ഒരു ദിവസം ജോലിയൊക്കെ കഴിഞ്ഞു ബാങ്കില്‍ ഇരിക്കുമ്പോള്‍ ഒരു പ്രായമായ ഒരു സാധാരണക്കാരനും പത്തു പതിനെട്ടു വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയും കടന്നുവന്നു.. ഞാന്‍ കാര്യം അന്വേഷിച്ചു.. അയാള്‍ക്ക് അയാളുടെ സേവിങ്ങ്സ് അക്കൌണ്ടില്‍ ഒരു ചെക്ക് ബുക്ക് വേണം.. ഒരു നവ സ്വകാര്യ ബാങ്കില്‍ നിന്നും പാസ്സായ ലോണിനു ഉറപ്പായി കൊടുക്കുവാന്‍ വേണ്ടിയിട്ടാണ് ചെക്കുകള്‍.. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച എന്നോട് അയാള്‍ എല്ലാ കാര്യവും പറഞ്ഞു..
അയാള്‍ ഒരു പെട്ടിക്കട നടത്തുകയാണ്.. ഒരുവിധം ജീവിതം തട്ടിമുട്ടി മുന്‍പോട്ടു പോകുന്നുണ്ട്.. അപ്പോളാണ് അയാള്‍ക്ക് ഒരു ടി വി വാങ്ങണമെന്ന് തോന്നിയത്.. ഒരു ഇലക്ട്രോണിക് ഷോപ്പില്‍ ഈ ആവശ്യത്തിനു പോയപ്പോള്‍ അവര്‍ അയാള്‍ക്ക് മേല്പ്പറഞ്ഞ നവ സ്വകാര്യ ബാങ്കില്‍നിന്നും ഒരു ഗൃഹോപകരണ വായ്പ സംഘടിപ്പിച്ചു കൊടുത്തു.. വെറും ആറു ശതമാനം പലിശയ്ക്കു.. (ഇതിന് മുന്പ് ഞാന്‍ ജോലി ചെയ്യുന്ന സഹകരണ ബാങ്കില്‍ ഈ ആവശ്യത്തിനു സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞു, പന്ത്രണ്ടു ശതമാനം പലിശയാണ് അവരുടെ വായ്പയ്ക്ക്, എന്ന്..) നമ്മുടെ കഥാനായകന്‍ നവസ്വകാര്യ ബാന്കിനു പന്ത്രണ്ടു ചെക്ക് ലീഫുകളും കൊടുത്തു... എല്ലാ മാസവും എന്റെ ബാന്കില്‍ ഇയാള്‍ വന്നു പണമടയ്ക്കും, നമ്മുടെ ന.സ്വ. ബാങ്ക് ആ പണം വലിച്ചു കൊണ്ടു പോകുകയും ചെയ്യും.. ഓരോ മാസവും അയാള്‍ അടച്ച തുക നോക്കിയപ്പോള്‍ ശരിയ്ക്കും ഞെട്ടിപ്പോയി.. ഞങ്ങളുടെ പന്ത്രണ്ടു ശതമാനപ്രകാരം അയാള്‍ അടയ്ക്കെണ്ടിയിരുന്ന തുകയുടെ ഏകദേശം ഇരട്ടി സംഖ്യയാണ് നമ്മുടെ ന.സ്വ. ബാങ്ക് അവരുടെ ആറു ശതമാനം പ്രകാരം ഈടാക്കിയത്.. വല്ലതും പിടി കിട്ടിയോ നാട്ടുകാരെ?
ഇനി അടുത്ത അദ്ധ്യായത്തിലേക്ക് കടക്കാം.. ആ പാവം സാധാരണക്കാരന്‍ വായ്പയെടുത്ത തുക കഷ്ടപ്പെട്ട് അടച്ചുകൊണ്ടിരിക്കുമ്പോള്‍ (വെറും രണ്ടു തവണ മാത്രം ബാക്കിനില്‍പ്പുള്ള സമയത്തു) നമ്മുടെ ന.സ്വ. ബാങ്കില്‍ നിന്നും ഒരു ഇംഗ്ലീഷ് പറയുന്ന പെണ്ണ് (അങ്ങനെയാണ് അയാള്‍ പറഞ്ഞതു) അയ്യാളെ വിളിക്കുന്നു.. എന്നിട്ട് പറയുകയാണ്, നിങ്ങള്‍ എടുത്ത വായ്പ കൃത്യമായി അടയ്ക്കുന്നുണ്ട് എന്നതില്‍ ഞങ്ങളുടെ ബാങ്കിന് സന്തോഷം ഉണ്ട്, നിങ്ങള്‍ ഞങ്ങള്ക്ക് പ്രിയപ്പെട്ട കസ്റ്റമര്‍ ആണ്, അതിനാല്‍ നിങ്ങള്ക്ക് മറ്റൊരു മുപ്പതിനായിരം കൂടി ഞങ്ങള്‍ വായ്പയായി പാസ്സാക്കിയിട്ടുണ്ട്, വെറും മുപ്പത്താറു ചെക്ക് ലീഫുകളും, ഐഡന്റിറ്റി കാര്‍ഡുമായി വന്നാല്‍ മുപ്പതിനായിരവുമായി പോകാം എന്നൊക്കെ... അയാള്‍ ഞെട്ടിപ്പോയി.. ഇങ്ങോട്ട് വിളിച്ച് വായ്പയുണ്ടെന്നു പറയുന്ന തരത്തില്‍ ബാന്കുകളൊക്കെ മാറിപ്പോയോ എന്ന് അയാള്‍ അത്ഭുതം പൂണ്ടു.. ഒന്നു ആലോചിച്ചു മറുപടി പറയാം എന്ന് അയാള്‍ മറുപടി കൊടുത്തു.. അയാള്‍ അയാളുടെ ഭാര്യയോടു ഇക്കാര്യം പറഞ്ഞപ്പോള്‍ ആ സ്ത്രീ അയാളോട് പറഞ്ഞു, നമ്മള്‍ക്ക് ഇപ്പോള്‍ ആവശ്യമൊന്നും ഇല്ലല്ലോ, വേണ്ടെന്നു പറഞ്ഞേക്കൂ എന്ന്... അടുത്ത തവണ ബാങ്കില്‍ നിന്നും വിളിച്ചപ്പോള്‍ വായ്‌പ എടുക്കുവാന്‍ ഉദ്ദേശ്യമില്ല എന്ന് മറുപടി കൊടുത്തു.. അപ്പോള്‍ ഇംഗ്ലീഷ് പറയുന്ന പെണ്ണ് അവരുടെ വായ്പയുടെ ഗുണഗണങ്ങള്‍ പറഞ്ഞു കൊടുത്തു... എന്നാലും വേണ്ട എന്ന് അയാള്‍ പറഞ്ഞു... എന്നിട്ടും നിരവധി തവണ ഇംഗ്ലീഷ് പറയുന്ന പെണ്ണ് വിളിച്ചത്രേ.. എത്ര ഒഴിഞ്ഞു മാറിയിട്ടും അവള്‍ നിര്‍ബന്ധിച്ചുകൊണ്ടെയിരുന്നു.. ഒടുവില്‍ അവള്‍ പറഞ്ഞു, ഈ തുക ലാപ്സായിപ്പോകും, പിന്നെ നിങ്ങള്‍ക്ക് ഈ ബാങ്കില്‍ നിന്നും വായ്പ കിട്ടില്ല എന്ന്.. നല്ല സ്വഭാവമുള്ള ആ പെണ്ണിനോട് മറിച്ച് പറയുവാന്‍ തോന്നാതിരുന്ന ആ നാട്ടിന്പുറത്തുകാര്ന്‍് ഒടുവില്‍ തീരുമാനിച്ചു, തനിക്ക് വേണ്ടെങ്കിലും ആ വായ്പ വാങ്ങാന്‍.. വീടിന്റെ മുന്‍വശം ഒന്നു പുതുക്കി പണിയാം എന്ന് അയാള്‍ ഒരു ആവശ്യവും കണ്ടെത്തി...
വായ്പയുടെ നിബന്ധനകള്‍ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍, അതൊന്നും എനിക്കറിയില്ല എന്ന മറുപടിയാണ് കിട്ടിയത്.. അത്രയും തുക ഞങ്ങളുടെ ബാങ്കില്‍ നിന്നും എടുത്താല്‍ എത്ര തുക പലിശ വരും എന്ന് ഞാന്‍ കുറിച്ചുകൊടുത്തു.. അയാളുടെ കൂടെ ഉള്ള പെണ്‍കുട്ടി പ്ലസ് ടു കൊമേഴ്സിന് പഠിക്കുകയാണെന്നു പറഞ്ഞപ്പോള്‍ അവളെയും കൂട്ടി ബാങ്കില്‍ ഒന്നു ചെന്നു അന്വേഷിച്ച ശേഷം വരുവാന്‍ പറഞ്ഞു, ഞാന്‍...
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ വന്നു പറഞ്ഞു, അയാള്‍ വായ്പ വേണ്ടെന്നു തീരുമാനിച്ചു, എന്ന്.. അയാള്‍ രക്ഷപെട്ടു എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.. അല്പം നൂലാമാലകള്‍ അധികം ഉണ്ടെങ്കിലും സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുക്കുകയാണ് നല്ലതെന്ന് ഞാന്‍ പറഞ്ഞു.
അയാള്‍ സന്തോഷത്തോടെയാണ് ബാങ്കില്‍ നിന്നും പോയത്..
* * * * * * * *
ഈ നവസ്വകാര്യ ബാങ്കുകള്‍ക്ക് ഇന്ത്യയിലെ ഒരു നിയമങ്ങളും ബാധകമല്ലേ ? പൊതുവില്‍ ബാങ്കിംഗ് സംബന്ധമായ നിയമങ്ങളും കീഴ്വഴക്കങ്ങളും പാലിക്കാതെ നടത്തുന്ന ഈ കച്ചവടം നിയന്ത്രിക്കെണ്ടേ? വായ്പ വീട്ടില്‍ കൊണ്ടുവന്നു തരും, പക്ഷെ, കഴുത്തും കൂടെ കൊടുക്കണമെന്ന് മാത്രം.. നിങ്ങള്‍ ഒരു ഉറപ്പും കൊടുക്കേണ്ട.. നിങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ടല്ലോ, അവര്‍ തന്ന പണം പലിശ സഹിതം പിരിപ്പിചിരിക്കും.. ബാങ്കിംഗ് regulation ആക്ടിന്റെ തുടക്കത്തില്‍ തന്നെ പറയുന്നു, ഒരു licensed ബാങ്ക് അവര്‍ക്ക് ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് കമ്മീഷന്‍ കൊടുക്കരുതെന്ന് ... പണമായി മാത്രമല്ല, സമ്മാനങ്ങളായോ സാധനങ്ങളായോ പോലും കമ്മീഷന്‍ കൊടുക്കരുത്.. എന്നിട്ടോ, ഈ ബാന്കുകള്‍ എന്താണ് ചെയ്യുന്നത്? സ്ഥിര നിക്ഷേപം കാന്‍വാസ് ചെയ്യുന്നതിന് പണമായി കമ്മീഷന്‍ കൊടുക്കുന്നു.. ഗുണ്ടകളെ വിട്ട് പണം പിരിക്കുന്നു.. യുവാക്കളെ കൊണ്ടു എല്ലുമുറിയെ പണിയെടുപ്പിക്കുന്നു.. നക്കാപിച്ച ശമ്പളം കൊടുക്കുന്നു... ആവശ്യമില്ലാത്ത വായ്പ നിര്‍ബന്ധിച്ചു എടുപ്പിക്കുന്നു.. അതിന് കൊല്ലുന്ന പലിശ ഈടാക്കുന്നു.. ഇക്കൂട്ടത്തില്‍ ഒരു ബാങ്കിന്റെ കോഴിക്കോടെ ശാഖയില്‍ ദിവസവും വൈകുന്നേരങ്ങളില്‍ തര്‍ക്കവും അടിപിടിയും വരെ നടക്കാറുണ്ടത്രേ..
നമ്മുടെ ഭരണകൂടത്തിന്റെ അരുമാസന്താനങ്ങള്‍ ആണ് ഈ ന.സ്വ.ബാങ്കുകള്‍.. ആരും അവരെ തൊടില്ല...
തികച്ചും അത്യാവശ്യമായ കാര്യങ്ങള്‍ക്കാവും സാധാരണക്കാരായ ആളുകള്‍ ബാങ്കുകളെ സമീപിക്കുക. എന്നാല്‍ നമ്മുടെ ദേശസാത്കൃത ബാങ്കുകളും, താങ്കള്‍ പറഞ്ഞ സഹകരണ ബാങ്കുകളും അവരെ സഹായിക്കാന്‍ തയ്യാറാവില്ല. ഇവിടെ താങ്കള്‍ അവര്‍ക്കു ഇതിന്റെ പലിശയെപ്പറ്റിയും മറ്റുമുള്ള വിശദാംശങ്ങള്‍ നല്‍കി. എന്നാല്‍ എത്രപേര്‍ അങ്ങനെ പ്രവൃത്തിക്കും. സാധാരണ നടക്കുക ഒരു അഞ്ചോപത്തോ കടലാസുകള്‍ എടുത്തുകൊടുക്കും അതെല്ലാം പൂരിപ്പിച്ചുകോണ്ടുവരാന്‍ പറയും. നിരക്ഷരരായ അപേക്ഷ്കരാണെങ്കില്‍ ഇതു തന്നെ അവര്‍ക്കു വലിയ തലവേദനയാണ്. പിന്നെ അതിനു വേണ്ട മറ്റു രേഖകള്‍) എല്ലാം സംഘടിപ്പിച്ചു വരുമ്പോഴേക്കും അപേക്ഷകന്റെ ആവശ്യം കഴിഞ്ഞിരിക്കും. എന്നാല്‍ താങ്കള്‍ പറഞ്ഞ നവ സ്വകര്യ ബാങ്കുകാര്‍ക്കു കുറച്ചു ചെക്ക്‍ലീഫ് ഒരു ID Proof എന്നിവമാത്രം മതി. അത്യാവശ്യക്കരന്റെ ആവശ്യം നടക്കും. ബാക്കി നൂലാമാലകള്‍ പിന്നീടല്ലെ. അതാവണം എല്ലാവരുടേയും മനോഭാവം.
ReplyDelete