിച്ചു ചുംബിച്ചു.. ജനങ്ങളുടെ സ്നേഹവായ്പിന്റെ ഒരുപാടു കാഴ്ചകള്‍.. എന്റെ ഓര്മ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ടെലിവിഷന്‍ കാഴ്ചകളിലേക്ക് പോയി.. ബംഗാളിലെ സ്വെചാധിപത്യം.. പാര്‍ലമെന്‍റില്‍ മാത്രമൊതുങ്ങുന്ന സോമനാഥ്-ന്റെ പ്രവര്ത്തന രീതിയില്‍ ജനങ്ങള്ക്ക് അമര്‍ഷമുണ്ടാത്രേ.. തോല്പിക്കപ്പെടുമെന്നുപോലും ചില പത്രങ്ങള്‍ പറഞ്ഞു വെച്ചു.. ഇപ്പോള്‍ കാണിക്കുന്ന പല കാഴ്ചകളും ഇവരുടെ കൈയില്‍ ഉണ്ടായിരുന്നു.. അവര്‍ കാത്തു വെച്ചതാണ് .. ഒന്നുകില്‍ സോമനാഥ് മരിച്ചാല്‍ കാണിക്കുവാന്‍.. അല്ലെങ്കില്‍ ഈ പാര്ടിയില്നിന്നും പുറതാക്കപ്പെടുമ്പോള്‍ കാണിക്കുവാന്‍... എന്തൊരു സ്നേഹമാണ് സോമനാഥ് നോട് ഇപ്പോള്‍.. അസൂയ തോന്നും..

ഉലുവക്കഞ്ഞി ഊതി കുടിക്കുമ്പോള്‍ ഓര്ത്തു.. പാവം നായനാര്‍...

ഗുണപാഠം : ഒരു കമ്മ്യൂണിസ്റ്റ് നല്ലവനാണ്: പക്ഷെ, അവന്‍ മരിച്ച ശേഷം, അല്ലെങ്കില്‍ പാര്‍ടിയില്‍ നിന്നും പുറത്തായ ശേഷം..

1 comments:

  1. ഉലുവക്കഞ്ഞിയെ പറ്റി സെര്‍ച്ചി നോക്കിയിട്ടൊന്നും കണ്ടില്ല -

    ആധികാരികമായിട്ടൊരു ലേഖനം എഴുതിക്കൂടേ? ഉലുവക്കഞ്ഞി എങ്ങിനെയുണ്ടാക്കാം, അതിന്റെ ഗുണമെന്ത്?, ഉലുവക്കഞ്ഞിയുടെ ചിത്രങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്ത്?

    നന്ദി..!

    ReplyDelete